കാത്തിരുന്ന തിരുവോണം ബംബര്‍ ഇങ്ങെത്തി; ഒന്നാം സമ്മാനം 25 കോടി, ഇത്തവണ മറ്റൊരു പ്രത്യേകതയും
തിരുവനന്തപുരം: ലോട്ടറി പ്രേമികള്‍ കാത്തിരുന്ന തിരുവോണം ബംബര്‍ ഭാഗ്യക്കുറി പ്രകാശനം ചെയ്തു. ഇത്തവണയും ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് ഭാഗ്യശാലികള്‍ക്ക് ലഭിക്കുക. ബംബര്‍ ലോട്ടറിയുടെ പ്രകാശനം മന്ത്രി കെ എന്‍ ബാലഗോപാല്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു. ചടങ്ങില്‍ മുഖ്യാതിഥിയായ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് പി പി കുഞ്ഞികൃഷ്ണനെ മന്ത്രി ബാലഗോപാല്‍ ആദരിച്ചു.
സംസ്ഥാന ഭാഗ്യക്കുറിയുടെ ഭാഗ്യചിഹ്നമായ പച്ചക്കുതിരയുടെ ഒറിഗാമി മോഡല്‍ ചടങ്ങില്‍ വിതരണം ചെയ്തു. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന ലോട്ടറി വകുപ്പ് ഡയറക്ടര്‍ എബ്രഹാം റെന്‍ സ്വാഗതം ആശംസിച്ചു. ജോയിന്റ് ഡയറക്ടര്‍ മനോജ് നന്ദി അറിയിച്ചു.

തിരുവോണം ബംബര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായി 25 കോടി ലഭിക്കുമ്പോള്‍ രണ്ടാം സമ്മാനം 20 പേര്‍ക്ക് ഒരു കോടി രൂപ വീതമാണ്. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 നമ്പറുകള്‍ക്ക് നല്‍കും. ഇത്തവണ 5,34, 670 പേര്‍ക്ക് സമ്മാനം ലഭിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ വര്‍ഷം 3,97,911 പേര്‍ക്കായിരുന്നു സമ്മാനം നല്‍കിയത്. 500 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബര്‍ 20 നാണ് നറുക്കെടുപ്പ്.
സമ്മാനാര്‍ഹരുടെ എണ്ണത്തിലെ വര്‍ധന ഭാഗ്യക്കുറിയുടെ ജനകീയത കൂട്ടുമെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ 7000 കോടി രൂപ സമ്മാന തുകയായി പ്രതിവര്‍ഷം ലോട്ടറി വകുപ്പ് അനുവദിക്കുന്നുണ്ട്. ഒരു ലക്ഷത്തിലധികം പേര്‍ക്ക് ജീവനോപാധിയുമാണ്. കാരുണ്യ പോലെയുള്ള ചികില്‍സാ പദ്ധതികള്‍ക്കും ലോട്ടറിയില്‍ നിന്നുമുള്ള വരുമാനം പ്രയോജനപ്പെടുത്തുന്നു. സാമ്പത്തിക അഭിവൃദ്ധിയുടെ പ്രതീകമെന്ന നിലയിലാണ് പച്ചക്കുതിരയെ ഭാഗ്യചിഹ്നമാക്കിയത്.
ലോട്ടറി മേഖലയില്‍ തൊഴിലെടുക്കുന്ന ശാരീരിക പരിമിതികളുള്ളവര്‍ക്ക് അനുയോജ്യമായ രീതിയില്‍ ലോട്ടറി ഓഫീസുകള്‍ പരമാവധി താഴത്തെ നിലകളില്‍ പ്രവര്‍ത്തിക്കുന്നതിനും അവര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
അതേസമയം, തിരുവോണം ബംബറിന്റെ സമ്മാനം 30 കോടിയാക്കണമെന്ന ലോട്ടറി വകുപ്പിന്റെ ശുപാര്‍ശ ധനവകുപ്പ് തള്ളിയിരുന്നു. തിരുവോണം ബംബര്‍ കൂടുതല്‍ അകര്‍ഷമാക്കുന്നതിന് വേണ്ടിയാണ് 30 കോടി ആക്കാന്‍ ലോട്ടറി ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിച്ചത്. എന്നാല്‍ ഇപ്പോഴത്തെ ഒന്നാം സമ്മാനമായ 25 കോടിയായി തുടര്‍ന്നാല്‍ മതിയെന്ന് ധനവകുപ്പ് തീരുമാനിക്കുകയായിരുന്നു.
ധനവകുപ്പ് നിര്‍ദ്ദേശം പരിശോധിച്ചതിന് ശേഷമാണ് 25 കോടി തന്നെ തുടരാന്‍ നിര്‍ദ്ദേശിച്ചത്. സമ്മാനത്തുക ഉയര്‍ത്തിയാല്‍ ലോട്ടറി വിലയും കൂട്ടേണ്ടി വരും. ഈ കാരണം കൊണ്ടാണ് ധനവകുപ്പ് നിര്‍ദ്ദേശം തള്ളിയത്. കഴിഞ്ഞ തവണത്തെ പോലെ 500 രൂപ തന്നെയായിരിക്കും ഇത്തവണയും ടിക്കറ്റ് വില.












Click it and Unblock the Notifications