തിരുവനന്തപുരം-ബെംഗളൂരു ബസുകൾ തടഞ്ഞ് തമിഴ്‌നാട്; സംഭവം നാഗർകോവിലിൽ, യാത്രക്കാരെ ഇറക്കിവിട്ടു
തിരുവനന്തപുരം: നാഗർകോവിലിൽ വച്ച് തിരുവനന്തപുരം-ബെംഗളൂരു ബസുകൾ തടഞ്ഞ് തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പ് അധികൃതർ. ഓൾ ഇന്ത്യ പെർമിറ്റ് ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് എംവിഡിയുടെ നടപടി. നാഗർകോവിൽ വടശ്ശേരി ബസ് സ്‌റ്റാൻഡിൽ തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കു പോയ നാല് ബസുകളാണ് പിടിച്ചിട്ടത്. ഇതോടെ നിരവധി യാത്രക്കാരാണ് പെരുവഴിയിലായത്.
വിദ്യാർഥികൾ ഉൾപ്പെടെ ഭൂരിഭാഗം യാത്രക്കാരും മലയാളികളായിരുന്നു. മറ്റ് ഏതെങ്കിലും ബസിൽ യാത്ര തുടരാനായിരുന്നു തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇവരോട് ആവശ്യപ്പെട്ടത്. ഇന്നലെ രാത്രിയോടെ ആയിരുന്നു ബസുകൾ തമിഴ്‌നാട് എംവിഡി പരിശോധിച്ചത്. ഓൾ ഇന്ത്യ പെർമിറ്റ് എടുത്ത ബസുകൾ തമിഴ്‌നാട്ടിലൂടെ റൂട്ട് സർവീസ് നടത്തുന്നത് തടഞ്ഞുകൊണ്ടു അടുത്തിടെ തമിഴ്‌നാട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ജൂൺ 18ന് ശേഷം ഇത് അനുവദിക്കില്ലെന്നായിരുന്നു തമിഴ്‌നാടിന്റെ നിലപാട്. ഇതിന് പിന്നാലെയാണ് ബസുകൾ തടഞ്ഞത്. 180ഓളം യാത്രക്കാരാണ് നാല് ബസുകളിലായി ഉണ്ടായിരുന്നത്. ഇവരിൽ ഭൂരിഭാഗം പേരും യാത്ര റദ്ദാക്കി. തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപറേഷന്റെ ബസുകളിൽ യാത്ര തുടരാമെന്ന് അറിയിച്ചിരുന്നണെങ്കിലും ഹൊസൂർ വഴി മാത്രമായിരുന്നു ഇവ പോയിരുന്നത്. ഇതോടെയാണ് യാത്രക്കാർ പിൻവലിഞ്ഞത്.
നേരത്തെ കേരളത്തിലും സമാനമായ രീതിയിൽ ഓൾ ഇന്ത്യ പെർമിറ്റ് വാഹനങ്ങളുടെ ദീർഘദൂര സർവീസിനെതിരെ ശക്തമായ നടപടിയെടുത്തിരുന്നു. റോബിൻ ബസുമായി ബന്ധപ്പെട്ട വിവാദവും ഇതിൽപെട്ടതാണ്. വൺ ഇന്ത്യ വൺ ടാക്‌സ് പദ്ധതി പ്രകാരം നികുതി അടച്ചതാണെന്നും എന്നാൽ ഇത് അധികൃതർ അംഗീകരിക്കുന്നില്ലെന്നുമാണ് ബസ് ഉടമകളുടെ വാദം. എന്നാൽ ഈ കടുംപിടിത്തത്തിൽ നൂറുകണക്കിന് യാത്രക്കാരാണ് വലയുന്നത്.
കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലേക്കുള്ള ബസുകൾ വ്യാപകമായി റദ്ദാക്കിയിരുന്നു. ഇതോടെ നിരവധി യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്. നികുതിയുമായി ബന്ധപ്പെട്ട തമിഴ്‌നാട് സർക്കാർ കടുത്ത നിലപാട് സ്വീകരിച്ചതോടെയായിരുന്നു ബസുകൾ സർവീസ് റദ്ദാക്കിയത്. എന്നാൽ പകരം കേരളത്തിൽ നിന്നാവട്ടെ കെഎസ്ആർടിസി ഉൾപ്പെടെ ബദൽ സർവീസുകൾ നടത്തുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം.
തമിഴ്‌നാട്ടിൽ രജിസ്‌റ്റർ ചെയ്യാത്ത വാഹനങ്ങൾക്ക് ഉയർന്ന നികുതി വേണമെന്നാണ് തമിഴ്‌നാട് സർക്കാരിന്റെ പ്രധാന ആവശ്യം. ഇതോടെ ബസ് ഉടമകൾ സർവീസ് റദ്ദാക്കുകയായിരുന്നു. ഈ വിഷയത്തിൽ പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് തമിഴ്‌നാട് എംവിഡിയുടെ ഇന്നലത്തെ നടപടിയെന്ന് വ്യക്തം. ഇതോടെ വിദ്യാർഥികൾ ഉൾപ്പെടെ വലിയൊരു വിഭാഗം യാത്രക്കാരാണ് ബുദ്ധിമുട്ടിലാവുന്നത്.












Click it and Unblock the Notifications