'ചുരുക്കം ചിലരോട് മാത്രം തോന്നുന്ന ആദരവ്'; കെ രാധാകൃഷ്‌ണനെ ആശ്ലേഷിച്ച് ദിവ്യ എസ് അയ്യർ, ചിത്രം വൈറൽ
തിരുവനന്തപുരം: മുൻമന്ത്രിയും ആലത്തൂരിൽ നിന്ന് പുതുതായി എംപിയായി തിരഞ്ഞെടുക്കപ്പട്ട സിപിഎം നേതാവുമായ കെ രാധാകൃഷ്‌ണനെ ചേർത്തുപിടിച്ച ദിവ്യ എസ് അയ്യരുടെ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ. കഴിഞ്ഞ ദിവസം പങ്കുവച്ച ഈ ചിത്രത്തിന് പതിനായിരത്തിൽ അധികം ലൈക്കുകളാണ് ലഭിച്ചത്. പിന്നാലെ ഇത് വലിയ രീതിയിൽ ഷെയർ ചെയ്യപ്പെടുകയും ചെയ്‌തു.
കെ രാധാകൃഷ്‌ണൻ എന്ന വ്യക്തിയുടെ ജനസമ്മതി മുൻപ് തന്നെ പലവട്ടം ചർച്ചയായതാണ്. എന്നാൽ ഏറ്റവും ഒടുവിൽ തുറമുഖ വകുപ്പ് ഡയറക്‌ടർ ദിവ്യ എസ് അയ്യർ കഴിഞ്ഞ ദിവസം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പങ്കുവച്ച ചിത്രം അതിനെ ഒന്നുകൂടി അടിവരയിടുകയാണെന്നാണ് കമന്റ് ബോക്‌സിൽ ചിലർ ചൂണ്ടിക്കാണിക്കുന്നത്.

Pic Courtesy: Instagram
ഒപ്പം കേരളീയ സമൂഹത്തിൽ നാളിതുവരെ നിലനിന്നിരുന്ന ചില കീഴ്വഴക്കങ്ങളുടെ അടിവേരറുക്കലും കൂടിയാണ് ഈ ചിത്രമെന്ന് ചിലർ അഭിപ്രായപ്പെടുന്നു. മുന്ത്രിയായ കെ രാധാകൃഷ്‌ണൻ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തെ ആശ്ലേഷിക്കുന്ന ചിത്രം തന്റെ ഇൻസ്‌റ്റഗ്രാമിലൂടെ ദിവ്യ എസ് അയ്യർ പുറത്തുവിട്ടത്. മുൻപ് പത്തനംതിട്ട കളക്‌ടർ ആയിരുന്ന ദിവ്യ എസ് അയ്യർ മന്ത്രിയെ പച്ചയായ മനുഷ്യനെന്നാണ് വിശേഷിപ്പിച്ചത്.
'ആ ചിത്രം എനിക്ക് അദ്ദേഹത്തോടുള്ള ആദരവ് വിളിച്ചു പറയാൻ വേണ്ടിയുള്ളതാണ്. ചുരുക്കം ചിലരോട് മാത്രം തോന്നുന്ന ആദരവ്' എന്നായിരുന്നു ചിത്രം വൈറലായതിനു പിന്നാലെ ദിവ്യ എസ് അയ്യർ പ്രതികരിച്ചത്. പത്തനംതിട്ട ജില്ലാ കളക്‌ടർ പദവി ഒഴിയേണ്ടിവന്നപ്പോൾ നൽകിയ യാത്ര അയപ്പിനിടെ എടുത്ത ചിത്രമാണ് ദിവ്യ പങ്കുവച്ചത്. ഭർത്താവ് കെഎസ് ശബരീനാഥനും കുടുംബവും ഈ വേളയിൽ ഒപ്പമുണ്ടായിരുന്നു.
ജില്ലാ കളക്‌ടർ ആയിരുന്ന സമയത്ത് പത്തനംതിട്ടയിലെ ആദിവാസി ഊരുകളിൽ ഞാനും മന്ത്രിയും പോയിട്ടുണ്ട്. അവരുടെ ക്ഷേമത്തിനു വേണ്ടി അവരിലൊരാളായി അദ്ദേഹം നിലകൊള്ളുമ്പോൾ എനിക്ക് പലപ്പോഴും ബഹുമാനം തോന്നിയിട്ടുണ്ട്. പാവപ്പെട്ടവരുടെ സങ്കടം കണ്ടാൽ അദ്ദേഹത്തിന് പെട്ടെന്ന് മനസിലാകും. അതനുസരിച്ച് പ്രവർത്തിക്കും. എന്നെപ്പോലെയുള്ളവർക്ക് അത് നൽകുന്ന ഊർജം ചെറുതല്ല; ദിവ്യ പറയുന്നു.
ചിത്രം കണ്ടു ഒരുപാട് പേർ വിളിച്ചിരുന്നുവെന്നാണ് ദിവ്യ എസ് അയ്യർ പറയുന്നത്. ജീവിതത്തിൽ ഒരിക്കലെങ്കിലും ബഹുമാനം കൊണ്ട് കെട്ടിപിടിക്കണം എന്ന് തോന്നിയ മനുഷ്യരെ ഒരു സ്ത്രീ ആയതിനാൽ നിസഹായയതയോടെ നോക്കി നിൽക്കേണ്ടി വന്ന അനേകായിരം സ്ത്രീകൾക്ക് പ്രചോദനമാണ് ദിവ്യ എസ് അയ്യരെന്നാണ് ചിലർ ഈ ചിത്രത്തിന് താഴെ അഭിപ്രായപ്പെട്ടത്.
ഈ പങ്കുവച്ചുകൊണ്ട് പ്രമുഖ എഴുത്തുകാരി ലക്ഷ്‌മി രാജീവ് രേഖപ്പെടുത്തിയതും ഇതേ അഭിപ്രായം തന്നെ. 'സ്ത്രീയാണ് എന്ന പരിമിതിയിൽ മറ്റൊരു മനുഷ്യനെ കെട്ടിപ്പിടിക്കേണ്ട സന്ദർഭങ്ങളിൽ വെറുതെ നോക്കി നിന്നിട്ടുണ്ട്. ഈ നാട്ടിൽ മാത്രം. അവസാനം ബോഗൈൻവില്ല പൂക്കൾക്കരികിൽ അച്ഛനെ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞത് ഓർമ്മ വന്നു. ദിവ്യ എസ് അയ്യർ ഇന്ന് നിങ്ങളെ ചേർത്ത് പിടിക്കാതിരിക്കാൻ ആകുന്നില്ല. സ്നേഹം'.


Click it and Unblock the Notifications