തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് ശബരീനാഥൻ മത്സരിക്കും; ബിജെപിക്ക് എളുപ്പമാവില്ല
തിരുവനന്തപുരം:കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് കെഎസ് ശബരീനാഥൻ യുഡിഎഫിന് വേണ്ടി മത്സരിക്കും. മേരി പുഷ്‌പം ഡപ്യൂട്ടി മേയർ സ്ഥാനാർത്ഥിയായും മത്സരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. നേരത്തെ വരാനിരിക്കുന്ന വോട്ടെടുപ്പിൽ മേയർ, ഡപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ എൽഡിഎഫും തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ ശബരീനാഥന്റെ സ്ഥാനാർത്ഥിത്വം യുഡിഎഫ് ഔദ്യോഗികമാക്കിയത്.
നേരത്തെ തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പിന് മുൻപ് തന്നെ കെഎസ് ശബരീനാഥൻ തന്നെയാവും യുഡിഎഫ് മേയർ സ്ഥാനാർത്ഥിയെന്ന് ഉറപ്പായിരുന്നു. എന്നാൽ ഇക്കുറി എൽഡിഎഫിൽ നിന്ന് ബിജെപി ഭരണം പിടിച്ചെടുത്തതോടെ ശബരീനാഥന്റെ പോരാട്ടം വിഫലമാവും. ഇക്കുറി ശ്രദ്ധേയമായ കാര്യം എന്തെന്നാൽ മൂന്ന് മുന്നണികളും ഒരുപോലെ മത്സര രംഗത്തുണ്ടാവും എന്നതാണ്.

ഇടത് വലത് മുന്നണികൾക്ക് പക്ഷേ ഇവിടെ എൻഡിഎയുടെ വിജയം തടയാൻ കഴിയില്ല. നിലവിലെ 100 കൗൺസിലർമാരിൽ 50 പേരുള്ള ബിജെപിക്ക് ഏറ്റവും വലിയ ഒറ്റ കക്ഷിയെന്ന നിലയിൽ വിജയം ഉറപ്പാണെങ്കിലും മത്സരം പോലുമില്ലാതെ അവർ ജയിക്കുന്ന സ്‌ഥിതി ഒഴിവാക്കാനാൻ ഇരുമുന്നണികളുടെയും ശ്രമം. ഇത് മുൻകൂട്ടി കണ്ട് കൊണ്ടാണ് എൽഡിഎഫും യുഡിഎഫും പോരാട്ടത്തിനിറങ്ങുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് എതിരെ സ്ഥാനാർത്ഥിയെ നിർത്താതെ വന്നാൽ അത് തിരിച്ചടിയാവും എന്ന വിലയിരുത്തലും ഇരു മുന്നണികളുടെയും ഉള്ളിലുണ്ട്. അതുകൊണ്ട് കൂടിയാണ് എൽഡിഎഫും യുഡിഎഫും ഒരുപോലെ ബിജെപിക്ക് എതിരെ മത്സരിക്കാൻ ഒരുങ്ങുന്നത്.എൽഡിഎഫിന് വേണ്ടി മേയർ സ്ഥാനത്തേക്ക് ആർപി ശിവജി മത്സരിക്കും.
ബിജെപിയുടെ മേയർ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. വിവി രാജേഷ്, മുൻ ഡിജിപി ആർ ശ്രീലേഖ എന്നിവരുടെ പേരുകളാണ് ആദ്യ ഘട്ടം മുതൽ ചർച്ചയിലുള്ളത്. പ്രത്യേകിച്ച് രാജേഷിന് തിരുവനന്തപുരത്ത് നല്ല പ്രവർത്തന പരിചയമുണ്ട്. ഇതുകൊണ്ട് രാജേഷിന് നറുക്ക് വീഴുമോ എന്നാണ് കണ്ടറിയേണ്ടത്. ഇതൊന്നുമല്ലാതെ അപ്രതീക്ഷിത സ്ഥാനാർഥിയെ അവസാനനിമിഷം കളത്തിലിറക്കാനുള്ള സാധ്യതയും ഉണ്ടെന്നതാണ് കാര്യം.
കവടിയാർ വാർഡിൽ നിന്നാണ് കെഎസ് ശബരീനാഥൻ വിജയിച്ചത്. കുന്നുകുഴി വാർഡിൽ നിന്നുമാണ് മേരി പുഷ്‌പം ജയിച്ചത്. പുന്നക്കാമുകൾ കൗൺസിലറും ജില്ലാ കമ്മിറ്റി അംഗവുമാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായ ആർപി ശിവജി. തദ്ദേശ തിരഞ്ഞെടുപ്പിൽ കാറ്റ് മാറി വീശിയതോടെയാണ് എൽഡിഎഫിന് തലസ്ഥാന നഗരിയിലെ ഭരണം നഷ്‌ടമായത്.
ഇതിന് പിന്നാലെ മേയറായിരുന്ന ആര്യ രാജേന്ദ്രനെതിരെ സിപിഎമ്മിൽ നിന്ന് തന്നെ ഒരു വിഭാഗം കടുത്ത വിമർശനവുമായി രംഗത്ത് വന്നിരുന്നു. മേയറുടെ പ്രവർത്തനത്തിലെ പാളിച്ചകളാണ് കോർപ്പറേഷനിൽ പാർട്ടിക്ക് ദയനീയ തോൽവിക്ക് വഴിയൊരുക്കിയതെന്നാണ് വിമർശനം. കഴിഞ്ഞ തവണ നഗരം ഭരിച്ചിരുന്ന എൽഡിഎഫിന് ഇക്കുറി 29 സീറ്റുകൾ മാത്രമേ നേടാൻ കഴിഞ്ഞിട്ടുള്ളൂ.












Click it and Unblock the Notifications