സംസ്ഥാനത്ത് ചൂട് കൂടുന്നു; ആശ്വാസമായി മഴയെത്തും, ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, ഒറ്റപ്പെട്ട ശക്തമായ മഴ
തിരുവനന്തപുരം: കേരളത്തിൽ കനത്ത ചൂട് തുടരുന്നതിനിടെ ആശ്വാസമായി മഴ എത്തുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കേരളത്തിൽ രണ്ട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് കേരളത്തിൽ വീണ്ടും മഴ എത്തുന്നത്. നേരത്തെ ഓണക്കാലത്ത് പല ജില്ലകളിലും ശക്തമായ മഴയാണ് പെയ്തത്. അതിന് ശേഷമാണ് ഇപ്പോൾ വീണ്ടും വരുന്നത്.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം: വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ന് പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അതേസമയം, കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (05/09/2026) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതിനിടെ മഴ കുറഞ്ഞതോടെ സംസ്ഥാനത്ത് പലയിടത്തും ചൂട് കൂടിയിട്ടുണ്ട്. പല ജില്ലകളിലും താപനില 35 ഡിഗ്രി മുതൽ 36 ഡിഗ്രി വരെയാണ് ഇപ്പോഴത്തെ താപനില. സാധാരണയെക്കാള് 4.5°C വരെ കൂടുതലാണിത്. സംസ്ഥാനത്ത് യു വി ഇൻഡക്സും ഉയരുകയാണ്. ഇടുക്കി ജില്ലയിൽ യുവി ഇൻഡക്സ് 11 രേഖപ്പെടുത്തിയിട്ടുണ്ട്.
ഇടുക്കി ജില്ലയിൽ റെഡ് അലേർട്ടിന് സമാന സാഹചര്യമാണ് നിലനിൽക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കൊല്ലം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ടിന് സമാന സാഹചര്യം തുടരുകയാണ്. നേരിട്ട് വെയിലിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് നിർദ്ദേശം. മഴ എത്തുന്നതോടെ ചൂടിന് നേരിയ ശതമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷ.
പ്രത്യേക ജാഗ്രതാ നിർദ്ദേശം
05/09/2026 & 09/06/2026: സോമാലിയ തീരം, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ & തെക്കു പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
06/09/2026 & 07/09/2026: ഒമാൻ തീരം, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, വടക്ക് പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
08/09/2026: സോമാലിയ തീരം, അതിനോട് ചേർന്ന തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, ഒമാൻ തീരം അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ, വടക്ക് പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.


Click it and Unblock the Notifications