എ രാജയ്ക്ക് താത്കാലിക ആശ്വാസം; അയോഗ്യനാക്കിയ വിധിക്ക് സുപ്രീം കോടതിയുടെ ഭാഗിക സ്റ്റേ
ദില്ലി: ദേവികുളം എംഎൽഎ എ രാജയെ അയോഗ്യനാക്കിയ വിധിക്ക് സുപ്രീം കോടതിയുടെ ഭാഗിക സ്റ്റേ. കേസ് ഇനി പരിഗണിക്കുന്ന ജുലൈ വരെയാണ് സ്റ്റേ അനുവദിച്ചത്. രാജയ്ക്ക് നിയമസഭ സമ്മേളനങ്ങളിൽ പങ്കെടുക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം വോട്ട് ചെയ്യാൻ അവകാശമുണ്ടാകില്ല. നിയമസഭ അലവൻസും പ്രതിഫലവും വാങ്ങാനും അവകാശമുണ്ടാകില്ല. ഹർജി അന്തിമ വാദത്തിനായി ജൂൺ 12 ലേക്ക് മാറ്റി.
നേരത്തേ തിരഞ്ഞെടുപ്പ് റദ്ദാക്കിയ വിധിക്ക് ഹൈക്കോടതി 10 ദിവസത്തെ താത്കാലിക സ്റ്റേ അനുവദിച്ചിരുന്നു. പിന്നാലെ സ്റ്റേ നീട്ടി കിട്ടണമെന്ന ആവശ്യവുമായി എ രാജ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ആവശ്യം തള്ളിയിരുന്നു. തുടർന്ന് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ അപ്പീലിലെ പിഴവ് കാരണം സുപ്രീം കോടതി പരിഗണിച്ചിട്ടില്ല.

ഇതോടെ സ്റ്റേ കാലാവധി 10 ദിവസം എന്നത് 20 ദിവസം ആക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും രാജ ഹൈക്കോടതിയിലെത്തി. എന്നാൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയതിനാൽ അപ്പീൽ പരിഗണിക്കാനാകില്ലെന്നായിരുന്നു ഹൈക്കോടതി നിലപാട്. ഇതോടെയാണ് വീണ്ടും രാജ സുപ്രീം കോടതിയിൽ എത്തിയത്.
വ്യാജരേഖ ചമച്ച വ്യക്തിയെ നിയമസഭയിൽ പങ്കെടുക്കാൻ അനുവദിക്കരുതെന്ന് ഡി കുമാറിന്‍റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ സ്റ്റേ നൽകിയില്ലെങ്കിൽ ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന രാജയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം രാജ ക്രിസ്ത്യൻ മതം പിന്തുടരുന്നില്ലെന്ന് എങ്ങനെ തെളിയിക്കാനാകുമെന്നും സുപ്രീം കോടതി ചോദിച്ചു.
യുഡിഎഫ് സ്ഥാനാർത്ഥി ഡി കുമാർ നൽകിയ ഹർജിയിലായിരുന്നു രാജയുടെ തിരഞ്ഞെടുപ്പ് വിജയം നേരത്തേ ഹൈക്കോടതി റദ്ദാക്കിയത്. പട്ടികജാതി-പട്ടിക വർഗ വിഭാത്തിൽ നിന്നുള്ള ആളല്ല രാജ എന്ന വാദം അംഗീകരിച്ചായിരുന്നു ഉത്തരവ്. വ്യാജ ജാതി സർട്ടിഫിക്കറ്റ് നൽകിയാണ് രാജ മത്സരിച്ചതെന്നും ക്രിസ്ത്യൻ മതാചാരത്തിൽ ജീവിക്കുന്ന രാജയ്ക്ക് പട്ടിക ജാതി സംവരണ മണ്ഡലമായ ദേവികുളത്ത് മത്സരിക്കാൻ അർഹത ഇല്ലെന്നായിരുന്നു ഹർജിയിലെ പ്രധാന വാദം.
പരിവർത്തിത ക്രൈസ്തവ വിഭാഗത്തിൽ പെട്ടയാളാണ് എന്നും ഹർജിയിൽ പറഞ്ഞിരുന്നു.നാമനിർദേശ പത്രിക സമർപ്പിക്കുമ്പോള്‍ തന്നെ ഇത്തരം ഒരു ആരോപണം ഉയർന്ന് വന്നിരുന്നെങ്കിലും താന്‍ പിന്നോക്ക വിഭാഗക്കാരനാണെന്ന രേഖ രാജ സമർപ്പിച്ചിരുന്നു. എന്നാല്‍ രാജയുടെ അവകാശവാദം തെറ്റാണെന്ന് തെളിയിക്കുന്ന തെളിവുകളുമായി യു ഡി എഫ് സ്ഥാനാർത്ഥി കോടതിയെ സമീപിക്കുകയായിരുന്നു. താൻ ഹിന്ദുമത വിശ്വാസിയാണെന്നും സംവരണത്തിന് അർഹത ഉണ്ടെന്നുമാണ് രാജയുടെ വാദം.












Click it and Unblock the Notifications