ജോഷിയുടെ വീട്ടിൽ എത്തിയ കള്ളൻ നിസാരക്കാരനല്ല; ബീഹാറിലെ റോബിൻ ഹുഡ്, മോഷണമുതലിൽ നിന്ന് സംഭാവനയും
കൊച്ചി: ഏകദേശം പതിനഞ്ച് വർഷങ്ങൾക്ക് മുൻപ്, കൃത്യമായി പറഞ്ഞാൽ 2009ലാണ് പൃഥ്വിരാജ് സുകുമാരൻ നായകനായ റോബിൻ ഹുഡ് എന്ന മലയാള സിനിമ പുറത്തിറങ്ങിയത്. മലയാളത്തിന്റെ ഹിറ്റ്‌മേക്കർ ജോഷിയായിരുന്നു ചിത്രത്തിന്റെ സംവിധാനം. അതിൽ അച്ഛന്റെ വിയോഗത്തിന് പ്രതികാരം വീട്ടാൻ കള്ളനായി യുവാവിന്റെ കഥയാണ് പറഞ്ഞിരുന്നതെങ്കിൽ വർഷങ്ങൾക്ക് ശേഷം അതേ ജോഷിയുടെ വീട്ടിൽ വൻ മോഷണം നടന്നപ്പോൾ കഥ മറ്റൊന്നായിരുന്നു, രണ്ടിലും സമാനത വച്ചു പുലർത്തുന്നത് റോബിൻ ഹുഡ് എന്ന പേരായിരുന്നു.
കഴിഞ്ഞ ദിവസം സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ വാർത്ത നാടെങ്ങും പറഞ്ഞിരുന്നു. എന്നാൽ അധികം താമസിയാതെ പ്രതിയെ കേരള പോലീസ് വലയിലാക്കുകയും ചെയ്‌തു. ബീഹാർ സ്വദേശിയായ മുഹമ്മദ് ഇർഫാൻ ആയിരുന്നു. സിനിമയെ വെല്ലുന്ന മോഷണ രീതിയുടെ ആശാനായ ഇർഫാൻ അവിടുത്തെ ഒരു പ്രാദേശിക റോബിൻ ഹുഡ് തന്നെയാണ് എന്നതാണ് കൗതുകകരമായ കാര്യം.

13 സംസ്ഥാനങ്ങളിലായി 40ലധികം കവർച്ച കേസുകളിൽ പ്രതിയായ ഇയാൾ തന്റെ നാട്ടിൽ പ്രദേശവാസികളുടെ ആവശ്യങ്ങൾ അറിഞ്ഞ് പണം നൽകിയിരുന്നു എന്നതാണ് പ്രത്യേകത. തന്റെ നാട്ടിലെ സാധാരണക്കാരുടെ ചികിത്സാ ചെലവ്, കല്യാണ ആവശ്യത്തിനുള്ള പണം എന്നിവ ഉൾപ്പെടെ നൽകി സഹായിക്കാൻ സന്നദ്ധനായിരുന്നു ഇയാൾ. ധാരാളം കോൺക്രീറ്റ് റോഡുകൾ ഉൾപ്പെടെ മോഷണ മുതലിൽ നിന്ന് നിർമ്മിച്ചു നൽകുകയും ചെയ്‌തു ഇയാൾ.
എന്നാൽ ശേഷിക്കുന്ന തുകയാവട്ടെ തന്റെ ആഡംബര ജീവിതത്തിനായിരുന്നു ഇർഫാൻ വിനിയോഗിച്ചിരുന്നത്. ബിഹാറിലെ സീതാമർഹി ജില്ലാ പഞ്ചായത്ത് അംഗമാണ് മുഹമ്മദ് ഇർഫാൻ്റെ ഭാര്യ ഗുൽഷൻ പർവീൺ. ജില്ലാ പഞ്ചായത്തിന്റെ ബോർഡ് വച്ച കാറിലാണ് ഇയാൾ കൊച്ചിയിലേക്ക് എത്തിയതെന്നതും ശ്രദ്ധേയമായ കാര്യമാണ്.
മുൻപ് വീട്ടുകാരുടെ കടുത്ത എതിർപ്പിനെ മറികടന്നായിരുന്നു ഇരുവരും വിവാഹം കഴിച്ചത്. പിന്നീട് തുണിക്കട ഉൾപ്പെടെ ആരംഭിച്ചെങ്കിലും ഒന്നും വിജയത്തിൽ എത്താതെ വന്നതോടെ ഇയാൾ മോഷണത്തിലേക്ക് ഇറങ്ങുകയായിരുന്നു. ഒരു കോടിയോളം രൂപ ചിലവിട്ട് തന്റെ ഗ്രാമത്തിൽ ഏഴോളം റോഡുകളാണ് ഇർഫാൻ നിർമ്മിച്ചു നൽകിയത്.
സമ്പന്നരുടെ വീടുകളായിരുന്നു ഇർഫാന്റെ പ്രധാന ലക്ഷ്യം. അതും വീടുകളിൽ ആളുകൾ ഉള്ളപ്പോൾ കയറുന്ന രീതിയാണ് ഇയാൾ വച്ചുപുലർത്തിയത്. നേരത്തെ തിരുവനന്തപുരത്ത് ഒരു മോഷണം നടത്തിയപ്പോഴാണ് ആദ്യമായി ഇർഫാന്റെ പേര് കേരള പോലീസിന്റെ ക്രൈം റെക്കോർഡുകളിൽ ഇടം പിടിച്ചത്. ഇന്നലെ അന്ന് ഇയാൾ ഗോവൻ പോലീസിന്റെ പിടിയിൽ ആയിരുന്നെങ്കിലും കോവിഡ് കാലമായതിനാൽ കസ്‌റ്റഡിയിൽ എടുക്കാൻ കഴിഞ്ഞിരുന്നില്ല.












Click it and Unblock the Notifications