സ്വാതന്ത്ര്യസമരത്തിന്റെ കുത്തക കോണ്‍ഗ്രസിന് മാത്രം അവകാശപ്പെട്ടതല്ല; ചരിത്രം ഓര്‍മിപ്പിച്ച് സിപിഎം
തിരുവനന്തപുരം: സ്വാതന്ത്ര്യസമരത്തിന്റെ കുത്തക കോണ്‍ഗ്രസിനു മാത്രമായി അവകാശപ്പെടാന്‍ കഴിയില്ല എന്ന് സി പി ഐ എം. ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിലാണ് സി പി ഐ എം ഇക്കാര്യം വ്യക്തമാക്കുന്നത്. കോണ്‍ഗ്രസിനോടും അതിന്റെ തന്ത്രങ്ങളോടും അതൃപ്തരായ കമ്മ്യൂണിസ്റ്റുകാരും വ്യത്യസ്ത ധാരയില്‍പെട്ട സോഷ്യലിസ്റ്റുകാരും സ്വാതന്ത്ര്യസമരത്തിനായി ജീവന് ബലിയര്‍പ്പിച്ചിട്ടുണ്ട് എന്ന് സി പി ഐ എം പറഞ്ഞു.
സി പി ഐ എം ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്...
ഇന്ത്യന്‍ സ്വാതന്ത്ര്യസമരം നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ മഹത്തായ ഒരു വീരേതിഹാസമാണ്. എന്നാല്‍ സ്വാതന്ത്ര്യസമരത്തിന്റെ കുത്തക കോണ്‍ഗ്രസിനു മാത്രമായി അവകാശപ്പെടാന്‍ കഴിയില്ല. കോണ്‍ഗ്രസിനോടും അതിന്റെ തന്ത്രങ്ങളോടും അതൃപ്തരായ കമ്മ്യൂണിസ്റ്റുകാരും വ്യത്യസ്ത ധാരയില്‍പെട്ട സോഷ്യലിസ്റ്റുകാരും നിശ്ചയദാര്‍ഢ്യത്തോടെ പോരാടുകയും അവരുടെ ജീവിതം ആ പോരാട്ടത്തിനായി ബലിയര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

രാജ്യത്താകെ നിറഞ്ഞുനിന്ന ദേശസ്നേഹപരമായ പ്രവണതയോട് ഒരുകൂട്ടര്‍ മാത്രം വിട്ടുനിന്നു-അത് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാത്ത ആര്‍എസ്എസ് ആണ്. ആര്‍എസ്എസിന്റെ രണ്ടാം സര്‍സംഘചാലക് ആയ എം എസ് ഗോള്‍വാള്‍ക്കര്‍ 'വിചാരധാര'എന്ന തന്റെ പുസ്തകത്തില്‍ സ്വാതന്ത്ര്യ സമരത്തെ 'അതിര്‍ത്തി ദേശീയത' എന്നുവിളിച്ച് അധിക്ഷേപിച്ചുകൊണ്ട് പറഞ്ഞത്, 'നമ്മുടെ യഥാര്‍ഥ ഹിന്ദു ദേശീയതയുടെ പോസിറ്റീവും പ്രചോദനാത്മകവുമായ ഉള്ളടക്കത്തെ നമുക്ക് നഷ്ടപ്പെടുത്തുകയും സ്വാതന്ത്ര്യത്തിനായുള്ള പ്രക്ഷോഭങ്ങളെയും ഫലത്തില്‍ ബ്രിട്ടീഷ് വിരുദ്ധമാക്കുകയും ചെയ്തു' എന്നാണ്.

ഈ ധാരണയോടുകൂടി 1925ല്‍ രൂപീകരിക്കപ്പെട്ട ആര്‍എസ്എസ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍നിന്നു വിട്ടുനിന്നു; മാത്രമല്ല സ്വാതന്ത്ര്യസമര പോരാളികളെ ചതിക്കാന്പോലും അവര്‍ തയാറായി. ആര്‍എസ്എസ് പ്രസിദ്ധീകരിച്ച കെബി ഹെഡ്ഗേവാറിന്റെ ജീവചരിത്രത്തില്‍ '1930ല്‍ ഗാന്ധി ഉപ്പുസത്യാഗ്രഹം ആരംഭിച്ചപ്പോള്‍, സത്യാഗ്രഹത്തില്‍ സംഘ് പങ്കെടുക്കരുതെന്ന് എല്ലായിടവും അറിയിപ്പുനല്‍കി' എന്ന് വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. ഹെഡ്ഗേവാറും സത്യാഗ്രഹത്തില്‍ പങ്കെടുക്കണമെന്ന് ആഗ്രഹിച്ചിരുന്ന ഒരു ഡോക്ടറും തമ്മിലുള്ള സംഭാഷണം ഗോള്‍വാള്‍ക്കര്‍ ഉദ്ധരിക്കുന്നുണ്ട്.

സത്യാഗ്രഹത്തില്‍ പങ്കെടുക്കുന്നതില്‍നിന്നും ഹെഡ്ഗേവാര്‍ തന്നെ പിന്തിരിപ്പിച്ചതായി അതില്‍ അദ്ദേഹം പറയുന്നു. ക്വിറ്റ് ഇന്ത്യ സമരകാലത്തും ഇങ്ങനെയായിരുന്നു. ബ്രിട്ടീഷ് ഗവണ്മെന്റ് പുറത്തിറക്കിയ ഒരു ഔദ്യോഗിക കുറിപ്പില്‍ ആര്‍എസ്എസ് നേതാക്കള്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറിയെ കാണുകയും 'സിവിക് ഗാര്‍ഡുകളില്‍ വലിയതോതില്‍ ചേരുന്നതിന് സംഘാംഗങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും സെക്രട്ടറിക്ക് വാഗ്ദാനം നല്‍കിയതായും' പറയുന്നു.

'ആഭ്യന്തര സുരക്ഷയ്ക്കുള്ള പ്രത്യേക നടപടികള്‍' എന്ന നിലയിലാണ് ബ്രിട്ടീഷ് ഗവണ്മെന്റ് സിവിക് ഗാര്‍ഡുകള്‍ക്ക് രൂപം നല്‍കിയത്. ബ്രിട്ടീഷുകാര്‍ ഈ സഹായം അംഗീകരിച്ചു: 'സംഘ് കണിശമായും നിയമത്തില്‍ത്തന്നെ ഉറച്ചുനില്‍ക്കുന്നു; പ്രത്യേകിച്ച് 1942 ആഗസ്തില്‍ പൊട്ടിപ്പുറപ്പെട്ട കുഴപ്പങ്ങളില്‍നിന്നും കൃത്യമായി പങ്കെടുക്കാതെ വിട്ടുനില്‍ക്കുന്നു. (ഗവണ്മെന്റ് മെമ്മോ, ബോംബെ പ്രസിഡന്‍സി). സവര്‍ക്കറിലൂടെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു എന്ന ആര്‍എസ്എസിന്റെ വാദവും പൊള്ളയാണെന്ന് തെളിഞ്ഞു.

തെളിവുകള്‍ വ്യക്തമായും വെളിവാക്കുന്നതുപോലെ, സവര്‍ക്കര്‍ ആദ്യഘട്ടങ്ങളിലെ സ്വാതന്ത്ര്യസമരത്തിലെ തന്റെ പങ്ക് നിഷേധിക്കുക മാത്രമല്ല തങ്ങള്‍ ഇനിയൊരിക്കലും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുകയില്ല എന്നും ബ്രിട്ടീഷുകാര്‍ക്ക് വാക്കുനല്കി. അദ്ദേഹം തന്റെ വാക്കുപാലിച്ചു. 'ദയാനിധിയായ ബ്രിട്ടീഷ് ഗവണ്മെന്റിന്റെ മുടിയനായ പുത്രനെന്ന്' സ്വയം അവകാശപ്പെട്ടുകൊണ്ട് അദ്ദേഹം ബ്രിട്ടീഷ് ഗവണ്മെന്റിന് ഒരു നീണ്ട കത്തെഴുതി.

'1911ല്‍ ഞാന്‍ അയച്ച ദയാഹര്‍ജിയിലൂടെ കടന്നുപോകാനും അത് ഇന്ത്യ ഗവണ്മെന്റിന് കൈമാറുന്നതിന് അനുമതി നല്‍കാനും അത്രയേറെ നന്മ എന്നോടു പ്രകടിപ്പിക്കാനുമുള്ള ദയവ് ഉണ്ടാകണമെന്നും അവസാനമായി ഞാന്‍ അങ്ങയെ ഓര്‍മിപ്പിക്കുന്നു. അളവറ്റ ഔദാര്യവും ദയാവായ്പും പ്രകടിപ്പിച്ച് എന്നെ മോചിപ്പിക്കുകയാണെങ്കില്‍ ഇംഗ്ലീഷ് ഗവണ്മെന്റിന്റെ വിശ്വസ്തനും ഭരണഘടനാപരമായ പുരോഗതിയുടെ കരുത്തനായ വക്താവും ആയിരിക്കുമെന്നും ഞാന്‍ ഉറപ്പുനല്‍കുന്നു.

സര്‍വോപരി ഭരണഘടനാപരമായ ലൈനിലേക്കുള്ള എന്റെ പരിവര്‍ത്തനം ഇന്ത്യയിലും പുറത്തുമുള്ള എന്റെ ഉപദേശം സ്വീകരിച്ചിരുന്ന തെറ്റിദ്ധരിക്കപ്പെട്ട ചെറുപ്പക്കാരെയെല്ലാം തിരികെ കൊണ്ടുവരുന്നതിനും സഹായകമാകും.' ഇതാണ് ആര്‍എസ്എസിന്റെയും അതിന്റെ പ്രതിരൂപമായ 'മഹാനായവീര' സവര്‍ക്കറുടെയും നിലപാട്. സ്വാതന്ത്ര്യസമരത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ വഹിച്ച പങ്കുമായി ഇതിനെ താരതമ്യംചെയ്താല്‍ നെല്ലും പതിരും എളുപ്പം വേര്‍തിരിക്കാനാകും.

1920ലാണ് കമ്മ്യൂണിസ്റ്റ് പാര്‍ടി രൂപീകരിക്കപ്പെട്ടത്. അന്നുമുതല്‍തന്നെ ബ്രിട്ടീഷുകാര്‍ക്ക്, കമ്മ്യൂണിസ്റ്റുകാരോട് സ്വീകരിക്കേണ്ട നിലപാടിനെപ്പറ്റി നല്ല വ്യക്തതയുണ്ടായിരുന്നു: 'ഇന്ത്യയിലെ കമ്മ്യൂണിസത്തിന്റെ വ്യാപനം, ഏതെങ്കിലുമൊരു പ്രത്യേക കാഴ്ചപ്പാടില്‍നിന്ന് നോക്കിക്കാണേണ്ട പ്രശ്നങ്ങളിലൊന്നല്ല. മുഖാമുഖം നോക്കിക്കാണണം; അങ്ങേയറ്റം കര്‍ക്കശമായി അതിനെതിരെ പൊരുതണം. പാര്‍ടി രൂപീകരിച്ച് ഒരു ദശകത്തിനുള്ളില്‍തന്നെ ബ്രിട്ടീഷുകാര്‍ അതിനെതിരെ മൂന്ന് ഗൂഢാലോചനക്കേസ് ചുമത്തുകയുണ്ടായി-പെഷവാര്‍ ഗൂഢാലോചനക്കേസ് (1922) കാണ്‍പൂര്‍ ഗൂഢാലോചനക്കേസ് (1924), മീററ്റ് ഗൂഢാലോചനക്കേസ് (1920).

തീര്‍ച്ചയായും, ഇവയെല്ലാം കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെയും അതിന്റെ ആശയങ്ങളുടെയും വ്യാപനം തടയുന്നതില്‍ പരാജയപ്പെടുകയാണുണ്ടായത്. സോഷ്യലിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും പ്രചോദനമുള്‍ക്കൊണ്ട ഭഗത് സിംഗ്, ബ്രിട്ടീഷുകാരെ അധികാരത്തില്‍നിന്നു തൂത്തെറിയുന്നതുകൊണ്ടുമാത്രം മതിയാവില്ലെന്ന് മനസ്സിലാക്കി. 'സമൂഹത്തെയാകെ സോഷ്യലിസ്റ്റ് അടിത്തറയില്‍ പരിവര്ത്തിപ്പിക്കുന്നതിനായുള്ള പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനം രാഷ്ട്രീയ വിപ്ലവം ഉടനടി ആരംഭിക്കണം'-അദ്ദേഹം പറഞ്ഞു.

ഭഗത് സിംഗ് വര്‍ഗീയശക്തികളെ തള്ളിപ്പറയുകയും വര്‍ഗ ഐക്യം കെട്ടിപ്പടുക്കുന്നതിന് ജനങ്ങളെ ഉദ്ബോധിപ്പിക്കുകയും ചെയ്തു. 'ജനങ്ങള്‍ പരസ്പരം ഏറ്റുമുട്ടാതിരിക്കുമെന്ന് ഉറപ്പാക്കാന്‍ വര്‍ഗ ഐക്യം അനിവാര്യമാണ്. മുതലാളിത്തത്തിന്റെ യഥാര്‍ഥ ശത്രുക്കളായ ദരിദ്രര്‍, തൊഴിലെടുക്കുന്ന വര്‍ഗം, കര്‍ഷകര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് ഇത് വ്യക്തമാക്കിക്കൊടുക്കേണ്ടതുണ്ട്. ദരിദ്രരായ ജനങ്ങളുടെയെല്ലാം അവകാശങ്ങള്‍ -അവര്‍ ഏതു ജാതിയിലോ നിറത്തിലോ മതത്തിലോ പ്രദേശത്തോ ഉള്ളവര്‍ ആയിക്കൊള്ളട്ടെ- ഒന്നുതന്നെയാണ്.

വര്‍ഗീയതയുടെ വളര്‍ച്ചയ്ക്കും വര്‍ഗീയ കലാപങ്ങള്‍ക്കും പിന്നില്‍ സാമ്പത്തികാടിത്തറയാണെന്ന് ഭഗത് സിംഗ് വ്യക്തമായി തിരിച്ചറിഞ്ഞിരുന്നു. 'എല്ലാ കലാപങ്ങള്‍ക്കും ഒരു പ്രതിവിധിയുണ്ടെങ്കില്‍ അത് ഭാരതത്തിന്റെ സാമ്പത്തികപാതയുടെ ദിശാഗതിയില്‍ മാറ്റംവരുത്തുന്നതിലൂടെ മാത്രമെ കൊണ്ടുവരാനാകു. ഗവണ്മെന്റിനെതിരെ ജനങ്ങള്‍ നിരന്തരം പോരാടണം, ഗവണ്മെന്റിനെ മാറ്റുന്നതുവരെ അവര്‍ക്ക് വിശ്രമിക്കാനാവില്ല.' അതേസമയം കമ്മ്യൂണിസ്റ്റ് പാര്‍ടി വാദിച്ചതും ഇതുതന്നെയാണ്. ഭ്രൂണാവസ്ഥയിലുള്ള പാര്‍ടിയുടെ ആദ്യ കരട് പ്രവര്‍ത്തന പരിപാടിയില്‍ ഇങ്ങനെ പ്രസ്താവിച്ചു:

'ബ്രിട്ടീഷ് ഗവണ്മെന്റിന്റെയും, വ്യത്യസ്ത ദേശീയതകളിലും മതവിശ്വാസങ്ങളിലുംപെട്ട അധ്വാനിക്കുന്നവരെ പരസ്പരം തമ്മിലടിപ്പിക്കുകയും അവര്‍ക്കിടയില്‍ പ്രകോപനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന തദ്ദേശീയരായ ചൂഷകരുടെയും തന്ത്രപരമായ പ്രകോപനരീതികളില് വഞ്ചിതരാകാതിരിക്കാന്‍ ഇന്ത്യയിലെ തൊഴിലാളികളോടും കര്‍ഷകരോടും കമ്മ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ ആഹ്വാനം ചെയ്യുന്നു'. അയിത്തക്കാര്‍ ഉള്‍പ്പെടെയുള്ള എല്ലാ അധ്വാനിക്കുന്നവരോടും ബ്രിട്ടീഷ് ചൂഷകര്‍'ക്കെതിരായ പോരാട്ടത്തില്‍ അണിചേരാനും ഇത്തരം അസംഘടിതത്വം അനുവദിക്കരുതെന്നും പാര്‍ടി ആഹ്വാനം ചെയ്തു.

ഈ വേദി ലിംഗം, മതം, വംശം എന്നിങ്ങനെ വേര്‍തിരിവില്ലാതെ എല്ലാ പൗരര്‍ക്കും പൂര്‍ണ തുല്യതയ്ക്കുവേണ്ടിയും ഭരണകൂടത്തില്‍നിന്നു മതത്തെ പൂര്‍ണമായും വേര്പെടുത്തുന്നതിനുവേണ്ടിയും നിലകൊള്ളുന്നു'. വിവിധ വര്‍ഗ, ബഹുജനസംഘടനകളായ എഐടിയുസി, എഐകെഎസ്, എഐഎസ്എഫ്, പിഡബ്ല്യുഎ എന്നിവ രൂപീകരിക്കുന്നതിലും അവയെ ശക്തിപ്പെടുത്തുന്നതിലും കമ്മ്യൂണിസ്റ്റ് പാര്‍ടി സജീവമായ പങ്കുവഹിക്കുകയും ഈ വേദികളിലൂടെ ജനങ്ങളെ സംഘടിപ്പിക്കുകയും ചെയ്തു.

ഈ വിവിധ വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയും ഉശിരന്‍ പോരാട്ടങ്ങള്‍ക്ക് പാര്‍ടി നേതൃത്വം നല്‍കുകയും ചെയ്തു. കൊളോണിയല്‍വാഴ്ച അവസാനിപ്പിക്കണമെന്ന ആവശ്യത്തിനുപുറമെ സംഘടിക്കാനും സമരംചെയ്യാനുമുള്ള ജനാധിപത്യപരമായ അവകാശങ്ങള്‍ വിപുലീകരിക്കുന്നതിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ടി യഥാര്‍ഥ ജനാധിപത്യം ആവശ്യപ്പെടുകയായിരുന്നു. എട്ടുമണിക്കൂര്‍ ജോലി, സ്ത്രീക്കും പുരുഷനും തുല്യാവകാശം, തുല്യവേതനം, സൗജന്യ വിദ്യാഭ്യാസം എന്നിവയ്ക്കുവേണ്ടിയും അയിത്തം, ഭൂപ്രഭുത്വം, ഫ്യൂഡല്‍ കുത്തകാവകാശങ്ങള്‍, ചൂഷണം തുടങ്ങിയവ ഇല്ലാതാക്കുന്നതിനുമുള്ള ആവശ്യം ഉന്നയിച്ചു.

ഈ ആവശ്യങ്ങള്‍ ഉന്നയിച്ചതിലൂടെയും ഈ ആവശ്യങ്ങളിന്മേല് ജനങ്ങളെ അണിനിരത്തിയതിലൂടെയും ജനങ്ങളുടെ ആവേശത്തിനും സ്വാതന്ത്ര്യസമരത്തിലെ പങ്കാളിത്തത്തിനും അവര്‍ മൂര്‍ത്ത രൂപം നല്കി.
കൊളോണിയല്‍ വിരുദ്ധ പോരാട്ടത്തിലെ കമ്മ്യൂണിസ്റ്റുകാരുടെ പങ്കാളിത്തം, പാര്‍ടിയുടെ ആദ്യ കോണ്‍ഗ്രസിലേക്കുള്ള പ്രതിനിധികളുടെ ഘടനയില്‍ പ്രതിഫലിക്കുന്നുണ്ട്. 70 ശതമാനം പ്രതിനിധികളും സ്വാതന്ത്ര്യസമര പോരാട്ടങ്ങളുമായി ബന്ധപ്പെട്ട് ഒന്നോ അതിലധികമോ തവണ ജയില്‍ശിക്ഷ അനുഭവിച്ചവരാണ്. എല്ലാവരുംകൂടി ആകെ 411 വര്‍ഷം ജയിലില്‍ കഴിഞ്ഞു.

അവരുടെ ജീവിതത്തിന്റെ പകുതിയോളം കാലമാണ് അവര്‍ ജയിലില്‍ കഴിഞ്ഞത്. 53 ശതമാനം പേര്‍ക്കും ഒളിവില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവം ഉണ്ടായിരുന്നു. ഇവരെല്ലാംകൂടി മൊത്തം 54 വര്‍ഷമാണ് ഒളിവില്‍ പ്രവര്‍ത്തിച്ചത്. ഹിന്ദു-മുസ്ലീം വര്‍ഗീയവാദികള്‍ ഇന്ത്യ, രണ്ട് രാഷ്ട്രങ്ങളാല്‍ നിര്‍മിക്കപ്പെട്ടതാണെന്ന് കണക്കാക്കി; അത് ജനങ്ങളെ മതപരമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഹിന്ദുക്കളെന്നും മുസ്ലീങ്ങളെന്നും വിഭജിച്ചുകൊണ്ടാണെന്ന് അവര്‍ വാദിച്ചു. ഇക്കാരണത്താലാണ് സവര്‍ക്കറും ജിന്നയും അന്യോന്യം വാദിച്ച ദ്വിരാഷ്ട്ര സിദ്ധാന്തത്തില്‍ അവര്‍ ഒരു പ്രശ്നവും കാണാതിരുന്നതും ഹിന്ദു മഹാസഭയുടെ നേതാക്കള്‍ മുസ്ലീംലീഗ് ഗവണ്മെന്റുകളില് പങ്കാളികളാവുകയും ചെയ്തത്.

കമ്യൂണിസ്റ്റു പാര്‍ടി ഈ രണ്ടു വര്‍ഗീയ ശക്തികളെയും ശക്തമായി എതിര്‍ക്കുകയും കൊളോണിയല്‍ ഭരണത്തിനെതിരായ പോരാട്ടത്തില്‍ ജനങ്ങളെ അണിനിരത്തി അവരെ ഒന്നിപ്പിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു. വ്യത്യസ്ത ദേശീയതകള്‍, വംശങ്ങള്‍, മതപരമായ ഗ്രൂപ്പുകള്‍, ജാതികള്‍ എന്നിവയുടെ അസ്തിത്വം തിരിച്ചറിയുകയും എല്ലാ വിഭാഗങ്ങളും തമ്മിലുള്ള ഒത്തൊരുമയോടുകൂടിയ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിനായി പ്രവര്‍ത്തിക്കുകയും ചെയ്തു. ഇന്ത്യ ഒരു ബഹുദേശീയ രാഷ്ട്രമാണെന്നും എല്ലാ ദേശീയതകളുടെയും സ്വതന്ത്രമായ വികാസത്തിന്റേതായ ഒരു വ്യവസ്ഥയിന്‍കീഴില്‍ മാത്രമെ ഇന്ത്യയുടെ ഐക്യം നിലനിര്‍ത്താനാവൂ എന്നും ജനങ്ങള്‍ക്കിടയില്‍ കാമ്പെയ്ന് നടത്തുകവഴി ഇന്ത്യന്‍ രാഷ്ട്രീയത്തിന് കമ്മ്യൂണിസ്റ്റ് പാര്‍ടി അമൂല്യമായ സംഭാവനകളാണ് നല്‍കിയത്.

ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരെയും ജനാധിപത്യത്തിനുവേണ്ടിയുമുള്ള പോരാട്ടത്തിന്റെ ഭാഗമെന്ന നിലയില്‍, ഇന്ത്യയിലെ ദേശീയതകളുടെ പ്രശ്നങ്ങളെ കമ്മ്യൂണിസ്റ്റുകാര്‍ പരിശോധിച്ചു. എല്ലായ്പ്പോഴും തൊഴിലെടുക്കുന്ന ജനതയുടെ താല്പര്യങ്ങള് ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും യഥാര്‍ഥ ജനാധിപത്യത്തിന്റെ പതാക ഉയര്‍ത്തിക്കൊണ്ടും എല്ലാ ബഹുജനമുന്നേറ്റങ്ങളിലും സ്വയം ഇഴുകിച്ചേര്ന്നുകൊണ്ടുമാണ് കമ്മ്യൂണിസ്റ്റ് പാര്‍ടി ജനങ്ങളെ സമീപിച്ചത്.

കര്‍ഷകരുടെയും തൊഴിലാളികളുടെയും പോരാട്ടത്തിലും ഹിന്ദു-മുസ്ലീം ഐക്യം കെട്ടിപ്പടുക്കുന്നതിലും അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കിടയിലെ വിവിധ ജാതികള്‍ക്കിടയില്‍ ഐക്യം ഊട്ടിയുറപ്പിക്കുന്നതിലും കമ്മ്യൂണിസ്റ്റ് പാര്‍ടി ആഴത്തില്‍ മുഴുകിയപ്പോള്‍ വര്‍ഗീയശക്തികള്‍ സാമ്രാജ്യത്വവുമായി വിട്ടുവീഴ്ചചെയ്യുകയും ജനങ്ങളുടെ പോരാട്ടങ്ങളെ തകര്‍ക്കുകയും ചെയ്യുന്ന പാതയിലായിരുന്നു. ഈ പാത വര്‍ഗീയമായ കൂട്ടക്കുരുതിയിലേക്കും രാജ്യത്തിന്റെ വിഭജനത്തിലേക്കും നയിച്ചു. വിഭജനാനന്തരം, പഞ്ചാബിലും ബംഗാളിലും കലാപങ്ങളുണ്ടായപ്പോള്‍ കൊലയാളികളായ കലാപകാരികളുടെ കയ്യില്‍നിന്നും ജനങ്ങളെ രക്ഷിക്കുന്നതില്‍ പാര്‍ടി അംഗങ്ങള്‍ അനിതരസാധാരണമായ ധീരതയാണ് പ്രകടിപ്പിച്ചത്.

കലാപങ്ങളെ ചെറുക്കാന്‍ അവര്‍ ധീരോചിതമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.
വര്‍ഗീയശക്തികള്‍ രാജ്യത്തെ വിഭജിക്കുന്ന തിരക്കിലായിരുന്നപ്പോള്‍, കമ്മ്യൂണിസ്റ്റുകാര്‍ ഐക്യത്തിനായി നിലകൊണ്ടു. വര്‍ഗീയശക്തികള്‍ ദേശീയപതാകയേയും ഭരണഘടനയെയും അവഹേളിക്കുകയും ഇന്ത്യന്‍ നിയമവ്യവസ്ഥയായി മനുസ്മൃതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ ജന്മിത്വം ഇല്ലാതാക്കുന്നതിനും സ്ത്രീ-പുരുഷ സമത്വം സ്ഥാപിക്കുന്നതിനും ജാതിവിവേചനം ഇല്ലാതാക്കുന്നതിനും മതം, മതവിശ്വാസം, വംശങ്ങള്‍, ദേശീയത ഇവയൊന്നും പരിഗണിക്കാതെ എല്ലാവരുടെയും സമത്വത്തിനുംവേണ്ടി പോരാടുകയായിരുന്നു.

വര്‍ഗീയശക്തികള്‍ ഹിറ്റ്ലറെയും മുസോളിനിയെയുംപോലുള്ള സ്വേച്ഛാധിപതികളെ വാഴ്ത്തുമ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ ജനാധിപത്യാവകാശങ്ങളുടെ വിപുലീകരണത്തിനായും തൊഴിലാളികള്‍, കര്‍ഷകര്‍, മറ്റ് അധ്വാനിക്കുന്ന വിഭാഗങ്ങള്‍ എന്നിവരുടെ അവകാശങ്ങള്‍ ഉള്‍പ്പെടുത്തുകവഴി ഇന്ത്യന്‍ ഭരണഘടന ശക്തിപ്പെടുത്തുന്നതിനായും പ്രവര്‍ത്തിക്കുകയായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ കമ്മ്യൂണിസ്റ്റുകാര്‍ നമ്മുടെ രാജ്യത്തിന്റെ ക്ഷേമത്തിനും ഐക്യത്തിനും വേണ്ടി ജീവന് ബലിയര്‍പ്പിച്ച യഥാര്‍ഥ ദേശസ്നേഹികളായിരുന്നെങ്കില് വര്‍ഗീയശക്തികള്‍ രാജ്യത്തെ വെട്ടിമുറിച്ച് ഒരു ഭൂരിപക്ഷ, ഏകാധിപത്യ, സ്വേച്ഛാധിപത്യ രാഷ്ട്രമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്ന ദേശവിരുദ്ധര്‍ ആയിരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ കാഴ്ചപ്പാടാണ് നമ്മുടെ രാജ്യത്തിന്റെ യഥാര്‍ഥ പുരോഗതിക്കായുള്ള ദിശാസൂചി; അല്ലാതെ പിന്തിരിപ്പന് വര്‍ഗീയ ശക്തികളല്ല
ട്രോളന്മാരെ...പ്ലീസ് സ്റ്റെപ് ബാക്ക്...; കിടിലന്‍ ആറ്റിറ്റിയൂഡ് ചിത്രങ്ങളുമായി ഗായത്രി, വൈറല്‍
-
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
എസ്ഡിപിഐ പിന്തുണ വിനയാകുമോ? വെട്ടിലായി ഇടത്-വലത് മുന്നണികൾ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ












Click it and Unblock the Notifications