ആർഎസ്എസ്സിൻ്റെ 'പ്രവർത്തനങ്ങൾ' സമഗ്രമായി വിലയിരുത്തും; കീഴ്ഘടകങ്ങൾക്ക് നിർദ്ദേശവുമായി സിപിഎം
തിരുവനന്തപുരം: ആർഎസ്എസിൻ്റെ പ്രവർത്തനങ്ങൾ പ്രാദേശികതലത്തിൽ പരിശോധിക്കാൻ സിപിഎം ഒരുക്കങ്ങൾ തുടങ്ങി. പാർട്ടി ചുമതലയുള്ള ഏരിയ കമ്മിറ്റി അംഗത്തിൻ്റെ സാന്നിധ്യത്തിൽ ബ്രാഞ്ച് തലത്തിൽ പ്രത്യേക യോഗം ചേർന്നാണ് ഇതിനെ കുറിച്ച് പഠിക്കാൻ സിപിഎം തീരുമാനിച്ചിരിക്കുന്നത്. അതേസമയം പാർട്ടി സഖാക്കളിൽ ചില പ്രദേശങ്ങളിൽ ന്യൂനപക്ഷ വിരുദ്ധ മനോഭാവം നിലനിൽക്കുന്നുണ്ടെന്നും ഇത് തിരുത്തി മുന്നോട്ട് പോകാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും കീഴ്ഘടകങ്ങൾക്ക് നിർദ്ദേശമുണ്ട്.
ആർഎസ്എസിൻ്റെ പ്രവർത്തനം ഓരോ പ്രദേശത്തും ജനങ്ങളിലുണ്ടാക്കിയ സ്വാധീനവും ഏതെങ്കിലും കുടുംബത്തിൽ രാഷ്ട്രീയ വ്യതിയാനം സംഭവിച്ചിട്ടുണ്ടോയെന്നതുമാണ് പ്രധാനമായും പരിശോധിക്കുന്നത്. നിശബ്ദമായ പ്രചരണ രീതി അവലംബിച്ച് ഹിന്ദു കുടുംബങ്ങളെ കേന്ദ്രീകരിച്ച് വർഗീയത ആയുധമാക്കിയാണ് ആർഎസ്എസ് പ്രവർത്തിക്കുന്നതെന്നാണ് പാർട്ടി വിലയിരുത്തൽ.

അവശത അനുഭവിക്കുന്ന ചില ഹിന്ദുകുടുംബങ്ങളെ പ്രത്യേകം തിരഞ്ഞെടുത്ത് ആർഎസ്എസ് സഹായധനം ഉൾപ്പെടെ നൽകുന്നുണ്ട്. ഇത് തിരിച്ചറിയാനും സിപിഎമ്മിനൊപ്പം നിൽക്കുന്ന കുടുംബങ്ങളിൽ എന്തെങ്കിലും മനംമാറ്റം സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനുമാണ് പ്രത്യേക യോഗം ചേരേണ്ടതെന്നാണ് നൽകിയിരിക്കുന്ന നിർദ്ദേശം. ഇത്തരം നീക്കങ്ങളെ തിരിച്ചറിഞ്ഞ് ദുർബലപ്പെടുത്താനും പരിശോധിക്കാനും കഴിയണമെന്നും പാർട്ടി പറയുന്നു.

പാർട്ടി അംഗങ്ങളിലും നേതാക്കളിലും പൊതുവേ വർഗീയ വിരുദ്ധ നിലപാട് ശക്തമാണെങ്കിലും അപൂർവം ചില പ്രദേശങ്ങളിൽ ന്യൂനപക്ഷ വിരുദ്ധ മനോഭാവം നിലനിൽക്കുന്നുണ്ടെന്നാണ് സിപിഎം വിലയിരുത്തിയിരിക്കുന്നത്. ഇത് ഗൗരവത്തോടെ പരിശോധിക്കണം. തുടർന്ന്, തിരുത്താനും വേണ്ട അനുബന്ധ നടപടികൾ സ്വീകരിക്കുവാനും ഉപരിഘടകങ്ങൾക്ക് കഴിയണമെന്നും പാർട്ടി നിർദ്ദേശിച്ചിട്ടുണ്ട്.
മുൻപെങ്ങുമില്ലാത്ത വിധത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾ ഇടതുപക്ഷത്തോട് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചേർന്ന് നിന്ന് പ്രവർത്തിച്ചിരുന്നു. അത് പലയിടങ്ങളിലും വോട്ട് വിഹിതം വർധിപ്പിക്കുന്നതിനും വിവിധ മണ്ഡലങ്ങളിൽ വിജയിക്കുന്നതിനും കാരണമാവുകയും ചെയ്തതാണ്. ആ മാറ്റം ഉൾക്കൊണ്ട് പ്രവർത്തിക്കാൻ പാർട്ടി ഘടകങ്ങൾക്ക് കഴിയുന്നുണ്ടോയെന്നും പരിശോധിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

ക്രൈസ്തവ വിഭാഗത്തിലെ സന്യാസി മഠങ്ങൾ , പ്രായമായവരും നിരാലംബരും താമസിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പാർട്ടി അംഗങ്ങൾ സന്ദർശിക്കുന്നതിന് മനസ്സ് കാണിക്കാറില്ല. ഇത് തിരുത്തണം. കമ്മ്യൂണിസ്റ്റ് വിരുദ്ധതയും എൽഡിഎഫിനെതിരായ നിലപാടും രാഷ്ട്രീയ ശത്രുപക്ഷത്തുള്ളവർക്ക് പോലും ഇപ്പോൾ പഴയ രീതിയിലല്ല. ഇത് മുഴുവൻ പ്രവർത്തകരും നേതാക്കളും തിരിച്ചറിയണം. പാർട്ടി അംഗങ്ങളുടെയും സഖാക്കളുടെയും പ്രവർത്തനത്തിലും നല്ല നിലക്ക് മാറ്റമുണ്ടാകണമെന്നും പാർട്ടി നിർദ്ദേശിക്കുന്നു.

പാർട്ടി സഖാക്കൾ ക്രൈസ്തവ മഠങ്ങൾ അടക്കം സന്ദർശിക്കുകയും ഇത്തരക്കാർക്ക് വേണ്ട സഹായങ്ങൾ ചെയ്യാൻ മുന്നിട്ടിറങ്ങുകയും വേണം. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സർക്കാർ ജനാധിപത്യ സർക്കാരാണെന്നും മുഴുവൻ ജനവിഭാഗങ്ങളുടെയും സുസ്ഥിരതയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുന്ന സർക്കാരാണെന്നും ജനങ്ങൾക്കിടയിൽ ബോധ്യപ്പെടുത്തണം. കൂടുതൽ ആളുകളിലേക്കും കുടുംബങ്ങളിലേക്കും പാർട്ടിയുടെ പ്രവർത്തനം വിപുലീകരിക്കുകയും പാർട്ടി നയങ്ങൾ പരമാവധി ജനങ്ങൾക്ക് മുമ്പാകെ വിശദീകരിക്കണമെന്നുമാണ് കീഴ്ഘടകങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

അതേസമയം, തുടർച്ചയായി അധികാരം കിട്ടിയപ്പോൾ പാർട്ടി തന്നെ ഇല്ലാതായിപ്പോയ അനുഭവം ബംഗാളിൽ നിന്ന് കേരളം ഉൾക്കൊള്ളണമെന്നും സിപിഎം നിർദ്ദേശിക്കുന്നു. സർക്കാരിനെ എല്ലാവരുടെയും സർക്കാരാണെന്ന് കണക്കാക്കി വേണം പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ. പാർട്ടി പ്രവർത്തനമെന്നാൽ ദൈനംദിന സർക്കാർ പ്രവർത്തനത്തിൽ ഇടപെടലല്ല. പാർട്ടി സെൽഭരണം എന്ന് പ്രചരണത്തിന് ഇത് ആക്കം കൂട്ടും. ഈ രീതി വേണ്ടെന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നത്.

കർഷകരുടെയും തൊഴിലാളികളുടെയും ജീവിതപ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിന് കഴിഞ്ഞാൽ ഛിദ്രശക്തികൾക്ക് നുഴഞ്ഞുകയറാൻ അവസരമുണ്ടാകില്ല. കഴിഞ്ഞ കാലങ്ങളിലെ ത്യാഗങ്ങളെ മാത്രം ആശ്രയിച്ചു കൊണ്ട് പാർട്ടിക്ക് മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ല. വർത്തമാനകാല പ്രതിസന്ധികളിലും പ്രശ്നങ്ങളിലും ഇടപെട്ട് ജനങ്ങളെ നയിക്കാൻ പ്രാപ്തരാണെന്ന് ബോധ്യപ്പെടുത്തുന്ന അനുഭവങ്ങൾ സൃഷ്ടിക്കാൻ പാർട്ടി അംഗങ്ങൾക്ക് കഴിയണം.

എല്ലാ വിഭാഗം ജനങ്ങൾക്കും നീതി ഉറപ്പാക്കുന്ന പ്രവർത്തനമാണ് സർക്കാർ പിന്തുടരേണ്ടത്. സർക്കാർ പാർട്ടി സഖാക്കളെ മാത്രം പരിഗണിക്കുന്ന ഒന്നായി മാറുന്നത്. അത് മറ്റു ജനവിഭാഗങ്ങളിൽ നിന്ന് പാർട്ടി ഒറ്റപ്പെടുത്തും. നീതിയുക്തമായ പ്രവർത്തനങ്ങളിലൂടെ കൂടുതൽ ജനവിഭാഗങ്ങളിലേക്ക് സിപിഎമ്മിൻ്റെ അടിത്തറ വിപുലപ്പെടുത്തണമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
സിപിഎമ്മിൻ്റെ അടിത്തറ അടിസ്ഥാന ജനവിഭാഗങ്ങളിലാണ്. അവരുടെ ജീവിതത്തെ മുന്നോട്ടു നയിക്കാൻ ഇടതുപക്ഷ സർക്കാരിന് കഴിയുകയെന്നത് പ്രധാനമാണ്. എന്നാൽ മാത്രമേ, ജനങ്ങളുടെ സർക്കാരാണെന്ന ബോധ്യത്തിലേക്ക് പാവപ്പെട്ടവരെ എത്തിക്കാനാകുവെന്നും സിപിഎം റിപ്പോർട്ടിൽ പറയുന്നുണ്ട്.
കീര്‍ത്തിക്കൊപ്പം തൃഷയും കല്യാണിയും സാമന്തയും; ഈവനിംഗ് വൈബ് അടിച്ചുപൊളിച്ച് താര സുന്ദരികള്‍












Click it and Unblock the Notifications