ഹേമ കമ്മിറ്റി വിളിപ്പിച്ചത് ഡബ്ല്യുസിസിയെ മാത്രം, പേരുകള്‍ പുറത്തുവിടണമെന്ന് ബി ഉണ്ണികൃഷ്ണന്‍
കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചവരുടെ പേരുകള്‍ പുറത്തുവിട്ടില്ലെങ്കില്‍ നിയമ വഴി തേടുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. ഡബ്ല്യുസിസി ഒഴികെയുള്ള സംഘടനകളെയൊന്നും ഹേമാ കമ്മിറ്റി വിളിക്കുകയോ വിവര ശേഖരണം നടത്തുകയോ ചെയ്തില്ലെന്നും ബി ഉണ്ണികൃഷ്ണന്‍ ആരോപിച്ചു.
ചരിത്രത്തിലെ നിര്‍ണായക ഡോക്യുമെന്റാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. ഫെഫ്ക ഈ റിപ്പോര്‍ട്ട് വിശദമായി തന്നെ ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് ഹേമ കമ്മിറ്റി ആളുകളെ കണ്ടത്. നിര്‍മാതാക്കളുടെ സംഘടന, അമ്മ, ഫെഫ്ക അംഗങ്ങള്‍ എന്നിവരെല്ലാം എങ്ങനെയാണ് ഒഴിവാക്കപ്പെട്ടതെന്നും ഉണ്ണികൃഷ്ണന്‍ ചോദിച്ചു.

ഡബ്ല്യുസിസി അംഗങ്ങള്‍ക്ക് ഹേമ കമ്മിറ്റി ചോദ്യപ്പട്ടിക അയച്ചു നല്‍കി. എന്നാല്‍ അമ്മയിലെ സ്ത്രീകള്‍ക്ക് മാത്രം ചോദ്യപ്പട്ടിക കമ്മിറ്റി നല്‍കിയില്ല. ഫെഫ്കയിലെ വിവിധ സംഘടനകളിലെ ജനറല്‍ സെക്രട്ടറിമാരെ ഇതിനായി വിളിക്കുക പോലും ചെയ്തിട്ടില്ല. ട്രേഡ് യൂണിയന്‍ ജനറല്‍ സെക്രട്ടറിമാര്‍ ഫെഫ്കയ്ക്കുണ്ട്. ഇവരെ പോലും കമ്മിറ്റി കണ്ടിട്ടില്ലെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച പേരുകളും, 15 അംഗ പവര്‍ ഗ്രൂപ്പിലെ അംഗങ്ങളുടെ പേരുകളും പുറത്തുവരണം. സാക്ഷികളില്‍ ചിലര്‍ പ്ലാന്‍ ചെയ്തതാണ് 15 അംഗ പവര്‍ ഗ്രൂപ്പും മാഫിയയും. സിനിമയില്‍ ഇത് അസാധ്യമാണ്. പവര്‍ ഗ്രൂപ്പില്‍ ആരൊക്കെയാണ് ഉള്ളത് എന്ന് നിയമപരമായി പുറത്തുവരണമെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
ഓഡിഷന്‍ നടക്കുന്നത് സംഘടനകളുടെ നിയന്ത്രണത്തിലുള്ള കാര്യമാണ്. കാസ്റ്റിങ് കോള്‍ എന്നൊരു പ്രശ്‌നം ഇപ്പോഴില്ല. ലൈംഗിക അതിക്രമം സംബന്ധിച്ച് രണ്ട് പരാതികള്‍ ലഭിച്ചിരുന്നു. അത് പരിഹരിച്ചതാണെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി പറഞ്ഞു. ബൈലോയില്‍ ഭേദഗതി വരുത്തി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ പ്രായപരിധി 35 വയസ്സ് എന്നത് മാറ്റിയിട്ടുണ്ട്. വനിതാ പ്രാതിനിധ്യം ഇരുപത് ശതമാനമാക്കി ഉയര്‍ത്തണമെന്നാണ് ഫെഫ്ക തീരുമാനമെന്നും ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.
ഡബ്ല്യുസിസി അംഗങ്ങളെ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തിയെന്നും, അപ്രഖ്യാപിത വിലക്കുണ്ടെന്നുമുള്ള വാദങ്ങളെ ഉണ്ണികൃഷ്ണന്‍ തള്ളി. ഡബ്ല്യുസിസി അംഗങ്ങളെ ആരും സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടില്ല. നടി പാര്‍വതി തിരുവോത്തിനെ സിനിമയില്‍ നിന്നും വിലക്കിയെന്ന ആരോപണം തെറ്റാണ്. പല പ്രൊജക്ടുകളുമായി സമീപിക്കുമ്പോള്‍ പല കാരണങ്ങളാല്‍ സിനിമ ചെയ്യാന്‍ അവര്‍ തയ്യാറായിട്ടില്ല.
തിരക്കഥ അടക്കം ഇഷ്ടമാകാത്തത് കൊണ്ടായിരിക്കും അവര്‍ ചെയ്യാതെ പോയതെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ആണധികാരത്തെ കുറിച്ചുള്ള ആശങ്ക ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ട്. എല്ലാ ആണുങ്ങളും മോശമല്ല എന്ന് ചേര്‍ത്തിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ ഒരു സംവിധായകനും ഛായാഗ്രഹകനും നന്നായി പെരുമാറി എന്ന് പരാമര്‍ശിച്ചതിന്റെ സാംഗത്യം മനസ്സിലാക്കുന്നില്ലെന്നും ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications