ന്യൂനമർദ്ദം അറബിക്കടലിൽ പ്രവേശിച്ചു; ശക്തമായ മഴയ്ക്ക് സാധ്യത; പുതിയ മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം അറബിക്കടലിൽ പ്രവേശിച്ചു. ഇതിൻ്റെ സ്വാധീനഫലമായി കേരളത്തിൽ നവംബർ 7 വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് എട്ട് ജില്ലകളിലും നാളെ ആറ് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും ജാഗ്രത നിർദേശമുണ്ട്.

ബംഗാൾ ഉൾകടലിൽ രൂപം കൊണ്ട ന്യുനമർദ്ദം നിലവിൽ കോമറിൻ ഭാഗത്താണുള്ളത്. അടുത്ത 12 മണിക്കൂറിനുള്ളിൽ തെക്ക് കിഴക്കൻ അറബികടലിൽ പ്രവേശിക്കും. 24 മണിക്കൂറിനുള്ളിൽ വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഇതിൻ്റെ സ്വാധീനഫലമായി കേരളത്തിൽ നവംബർ ഏഴുവരെ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.

ശക്തമായ മഴയ്ക്ക് സാധ്യതയുള്ള പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ആറ് ജില്ലകളിൽ മഞ്ഞ ജാഗ്രതയും പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് മഴ മുന്നറിയിപ്പുള്ളത്.

ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ടാണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

ലക്ഷദ്വീപ് മുതൽ കർണാടക തീരം വരെ ന്യുനമർദ്ദ പാത്തി രൂപപ്പെട്ടിട്ടുണ്ട്. വരുന്ന 48 മണിക്കൂറിൽ ന്യുന മർദ്ദം തീവ്ര ന്യുനമർദ്ദമാകാനുള്ള സാധ്യത വളരെ കുറവാണെന്നും അറിയിപ്പുണ്ട്. ന്യുനമർദ്ദ സ്വാധീനഫലമായി തെക്കേ ഇന്ത്യക്ക് മുകളിൽ കിഴക്കൻ കാറ്റ് ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നും നിർദ്ദേശമുണ്ട്.
മഴ ശക്തമാകാനുള്ള സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും നിർദ്ദേശിക്കുന്നു. മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും നവംബർ ഏഴുവരെ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.












Click it and Unblock the Notifications