ചോദ്യം ചെയ്യലിനിടെ ദിലീപ് കുപിതനായി; ചാടിയെഴുന്നേറ്റു എന്ന് പ്രോസിക്യൂഷന്‍, ഫോണ്‍ ലാബിലേക്ക്
കൊച്ചി: അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ 33 മണിക്കൂറാണ് നടന്‍ ദിലീപിനെ ചോദ്യം ചെയ്തത്. മൂന്ന് ദിവസം 11 മണിക്കൂര്‍ വീതമായിരുന്നു ചോദ്യം ചെയ്യല്‍. എല്ലാ ദിവസവും കോടതി നിര്‍ദേശിച്ച സമയത്ത് തന്നെ ദിലീപ് എത്തിയിരുന്നു. എന്നാല്‍ വിശദമായ വിവരങ്ങള്‍ ലഭിക്കുന്നതിന് ദിലീപിനെ കസ്റ്റഡിയില്‍ വേണമെന്നാണ് പ്രോസിക്യൂഷന്റെ പുതിയ ആവശ്യം.
ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വ്യാഴാഴ്ച തീരുമാനമെടുത്തേക്കും. നേരത്തെ പലതവണ ഹര്‍ജി കോടതി പരിഗണിച്ചിരുന്നു എങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. ഇക്കാര്യം കോടതിയില്‍ പറയവെയാണ് ചോദ്യം ചെയ്യലിനിടെ നടന്ന സംഭവം പ്രോസിക്യൂഷന്‍ വിശദീകരിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു...

ചോദ്യം ചെയ്യലിനിടെ ദിലീപ് കുപിതനായി എന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്രെ. മൊഴികളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയ വേളയിലായിരുന്നു കുപിതനായത്. ദേഷ്യപ്പെട്ട് ദിലീപ് ചാടിയെഴുന്നേറ്റു എന്നാണ് റിപ്പോര്‍ട്ടുകള്‍. തന്നെ വെറുതെ കേസില്‍ പ്രതിയാക്കുകയാണെന്നും സഹകരിക്കില്ലെന്നും ദിലീപ് പറഞ്ഞു എന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു.

ദിലീപ് ഉപയോഗിച്ചതുള്‍പ്പെടെ ഏഴ് ഫോണുകള്‍ ഹാജരാക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് രജിസ്ട്രാര്‍ക്ക് ആറ് ഫോണുകള്‍ കൈമാറി. ഇതില്‍ അഞ്ചെണ്ണം അന്വേഷണ സംഘം സ്ഥിരീകരിക്കുകയും ഒന്ന് വിശദമായ പരിശോധന വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ദിലീപിന്റെ അളിയന്റെ ഫോണിലാണ് വിശദമായ പരിശോധന ആവശ്യപ്പെട്ടത്.

ദിലീപ് ഒരു ഫോണ്‍ ഹാജരാക്കിയിട്ടില്ല എന്നാണ് പ്രോസിക്യൂഷന്റെ വാദം. കഴിഞ്ഞ വര്‍ഷം ജനുവരി 23 മുതല്‍ ആഗസ്റ്റ് 31 വരെ ഉപയോഗിച്ച ഫോണ്‍ ആണ് ഹാജരാക്കത്തതത്രെ. ഫോണ്‍ കൈവശമില്ലെന്നാണ് ദിലീപിന്റെ വാദം. ഈ ഫോണില്‍ നിന്ന് 2000ത്തിലധികം തവണ കോള്‍ ചെയ്തിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ പറയുന്നു. അതേസമയം, ദിലീപുള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഫോണുകള്‍ ആലുവ മജിസ്‌ട്രേറ്റ് കോടതിക്ക് ചൊവ്വാഴ്ച രാത്രി തന്നെ കൈമാറി.

ക്രൈംബ്രാഞ്ച് എസ്പി മോഹന ചന്ദ്രന്‍ ഫോണ്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്ന് രാവിലെ പ്രത്യേക അപേക്ഷ സമര്‍പ്പിച്ചു. ഫോണുകള്‍ അന്വേഷണ സംഘത്തിന് കൈമാറരുത് എന്നാണ് ദിലീപിന്റെ ആവശ്യം. അങ്ങനെ കൈമാറിയാല്‍ തനിക്കെതിരായ നീക്കങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ദിലീപ് പറയുന്നു. ഇക്കാര്യം പരിഗണിച്ചുകൊണ്ട് മജിസ്‌ട്രേറ്റ് നടപടിയെടുക്കാനാണ് സാധ്യത.

ഫോണുകള്‍ സൈബര്‍ ഫൊറന്‍സിക് ലാബില്‍ പരിശോധന നടത്തണമെന്നാണ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച അപേക്ഷയിലെ ആവശ്യം. ഫോണുകളും ക്രൈംബ്രാഞ്ചിന്റെ അപേക്ഷയും ഒരുമിച്ച് ലാബിലേക്ക് അയക്കുമെന്നാണ് വിവരം. എഫ്എസ്എല്‍ ലാബിലേക്ക് കോടതി നേരിട്ട് ഫോണുകള്‍ അയക്കും. ഒരു ഫോണ്‍ ഫോര്‍മാറ്റ് ചെയ്തിട്ടുണ്ടെന്ന് അന്വേഷണ സംഘം സംശയിക്കുന്നു.

ഫോര്‍മാറ്റ് ചെയ്ത ഫോണില്‍ നിന്ന് വിവരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്ന് അന്വേഷണ സംഘം കരുതുന്നു. എന്നാല്‍ ഇത്തരത്തില്‍ നഷ്ടമായ വിവരങ്ങള്‍ വിദഗ്ധരുടെ സഹായത്തോടെ വീണ്ടെടുക്കാന്‍ സാധിക്കും. ഇതിന് ഐടി, ഫോറന്‍സിക് വിദഗ്ധരുടെ സഹായം അന്വേഷണ സംഘം തേടും. ഇതിന്റെ ഭാഗമായിട്ടാണ് ലാബില്‍ പരിശോധന നടത്തുന്നത്.
കൊവിഡ് മുക്തയായി; വര്‍ക്കൗട്ട് തുടങ്ങി റിമ കല്ലിങ്കല്‍.. കൂടെ ഒരു ഉപദേശവും- ചിത്രങ്ങള്‍

നിലവില്‍ ദിലീപ് ചോദ്യം ചെയ്യലിന് വിധേയമായിട്ടുണ്ട്. അന്വേഷണ സംഘം ആവശ്യപ്പെട്ട പ്രകാരമുള്ള ഫോണുകള്‍ കൈമാറിയിട്ടുണ്ട്. ഇനി വ്യാഴാഴ്ച ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാന്‍ പോകുകയാണ്. ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. ഇത് ഹൈക്കോടതി അംഗീകരിച്ചാല്‍ താരത്തെ അറസ്റ്റ് ചെയ്യും. കുടുംബത്തിലെ പുരുഷന്മാരെ എല്ലവരെയും കേസില്‍ കുടുക്കുകയാണ് പോലീസ് ചെയ്യുന്നതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ഹൈക്കോടതി തീരുമാനം വളരെ നിര്‍ണായകമാകും.












Click it and Unblock the Notifications