'യേശു ജനിച്ച മണ്ണിൽ സമാധാനം മുങ്ങി മരിക്കുന്നു, ഒരു ജനതയെ ഭൂമുഖത്ത് നിന്ന് ഇല്ലാതാക്കാൻ ശ്രമം'; മുഖ്യമന്ത്രി
വർക്കല: ശിവഗിരി തീർത്ഥാടനത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശിവഗിരി ഉദ്‌ഘാടന വേദിയിൽ നടത്തിയ പ്രസംഗത്തിൽ മുഖ്യമന്ത്രി പലസ്‌തീൻ-ഇസ്രായേൽ സംഘർഷവും പരാമർശിച്ചു. യേശു ജനിച്ച മണ്ണിൽ സമാധാനം മുങ്ങി മരിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ബത്ലഹേമിൽ ഇക്കുറി ക്രിസ്‌തുമസ് ആഘോഷങ്ങൾ ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
'യേശു ക്രിസ്‌തുവിന്റെ ജന്മനാടായ ബത്ലഹേമിൽ ഇക്കുറി ക്രിസ്‌തുമസ് ആഘോഷങ്ങൾ ഉണ്ടായിരുന്നില്ല. നക്ഷത്രങ്ങളോ അലങ്കാര വിളക്കുകളോ കണ്ടില്ല. പുൽക്കൂട് വേണ്ടിടത്ത് തകർന്നടിഞ്ഞ വീടുകളായിരുന്നു. ഉണ്ണിയേശു കിടക്കേണ്ടിടത്ത് പിഞ്ചു കുഞ്ഞുങ്ങളുടെ ചോരപുരണ്ട മൃതദേഹങ്ങളായിരുന്നു. അവർ എങ്ങനെ ക്രിസ്‌തുമസ് ആഘോഷിക്കും' മുഖ്യമന്ത്രി ചോദിച്ചു.

'പലസ്‌തീൻ എന്ന് കേൾക്കുന്ന നിമിഷം മുസ്ലീം വിശ്വാസികളുടെ ചിത്രം മാത്രമാണ് പലരുടെയും മനസ്സിൽ തെളിയുക. എന്നാൽ ആ പലസ്‌തീനിലും ഗാസയിലെ ക്രൈസ്‌തവരുമുണ്ട്, പള്ളികളുമുണ്ട്. ഗുരുസന്ദേശത്തിന്റെ വെളിച്ചം ആ മണ്ണിൽ, ആ മനസുകളിൽ എത്തിയിരുന്നെങ്കിലും അവിടെ ഈ വിധം ചോരപ്പുഴ ഒഴുകുമായിരുന്നില്ല' മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇസ്രായേൽ ആക്രമണം ഏതെങ്കിലും വിഭാഗത്തിന് എതിരെയല്ല. പലസ്‌തീൻ എന്ന നാടിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇങ്ങനെ ഒരു ആഘോഷം. പല സംഘർഷങ്ങളുടെയും അടിസ്ഥാനം വംശീയതയാണ്. ഇത് ഇല്ലാതാകണമെങ്കിൽ ലോകമെങ്ങും ഗുരുവചനം എത്തണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ശ്രീനാരായണ ഗുരുവിന്റെ ഇടപെടലാണ് കേരളത്തെ മനുഷ്യർക്ക് ജീവിക്കാൻ കൊള്ളാവുന്ന ഇടമാക്കി മാറ്റിയതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ഭക്തി ആയാലും വിഭക്തി ആയാലും അതിന് പിന്നിൽ രാഷ്ട്രീയം ഉണ്ടെന്നാണ് വൈക്കം സത്യാഗ്രഹം ഓർമ്മിപ്പിക്കുന്നതിനും അദ്ദേഹം പറഞ്ഞു.
അതേസമയം, ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തിയ ശ്രീ നാരായണധർമ്മ സംഘം ട്രസ്‌റ്റ് അധ്യക്ഷൻ സച്ചിദാനന്ദ സ്വാമികൾ മുഖ്യമന്ത്രിയെ പ്രശംസ കൊണ്ട് മൂടിയിരുന്നു. പിണറായി വിജയൻ ശിവഗിരിയുടെ സ്വന്തം മുഖ്യമന്ത്രിയാണ്. ശ്രീ നാരായണ ഗുരുവിനെ കേരളത്തിന്റെ ഗുരുവായി കണ്ട് ഓരോ പ്രസംഗങ്ങളിലും എടുത്തു പറയുന്നു. ക്ഷേത്രങ്ങളിൽ പൂജാരിമാരായി ഈഴവ വിഭാഗത്തെയും ഈ സർക്കാർ പ്രവേശിപ്പിച്ചു. ഇത് രണ്ടാം വിപ്ലവമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശബരിമല, ഗുരുവായൂർ പോലെയുള്ള പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ മേൽശാന്തിക്കാർ ബ്രാഹ്മണർ മാത്രമാണ്. അത് രാജ്യത്തിന് ഒരിക്കലും ഭൂഷണമല്ല. സവർണ വരേണ്യ വർഗത്തിന്റെ ഈ കുത്തക മാറണം. അതിന് ആവശ്യമായ പ്രവർത്തനങ്ങൾ സര്‍ക്കാരിന്റെ ഭാഗത്ത് ഉണ്ടാകണം. ശ്രീനാരായണ ഗുരു രചിച്ച ദൈവദശകം കേരളത്തിന്റെ ഗാനമായി അംഗീകരിക്കണമെന്നും സച്ചിദാനന്ദ സ്വാമികൾ ആവശ്യപ്പെട്ടു.












Click it and Unblock the Notifications