മുരളിക്ക് പരാതി എന്നോട് പറയാമായിരുന്നു, ജനം ഐക്യം പ്രതീക്ഷിക്കുന്നുവെന്ന് താരിഖ് അന്‍വര്‍
തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും, കെ മുരളീധരനും തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നു. അതേസമയം കോണ്‍ഗ്രസില്‍ നിന്ന് ഈ സമയം ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് ഐക്യമാണെന്ന് താരിഖ് അന്‍വര്‍ പറഞ്ഞു. നേതാക്കളോടെല്ലാം ഐക്യം വളരെ പ്രധാനപ്പെട്ടതാണെന്ന് അറിയിച്ചിട്ടുണ്ട്. കെ മുരളീധരന്റെ പരാതി കെപിസിസി തന്നെ പരിഹരിക്കട്ടെ, തിരഞ്ഞെടുപ്പില്‍ മത്സരിക്കണോ വേണ്ടേ എന്നൊക്കെയുള്ള കാര്യം മുരളീധരന്‍ തന്നെ തീരുമാനിക്കട്ടെ.
വൈക്കത്തെ പരിപാടി വിവാദമാക്കേണ്ട കാര്യമില്ല. സമയക്കുറവ് കൊണ്ടാണ് എല്ലാവര്‍ക്കും സംസാരിക്കാന്‍ സാധിക്കാതിരുന്നതെന്നും താരിഖ് അന്‍വര്‍ വ്യക്തമാക്കി. ആ പരാതി മുരളീധരന് തന്നോട് പറയാമായിരുന്നു. മുരളിക്കൊപ്പം ആ സമയം താനുണ്ടായിരുന്നല്ലോ എന്നും അദ്ദേഹം ചോദിച്ചു. വൈക്കം സത്യഗ്രഹ വേദിയാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.

പരിപാടിയുടെ വേദിയില്‍ തനിക്ക് സംസാരിക്കാന്‍ അവസരം നിഷേധിച്ചുവെന്നാണ് മുരളീധരന്റെ പരാതി. തന്നെ മനപ്പൂര്‍വം കെ സുധാകരന്‍ അവഗണിച്ചുവെന്നാണ് പരാതി. ഇനി മത്സരിക്കാനില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. സ്വരം നന്നാവുമ്പോള്‍ പാട്ട് നിര്‍ത്താനാണ് തന്റെ തീരുമാനമെന്നും ഇക്കാര്യത്തില്‍ പ്രതികരിച്ച് മുരളീധരന്‍ പറഞ്ഞു. ഇതാണ് പാര്‍ട്ടിക്കുള്ളില്‍ വലിയ വിവാദമായി മാറിയിരിക്കുന്നത്.
അതേസമയം എല്ലാവര്‍ക്കും പ്രസംഗിക്കാനുള്ള പരിമിതിയുണ്ടായിരുന്നുവെന്നും, അതുകൊണ്ട് അവസരം നല്‍കാന്‍ സാധിച്ചില്ലെന്നും കോട്ടയം ഡിസിസി ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. തന്നെ കെപിസിസി നേതൃത്വം അപമാനിക്കുന്നുവെന്ന പരാതിയാണ് മുരളീധരനുള്ളത്. രമേശ് ചെന്നിത്തലയ്ക്കും, എംഎം ഹസനും പ്രസംഗിക്കാന്‍ അവസരം നല്‍കിയിരുന്നുവെന്ന് മുരളീധരന്‍ പറയുന്നു.
പൂക്കാലം വരവായി, ഇതാ അടിച്ചുപൊളിക്കാന്‍ ഡ്രീം ഡെസ്റ്റിനേഷനുകള്‍; കണ്ടിരിക്കാന്‍ ഇതാ കാരണങ്ങള്‍
എഐസിസി പ്രസിഡന്റ് പങ്കെടുത്ത ഒരു പരിപാടിയിലാണ് തനിക്ക് പ്രസംഗിക്കാന്‍ അവസരം നിഷേധിച്ചതെന്ന് മുരളീധരന്‍ ചൂണ്ടിക്കാണിച്ചു. തുടര്‍ച്ചയായി കെപിസിസി നേതൃത്വം തന്നെ അപമാനിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.കെ സുധാകരനെ ലക്ഷ്യമിട്ടുള്ളതാണ് പരാമര്‍ശങ്ങള്‍. മുരളി പക്ഷേ അനാവശ്യമായി പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നാണ് സംസ്ഥാന നേതൃത്വം കരുതുന്നത്.
വീക്ഷണം പത്രം പുറത്തിറക്കിയ സപ്ലിമെന്റിലും തന്റെ പേരില്ലായിരുന്നുവെന്ന കാര്യം മുരളി ചൂണ്ടിക്കാണിക്കുന്നു. അതേസമയം കെസി വേണുഗോപാല്‍ അടക്കമുള്ളവര്‍ക്ക് കേരളത്തിലെ പ്രശ്‌നങ്ങള്‍ ഇവിടെ തന്നെ തീര്‍ക്കട്ടെ എന്ന നിലപാടാണ്. നേരത്തെ ശശി തരൂരും തന്നെ പ്രസംഗിക്കുന്നതില്‍ നിന്ന് തഴഞ്ഞതിലുള്ള അതൃപ്തി അറിയിച്ചിരുന്നു. മറ്റ് പല പ്രമുഖര്‍ക്കും സംസാരിക്കാന്‍ സാധിച്ചിരുന്നില്ലെന്നാണ് സംഘാടകര്‍ വിശദീകരിച്ചിരിക്കുന്നത്.












Click it and Unblock the Notifications