സ്ത്രീകളെ എത്തിച്ചത് വശീകരിച്ച്; ലക്ഷ്യം കുടുംബത്തിന്റെ ഐശ്വര്യം, ശ്രീദേവിയായി ഷാഫി
പത്തനംതിട്ട: തിരുവല്ലയിലെ നരബലിയില്‍ മുഖ്യ ആസൂത്രകന്‍ ഏജന്റ് ഷാഫിയെന്ന് പൊലീസ്. റഷീദ് എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ശ്രീദേവിയെന്ന പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൌണ്ട് ഉണ്ടാക്കിയതിന് ശേഷമായിരുന്നു ഇയാള്‍ ആദ്യമായി തിരുവല്ല സ്വദേശിയായ വൈദ്യരെ പരിചയപ്പെടുന്നത്.
വൈദ്യരോട് പെരുമ്പാവൂർ സ്വദേശിയായ ഒരാളെ പ്രീതിപ്പെടുത്തിയാല്‍ ജീവിതത്തില്‍ വലിയ നേട്ടങ്ങളുണ്ടാവുമെന്ന് ഇയാള്‍ ഫേസ്ബുക്ക് വഴി വൈദ്യരെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ഷാഫി സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച് തിരുവല്ലയിലേക്ക് എത്തിച്ചത്.

തിരുവല്ല ഇലന്തൂർ സ്വദേശിയായ വൈദ്യൻ ഭഗവൽ സിംഗ്, ഭാര്യ ലൈല എന്നിവർക്ക് വേണ്ടിയാണ് മുഹമ്മദ് ഷാഫി സ്ത്രീകളെ എറണാകുളത്ത് നിന്നും തിരവല്ലയിലേക്ക് എത്തിച്ചു നല്‍കിയത്. ഐശ്വര്യവും സമ്പത്തും ലഭ്യമാകാനുള്ള മന്ത്രവാദം എന്ന രീതിയിലാണ് സ്ത്രീകളെ തിരുവല്ലയിലേക്ക് എത്തിച്ചതെന്നാണ് സൂചന. കാലടി സ്വദേശിയായ റോസ്‌ലിൻ, കടവന്ത്ര പൊന്നുരുന്നി സ്വദേശിയായ പത്മ എന്നിവരാണ് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട രണ്ടുപേരും ഷിഹാബിന് നേരിട്ട് പരിചയമുള്ള സ്ത്രീകളാണ്. സ്ത്രീകളെ വശീകരിച്ചു ദുർമന്ത്രവാദത്തിനായി പ്രതി തട്ടിക്കൊണ്ടു പോവുകയായിരുന്നു. ആയുർവേദ ചികിത്സയോടൊപ്പം ആഭിചാര ക്രിയകളും ചെയ്യുന്നയാളാണ് ഭഗവന്ത് സിങ്. ഇയാളെ കാണാനായി രാത്രിയടക്കം ആളുകള്‍ എത്താറുണ്ടെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. ഇയാൾക്കും കുടുംബത്തിനും ഐശ്വര്യവും സമ്പത്തും ലഭിക്കാനായി സ്ത്രീകളെ തിരുവല്ലയിലേക്ക് എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.

സെപ്തംബർ 27 ന് കടവന്ത്ര സ്വദേശിയായ പത്മയെന്ന സ്ത്രീയെ കാണാനില്ലെന്ന പരാതിയിലായിരുന്നു കേസ് അന്വേഷണം തുടങ്ങിയത്. മിസ്സിങ് കേസ് എന്ന രീതിയിലായിരുന്നു അന്വേഷണം. ഇവരുടെ മൊബൈൽ ടവർ ലൊക്കേഷൻ തിരഞ്ഞ് പോയ പൊലീസ് തിരുവല്ലയിലെത്തിയിത്. ഇതിന് പിന്നാലെ ഷാഫിയിലേക്കും ഭഗവൽസിംഗിലേക്കും ലൈലയിലേക്കും അന്വേഷണം എത്തുകയായിരുന്നു.

റോസ്‌ലിനെ ജൂണിലും പത്മയെ സെപ്തംബറിലുമാണ് തിരുവല്ലയിലേക്ക് കൊണ്ടുപോയത്. തൃശൂർ വടക്കാഞ്ചേരി സ്വദേശിയായ റോസ്‌ലിൻ ലോട്ടറി കച്ചവടത്തിനായാണ് കാലടിയിലെ മറ്റൂരിലെത്തിയത്. 49 വയസുള്ള ഇവർ പങ്കാളിക്കൊപ്പം താമസിക്കുമ്പോഴാണ് ഷാഫി പരിചപ്പെടുന്നത്. ഓഗസ്റ്റ് 17 നാണ് ഇവരെ കാണാതായി മകള്‍ പരാതി നല്‍കുന്നത്. തുടർന്ന് പത്മയെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് റോസ്ലിനേയും കൊണ്ടുപോയത് ഷാഫിയാണെന്ന് കണ്ടെത്തിയത്.

എറണാകുളം ആർഡിഒയും കൊച്ചി സിറ്റി പൊലീസ് സംഘവും തിരുവല്ലയിലേക്ക് എത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ പുറത്ത് എടുക്കുന്നത് ഉള്‍പ്പടേയുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കഴുത്തറുത്താണ് കൊലപ്പെടുത്തിയതെന്നാണ് പ്രതികള്‍ നല്‍കിയിരിക്കുന്ന വിവരം. വീട്ടുവളപ്പില്‍ തന്നെയാണ് മൃതദേഹം കുഴിച്ചിടുകയും ചെയ്തിരിക്കുന്നത്.

ഒരാളുടെ മൃതദേഹം കഷ്ണങ്ങളാക്കി കുഴിച്ചിട്ട നിലയില്‍ കിട്ടിയെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. മുഖ്യപ്രതികളെ പിടികൂടിയെങ്കിലും കൂടുതൽ പേർ സംഭവത്തിനു പിന്നിലുണ്ടെന്നാണു കരുതുന്നത്. ഉന്നത പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. വനിതാ കമ്മീഷന്‍ അധ്യക്ഷ സതീദേവിയും തിരുവല്ലയിലുണ്ട്.












Click it and Unblock the Notifications