'ഈ നശിച്ച പാർട്ടിയെ കേരളത്തിൽ നിന്ന് തുരത്തിവിടണം'; സിപിഎമ്മിനെതിരെ സിദ്ധാർത്ഥന്റെ അച്ഛൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെയും സിപിഎമ്മിനെതിരെയും കടുത്ത ഭാഷയിൽ വിമർശനവുമായി വയനാട് വെറ്റിനറി സർവകലാശാലയിൽ മരണപ്പെട്ട സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശ് രംഗത്ത്. ഈ നശിച്ച പാർട്ടിയെ കേരളത്തിൽ നിന്ന് തുരത്തി വിടണമെന്നും തന്റെ മകനെ കൊന്നവരെ രക്ഷപ്പെടുത്താനാണ് സർക്കാരിന്റെ ശ്രമമെന്നും ജയപ്രകാശ് ആരോപിച്ചു.
നേരത്തെ തന്നെ കേസിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന നിരവധി പ്രസ്‌താവനകളും പരാമർശങ്ങളും നടത്തിയ ആളാണ് ജയപ്രകാശ്. ഇതിന് പിന്നാലെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ദിനം കൂടുതൽ കടുത്ത വിമർശനങ്ങളുമായി ഇദ്ദേഹം രംഗത്ത് വന്നത്.

ഈ നശിച്ച പാര്‍ട്ടിയെ കേരളത്തില്‍ നിന്നും തുരത്തി വിടണം. തന്റെ മകനെ കൊലപ്പെടുത്തിയ പാര്‍ട്ടി രാജ്യത്ത് ഉണ്ടാകാന്‍ പാടില്ല. രാജ്യത്ത് ഇനി ഈ പാര്‍ട്ടി ഉണ്ടാകരുത്. ഏറ്റവും നന്നായി ദ്രോഹിച്ച പാര്‍ട്ടിയാണതെന്നും ജയപ്രകാശ് ചൂണ്ടിക്കാട്ടി. സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം തുടരുന്നതിടെയാണ് ജയപ്രകാശിന്റെ ആരോപണം.
സിദ്ധാർത്ഥന്റെ മരണത്തിൽ അടുത്തിടെ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. പ്രാഥമിക കുറ്റപത്രമാണ് കേന്ദ്ര ഏജൻസി കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ചത്. കേസില്‍ പോലീസ് അറസ്‌റ്റ് ചെയ്‌ത 20 പേരെ പ്രതികളായി ചേർത്താണ് സിബിഐ പ്രാഥമിക കുറ്റപത്രം നൽകിയിരിക്കുന്നത്. സിബിഐ സംഘം നേരത്തെ കോളേജിൽ എത്തി പലരുടെയും വിശദമായ മൊഴിയെടുത്തിരുന്നു.
റാഗിങ്, മർദ്ദനം, ആത്മഹത്യാ പ്രേരണ, ഗൂഢാലോചന എന്നിവ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളാണ് പ്രതികള്‍ക്ക് മേല്‍ സിബിഐ ചുമത്തിയിട്ടുള്ളത്. തുടരന്വേഷണത്തിൽ കൂടുതല്‍ പ്രതികളെ കണ്ടെത്തിയാല്‍ അവര്‍ക്കെതിരെയും കേസെടുക്കുമെന്നാണ് സിബിഐ അറിയിച്ചിട്ടുള്ളത്.
പ്രതികൾക്ക് ജാമ്യം ലഭിക്കാതിരിക്കാനാണ് സിബിഐയുടെ തിരക്കിട്ട നീക്കമെന്നാണ് സൂചന. തൊണ്ണൂറ് ദിവസത്തിനുള്ളിൽ കുറ്റപത്രം സംസാരിപ്പിച്ചില്ലെങ്കിൽ പ്രതികൾക്ക് സ്വാഭാവികമായും ജാമ്യം ലഭിക്കും, ഇത് തടയാനാണ് സിബിഐ അതിവേഗം കുറ്റപത്രം സമർപ്പിച്ചതെന്നാണ് വിവരം.
അതേസമയം, ഈ ഫെബ്രുവരി 18നാണ് സിദ്ധാർത്ഥനെ കോളേജ് ഹോസ്‌റ്റലിലെ ശൂചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ക്രൂരമായ റാഗിംഗും മാനസിക പീഡനവും അപമാനവും ഒക്കെ കാരണമാണ് സിദ്ധാർത്ഥൻ ആത്മഹത്യ ചെയ്‌തതെന്നായിരുന്നു ആരോപണം. കൂടാതെ സിദ്ധാർത്ഥനെ പ്രതികൾ മർദ്ദിക്കുകയും ചെയ്‌തെന്നായിരുന്നു പരാതി. തുടർന്ന് പോലീസിൽ നിന്ന് അന്വേഷണം സിബിഐ ഏറ്റെടുക്കുകയിരുന്നു.












Click it and Unblock the Notifications