Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തരേന്ത്യയില്‍ ശ്വാസം കിട്ടാതെ രോഗികള്‍ മരിക്കുന്നു, കേരളം ചെയ്തത് ഇതാണ്, കണക്കുമായി ഐസക്ക്

ആലപ്പുഴ: കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ തോമസ് ഐസക്ക്. രാജ്യം പ്രാണവായുവിന് വേണ്ടി പിടയുമ്പോള്‍ അനാവരണം ചെയ്യപ്പെടുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് ഐസക് പറഞ്ഞു. കൊവിഡ് വ്യാപനത്തിന്റെ ഗൗരവത്തെ ഇന്ത്യാ സര്‍ക്കാര്‍ ലഘൂകരിച്ചു കണ്ടൂവെന്ന് ലോകാരോഗ്യ സംഘടന തന്നെ കുറ്റപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു. ഈ സമയത്ത് കേരള സര്‍ക്കാര്‍ എന്തൊക്കെ ചെയ്തുവെന്നും ഐസക്ക് എഫ്ബി പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്.

1

പ്രാണവായുവിനുവേണ്ടി രാജ്യം പിടയുമ്പോള്‍, അനാവരണം ചെയ്യപ്പെടുന്നത് കേന്ദ്രസര്‍ക്കാരിന്റെ പിടിപ്പുകേടാണ്. ഇതുപോലൊരു പ്രതിസന്ധികാലത്ത് ദുര്‍ബലവും കഴിവുകെട്ടതും ദീര്‍ഘവീക്ഷണം തൊട്ടുതെറിച്ചിട്ടില്ലാത്തതുമായ ഭരണാധികാരികള്‍ക്കു കീഴില്‍ ജീവിക്കേണ്ടി വരുന്നതിന്റെ എല്ലാ കെടുതിയും രാജ്യം അഭിമുഖീകരിക്കുകയാണ്. എന്താണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും? കൊവിഡ് വ്യാപനത്തിന്റെ ഗൗരവത്തെ ഇന്ത്യാ സര്‍ക്കാര്‍ ലഘൂകരിച്ചു കണ്ടൂവെന്ന് ലോകാരോഗ്യ സംഘടന തന്നെ കുറ്റപ്പെടുത്തിയിരിക്കുകയാണ്.

കൊറോണയുടെ രണ്ടാംഘട്ട വ്യാപനത്തെക്കുറിച്ച് ലോകാരോഗ്യ സംഘടനയടക്കമുള്ളവര്‍ കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതു മുന്‍കൂട്ടിക്കണ്ട് രോഗപ്രതിരോധം സജ്ജീകരിക്കാനോ ഒരു മുന്നൊരുക്കവും സര്‍ക്കാര്‍ നടത്തിയില്ല. കുറ്റകരമായ കെടുകാര്യസ്ഥതയാണ് ഇക്കാര്യത്തിലുണ്ടായതെന്ന് ഇന്നത്തെ സ്ഥിതിഗതികള്‍ തെളിയിക്കുന്നു. സീറോ സര്‍വ്വയലന്‍സ് കണക്കുകള്‍ പുറത്തു വന്നപ്പോള്‍ വ്യക്തമായൊരു കാര്യം ആകെയുണ്ടായിരുന്ന രോഗികളുടെ ചെറിയൊരു ശതമാനമേ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുള്ളൂവെന്നതാണ്. ഇന്ത്യയിലെ രോഗവ്യാപന നിരക്ക് അന്ന് 25 ശതമാനവും കേരളത്തില്‍ അത് 11 ശതമാനവുമായിരുന്നു. രോഗികളുടെ എണ്ണം ഇതിനേക്കാളും എത്രയോ താഴെയായിരുന്നു. രൂക്ഷമായ രണ്ടാം വ്യാപനത്തിനുള്ള സാധ്യതകളെ അടിവരയിടുന്നതായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ഈ വ്യാപനം. പക്ഷെ എന്തു നടപടി സ്വീകരിച്ചു?

ഓക്‌സിജന്‍ ലഭ്യതയുടെ കാര്യമെടുക്കുക. ശ്വാസം കിട്ടാതെ പിടഞ്ഞു മരിക്കുന്ന രോഗികളുടെ എണ്ണം ഉത്തരേന്ത്യയില്‍ പെരുകുന്നു. തങ്ങള്‍ക്ക് ഓക്‌സിജന്‍ കൊണ്ടുവരുന്ന വാഹനങ്ങള്‍ തടഞ്ഞുവെയ്ക്കുന്നു എന്ന് ദില്ലി മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് നേരിട്ട് പരാതി പറയുന്നത് രാജ്യം ലൈവായി കണ്ടു. ഓക്‌സിജന്‍ ലഭിക്കാതെ സംഭവിച്ച മരണങ്ങളുടെ പട്ടിക ഇവിടെ നിരത്തുന്നില്ല.

കേരളം ചെയ്തത് എന്താണെന്ന് നോക്കൂ. ഇങ്ങനെയൊരു സാഹചര്യം മുന്‍കൂട്ടി കണ്ടുകൊണ്ട് നാം ഓക്‌സിജന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ ഏപ്രിലില്‍ മിനിട്ടില്‍ 50 ലിറ്ററായിരുന്നു കേരളത്തിന്റെ ഓക്‌സിജന്‍ ഉല്‍പാദനം. ഈ ഏപ്രിലില്‍ അത് മിനിട്ടില്‍ 1250 ലിറ്ററാണ്. നമ്മുടെ ആശുപത്രികളില്‍ പ്രതിദിനം വേണ്ടി വരുന്ന ഓക്‌സിജന്‍ എത്രയായിരിക്കുമെന്ന് കണക്കുണ്ടാക്കി. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ വേണ്ടി വന്നേയ്ക്കാവുന്ന അളവ് മനസിലാക്കാന്‍ ദൈനംദിനം അവലോകന യോഗങ്ങള്‍ നടത്തി. കഴിഞ്ഞ മാര്‍ച്ച് മുതല്‍ നടത്തിയ ഗൃഹപാഠത്തിന്റെയും ആസൂത്രണ മികവിന്റെയും ഫലമാണ് ഇന്ന് അയല്‍ സംസ്ഥാനങ്ങള്‍ക്കു കൂടി പങ്കുവെയ്ക്കാവുന്ന അളവില്‍ നമ്മുടെ കൈവശം ഓക്‌സിജന്‍ ഉള്ളത്.

ഇതെന്തുകൊണ്ട് രാജ്യത്തിന്റെ മറ്റുഭാഗത്ത് സംഭവിച്ചില്ല. വെള്ളപ്പേപ്പറില്‍ നിര്‍ദ്ദേശങ്ങള്‍ അച്ചടിച്ചു നല്‍കി, കൈയും കെട്ടിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഒരുകാര്യത്തിലും നേതൃപരമായ മുന്‍കൈ അവര്‍ എടുക്കുന്നില്ല. ഒരുവശത്ത് എല്ലാ അധികാരവും സംസ്ഥാനങ്ങളില്‍ നിന്ന് കവര്‍ന്നെടുക്കുകയും മറുവശത്ത് എല്ലാ ഉത്തരവാദിത്തവും സംസ്ഥാനങ്ങളുടെ ചുമലില്‍ വെച്ച് ഒളിച്ചോടുകയും ചെയ്യുകയാണ് കേന്ദ്രസര്‍ക്കാര്‍. അധികാരം എല്ലാം ഞങ്ങള്‍ക്കുവേണം, ചുമതലയൊന്നും നിര്‍വഹിക്കാനും വയ്യ.

ഓക്‌സിജന്‍ ഇല്ലാത്തതുകൊണ്ടു മാത്രമല്ല രോഗികള്‍ മരിക്കുന്നത്. ആശുപത്രികളില്‍ ബെഡ്ഡുകള്‍ തികയുന്നില്ല. എന്തുകൊണ്ട് ആശുപത്രി സൗകര്യങ്ങള്‍ വികസിപ്പിച്ചില്ല? കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനിടയില്‍ കേരളത്തില്‍ ഏറ്റവും വലിയ മുതല്‍ മുടക്ക് നടത്തിയത് ആശുപത്രി വികസനസൗകര്യത്തിനായിരുന്നു. ഇവയും കൊവിഡ് താല്‍ക്കാലിക ആശുപത്രികള്‍ ആരംഭിക്കുന്നതിനുള്ള നമ്മുടെ പരിചയവുംകൂടി കണക്കിലെടുക്കുമ്പോള്‍ കേരളത്തില്‍ ഒരിക്കലും രോഗികളുടെ എണ്ണം ബെഡ്ഡുകളുടെ എണ്ണത്തേക്കാള്‍ ഉയരാന്‍ അനുവദിക്കില്ല.

മരുന്ന് ഉല്‍പ്പാദനത്തിന്റെ കാര്യമെടുക്കൂ. കേരളത്തില്‍ നമ്മള്‍ കെഎസ്ഡിപിയുടെ ഉല്‍പ്പാദനശേഷി ഇരട്ടിയിലേറെ ഉയര്‍ത്തി. കോവിഡുകാലത്തും പൊതുമേഖലാ ഔഷധശാലകള്‍ സ്വകാര്യവല്‍ക്കരിക്കുന്ന തിരക്കിലായിരുന്നു കേന്ദ്രസര്‍ക്കാര്‍. റെഡിസിവര്‍ () പോലുള്ള മരുന്നുകള്‍ ലൈസന്‍സ് അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കാനുള്ള നടപടി സ്വീകരിച്ചില്ല. ഇപ്പോഴാണ് ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.

കോവിഡ് വാക്‌സിന്റെ കാര്യം അങ്ങാടിപ്പാട്ടാണ്. നമ്മുടെ രാജ്യത്ത് ആവശ്യത്തിനു വാക്‌സിന്‍ വിതരണം ചെയ്തിട്ടു വേണമല്ലോ മറ്റുള്ളവര്‍ക്കു കൊടുക്കാന്‍. നമ്മുടെ രാജ്യത്തിന്റെ ആവശ്യകത ഉറപ്പുവരുത്താതെ ഉല്‍പാദിപ്പിക്കുന്ന വാക്‌സിന്റെ പകുതിയും കയറ്റി അയയ്ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. ആവശ്യക്കാര്‍ക്ക് വാക്‌സിന്‍ കൊടുക്കണം. ഉദാരമായിത്തന്നെ കൊടുക്കണം. അതില്‍ ഒരു തര്‍ക്കവുമില്ല. എന്നാല്‍, കൊടുക്കേണ്ട അളവ് നിശ്ചയിക്കുമ്പോള്‍, നമ്മുടെ രാജ്യത്തിന്റെ ആവശ്യം കൂടി കണക്കിലെടുക്കണമായിരുന്നു. ലോകത്ത് കോവിഡ് അതിവേഗം പകര്‍ന്നുകൊണ്ടിരിക്കുന്ന രണ്ടാമത്തെ രാജ്യമാണ് നാം. ജനസംഖ്യയുടെ കാര്യം കൂടി പരിഗണിക്കുമ്പോള്‍ ഈ സ്ഥിതിയുടെ രൂക്ഷത മനസിലാകും.

രോഗം ഇത്തരത്തില്‍ പടരുമ്പോള്‍ നാം മാത്രം പ്രതിരോധ ശേഷി നേടിയാല്‍ പോര. നമ്മുടെ അയല്‍രാജ്യങ്ങളിലെ ജനങ്ങളും പ്രതിരോധ ശേഷി നേടേണ്ടത് നമ്മുടെ ആവശ്യമാണ്. ആ പരിഗണനയില്‍ അയല്‍രാജ്യങ്ങളെക്കൂടി സഹായിക്കുന്നത് മനസിലാക്കാം. പക്ഷേ, സിറിയയ്ക്കും അല്‍ബേനിയയ്ക്കുമൊക്കെ കയറ്റി അയച്ചിട്ട് മിച്ചം വരുന്ന വാക്‌സിന്‍ മതി ഇന്ത്യയ്ക്ക് എന്ന ചിന്തയുടെ യുക്തി ആര്‍ക്കാണ് മനസിലാകുക?
ബജറ്റില്‍ ആരോഗ്യമേഖലയ്ക്കു നീക്കിവെച്ച തുക അപര്യാപ്തമാണെന്ന വിമര്‍ശനം കഴിഞ്ഞ കേന്ദ്രബജറ്റ് അവതരിപ്പിച്ചപ്പോള്‍ത്തന്നെ ഉയര്‍ന്നിരുന്നു. രണ്ടുലക്ഷം കോടിയൊക്കെ കള്ളക്കണക്കാണെന്ന് അന്നേ തെളിഞ്ഞതാണ്. ചെലവ് ഗണ്യമായി വര്‍ദ്ധിപ്പിച്ചുകൊണ്ടല്ലാതെ നമുക്ക് ഒരിഞ്ചു മുന്നോട്ടു പോകാനാവില്ല. പിശുക്കാനുള്ള സമയമല്ലിത്.

ഇവിടെയാണ് കേരളം വ്യത്യസ്തമാകുന്നത്. നാം നടത്തിയ തയ്യാറെടുപ്പുകള്‍ സുതാര്യമാണ്. ജനങ്ങളെ ഒപ്പം ചേര്‍ത്തുകൊണ്ടാണ് നമ്മുടെ കോവിഡ് പ്രതിരോധം സജ്ജമാക്കിയിരിക്കുന്നത്. നടപടികള്‍ എല്ലാ ദിവസവും വിശദമായി മുഖ്യമന്ത്രി തന്നെ ജനങ്ങളോടു പറയുന്നു. സ്വകാര്യ ആശുപത്രികളുടേതുള്‍പ്പെടെ ഐസിയു കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്. പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സൌകര്യം സജ്ജമാണ്. രോഗികളുടെ എണ്ണം ഇന്നുള്ളതിന്റെ പതിന്മടങ്ങ് ആയാലും ആവശ്യത്തിന് ഓക്‌സിജന്‍ ആശുപത്രികളില്‍ സ്റ്റോക്കുണ്ട്.

ഈ പ്രതിരോധസംവിധാനത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്. സര്‍ക്കാരും ജനങ്ങളും ചേര്‍ന്നതാണീ സംവിധാനം. ആ വിശ്വാസ്യതയുടെ തെളിവാണ് പ്രത്യേകിച്ച് ആഹ്വാനമൊന്നുമില്ലാതെ ദുരിതാശ്വാസ നിധിയലേയ്ക്ക് പ്രവഹിക്കുന്ന സംഭാവന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+