റിവേഴ്‌സ് ഗിയർ ഇടാതെ മന്ത്രി ഗണേഷ് കുമാർ; ഡ്രൈവിംഗ് ടെസ്‌റ്റ് നാളെ മുതൽ, പരിഷ്‌കാരങ്ങൾ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ ശക്തമായ പ്രതിഷേധങ്ങൾ അരങ്ങേറിയിട്ടും, കടുത്ത എതിർപ്പ് നേരിടേണ്ടി വന്നിട്ടും ഡ്രൈവിംഗ് പരിഷ്‌കാരങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടുമായി മന്ത്രി ഗണേഷ് കുമാർ. ഇത് സംബന്ധിച്ച ഗതാഗത മന്ത്രിയുടെ നിലപാടിലേക്ക് വെളിച്ചം വീശുന്ന മോട്ടോർ വാഹന വകുപ്പിന്റെ ഉത്തരവ് ഇന്ന് പുറത്തുവന്നു.
നാളെ മുതൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്‌റ്റ് നടത്താനാണ് തീരുമാനം. ഡ്രൈവിംഗ് ടെസ്‌റ്റിന് തീയതി ലഭിച്ച അപേക്ഷകർ സ്വന്തം വാഹനവുമായി നാളെ മുതൽ എത്തണമെന്നാണ് നിര്‍ദ്ദേശത്തിൽ പറയുന്നത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നത തല യോഗത്തിന് ശേഷമാണ് ഈ നിർദ്ദേശം പുറപ്പെടുവിച്ചത്.

കെഎസ്ആര്‍ടിസിയുടെ സ്ഥലങ്ങൾ നാളെ മുതൽ ഡ്രൈവിംഗ് ടെസ്‌റ്റിന് ഉപയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ പരിഷ്‌കാരങ്ങൾക്ക് എതിരെ നാളെയും പ്രതിഷേധം ഉണ്ടാവാനുള്ള സാധ്യത കൈവിടാത്ത സാഹചര്യത്തിൽ അതിനെ നേരിടാൻ ആവശ്യമായ മുൻകരുതൽ നടപടികൾക്കും നിർദ്ദേശമുണ്ട്.
ആവശ്യമെങ്കിൽ പോലീസ് സുരക്ഷ ഉൾപ്പെടെ ഉറപ്പാക്കാനാണ് തീരുമാനം. പരമാവധി 40 പേരെ മാത്രം പങ്കെടുപ്പിച്ച് ഡ്രൈവിംഗ് ടെസ്‌റ്റ് നടത്താനാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ആദ്യം റോഡ് ടെസ്‌റ്റ്, പിന്നീട് ഗ്രൗണ്ട് ടെസ്‌റ്റ് എന്ന രീതിയാണ് പിന്തുടരേണ്ടതെന്നും ഉദ്യോഗസ്ഥർക്ക് നൽകിയ നിർദ്ദേശത്തിൽ ചൂണ്ടിക്കാണിക്കുന്നു.
സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്‌റ്റ് രീതികൾ പരിഷ്‌കരിക്കുമെന്ന് മന്ത്രിയായി ചുമതല ഏറ്റെടുത്തതിന് പിന്നാലെ തന്നെ ഗണേഷ് വ്യക്തമാക്കിയതാണ്. അതിന്റെ തുടർച്ചയായാണ് ഗണേഷ് പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. എന്നാൽ വലിയ രീതിയിലുള്ള എതിർപ്പുകളാണ് ഇതിന് നേരിടേണ്ടി വന്നത്. എങ്കിലും പിന്മാറാൻ ഒരുക്കമല്ലെന്നാണ് മന്ത്രി വീണ്ടും ആവർത്തിക്കുന്നത്.
വിവിധ കേന്ദ്രങ്ങളിൽ നിന്നുയരുന്ന എതിർപ്പുകളെ ചെവിക്കൊള്ളുന്നില്ലെന്ന് സൂചനയാണ് മന്ത്രി മുന്നോട്ട് വയ്ക്കുന്നത്. കേന്ദ്ര മോട്ടോർ വാഹന നിയമം അനുസരിച്ചുള്ള നിർദ്ദേശങ്ങൾ മാത്രമാണ് മുന്നോട്ടു വച്ചതെന്ന മന്ത്രിയുടെ വിശദീകരണം തന്നെ ഇതിന് ഉദാഹരണമാണ്. നിലവിലെ മാറ്റങ്ങളുമായി മുന്നോട്ടുപോവാൻ ഹൈക്കോടതി അനുമതി നൽകിയതാണെന്നും ഗണേഷ് കുമാർ പറയുന്നു.
അതിനിടെ കേരളത്തിലെ ഡ്രൈവിംഗ് പരിഷ്‌കാരങ്ങളുടെ ചുവടുപിടിച്ച് അന്യസംസ്ഥാന ലൈസൻസുകൾ സംഘടിപ്പിച്ചു നൽകുന്ന ഏജന്റുമാർ വ്യാപകമാവുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ ഏത് സംസ്ഥാനത്തും ലൈസൻസിന് ഒരേ സാധുത ആണെന്നതിനാൽ തന്നെ ഇത്തരം കുറുക്കു വഴികളിലേക്ക് കൂടുതൽ പേർ ചെന്നെത്തുന്നു എന്നാണ് സൂചന.












Click it and Unblock the Notifications