കാലവർഷം ദുർബലമാകുന്നു; ഇന്ന് മൂന്ന് ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്, എങ്കിലും സംസ്ഥാനത്ത് മഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു. ഇതോടെ മഴ കുറയുന്ന ലക്ഷണമാണ് നിലവിലുള്ളത്. ഇന്ന് മൂന്ന് ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. നാളെ കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് ഉണ്ടായിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
ബംഗാൾ ഉൾക്കടലിലെ ന്യൂന മർദ്ദം ഒഡിഷ പശ്ചിമ ബംഗാൾ തീരത്തിന് മുകളിൽ ദുർബലമായതാണ് കേരളത്തിൽ മഴയുടെ ശക്തി കുറയാൻ ഇടയാക്കിയത്. എന്നാൽ വടക്ക്-കിഴക്കൻ അറബിക്കടലിലെ ചക്രവാതചുഴിയും തെക്കൻ മഹാരാഷ്ട്ര തീരം മുതൽ മധ്യ കേരള തീരം വരെ ശക്തികുറഞ്ഞ ന്യൂന മർദ്ദ പാത്തിയും സ്ഥിതിചെയ്യുനുണ്ട്.

അതുകൊണ്ട് തന്നെ കേരളത്തിൽ എല്ലാ ജില്ലകളിലും ഇടത്തരമോ മിതമായതോ ആയ മഴ തുടരാൻ സാധ്യതയുണ്ട്. കേരളത്തിൽ വീണ്ടും ജൂലൈ രണ്ടാം വാരത്തോടെ കാലവർഷം ശക്തിപ്രാപിക്കാനാണ് സാധ്യത. ബംഗാൾ ഉൾകടലിൽ രൂപപ്പെടുന്ന ചക്രവാതചുഴിയുടെയും ന്യൂനമർദ്ദത്തിന്റെയും സ്ഥാനവും ശക്തിയും ഗതിയും അനുസരിച്ച് കാലവർഷത്തിൽ പെയ്യുന്ന മഴയുടെ തോതും വ്യത്യാസപ്പെട്ടേക്കാം.
അതേസമയം, ഇന്ന് ഉയർന്ന തിരമാല ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കേരള തീരത്തും, തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രമാണ് അറിയിച്ചത്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.
അതിനിടെ കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത മഴ സംസ്ഥാനത്ത് വ്യാപക നാശനഷ്‌ടമാണ് ഉണ്ടാക്കിയത്. വിവിധ ജില്ലകളിൽ തകർത്തു പെയ്‌ത മഴയിൽ റോഡുകളും പാലങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ വെള്ളത്തിനിടയിലായി. പല താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും വ്യാപകമായി കൃഷിനാശം റിപ്പോർട്ട് ചെയ്യുകയും ചെയ്‌തിട്ടുണ്ട്.
മഴ കനത്തതോടെ വിവിധ മേഖലകളിലെ ഡാമുകളുടെ ഷട്ടറുകൾ തുറന്നതും ജലനിരപ്പ് ഉയരാൻ കാരണമായി. എങ്കിലും കഴിഞ്ഞ രണ്ട് ദിവസമായി നേരിയ ആശ്വാസമുണ്ട്. പലയിടത്തും മഴയുടെ ശക്തി കുറഞ്ഞതാണ് കാരണം. മഴ മുന്നറിയിപ്പുകളും അതിന് അനുസരിച്ച് മാറിയിട്ടുണ്ട്. എന്നാൽ ഇടത്തരമോ മിതമായോ ഉള്ള മഴ കേരളത്തിൽ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നത്.












Click it and Unblock the Notifications