'ബിഹാറും ഉത്തർപ്രദേശും പോലെ കേരളത്തെ വികസിപ്പിക്കാനാണോ മോദി ഉദ്ദേശിക്കുന്നത്?'; ചോദ്യവുമായി തോമസ് ഐസക്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തിൽ പ്രതികരിച്ച് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ തോമസ് ഐസക്. അതീവ കൗതുകത്തോടെയാണ് പ്രധാനമന്ത്രിയുടെ കേരളത്തിന് വേണ്ടിയുള്ള രൂപരേഖയ്ക്കുവേണ്ടി കാത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പടവലങ്ങ പോലെയാണ് വളർച്ചയെന്നും തോമസ് ഐസക് ആരോപിച്ചു.
ഡോ. ടിഎം തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം:
വികസിത കേരളത്തിനുള്ള രൂപരേഖ പ്രഖ്യാപിക്കാനാണത്രേ പ്രധാനമന്ത്രിയുടെ തിരുവനന്തപുരം സന്ദർശനം. അതീവ കൗതുകത്തോടെയാണ് ഈയൊരു രൂപരേഖയ്ക്കുവേണ്ടി കാത്തിരിക്കുന്നത്. എങ്ങനെയാണാവോ കേരളത്തെ ബിജെപി വികസിപ്പിക്കാൻ ഉദ്ദേശിക്കുന്നത്? ബിജെപി അടക്കിഭരിക്കുന്ന ബീഹാർ, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെപ്പോലെയാണോ?

എന്താണ് ഈ സംസ്ഥാനങ്ങളുടെ അവസ്ഥ? പടവലങ്ങപോലെയാണ് അവയുടെ വളർച്ച. കഴിഞ്ഞ 40 വർഷക്കാലത്തിനിടയിൽ സംഭവിച്ചത് നോക്കൂ. ഈ സംസ്ഥാനങ്ങളെല്ലാം പിന്നോക്ക സംസ്ഥാനങ്ങളാണെന്നത് പ്രസിദ്ധമാണല്ലോ. പക്ഷേ, പ്രശ്‌നം അതല്ല. അവ കൂടുതൽ കൂടുതൽ പിന്നോക്കം പൊയ്ക്കൊണ്ടിരിക്കുകയാണ്. നോക്കൂ: 1981-ൽ ബീഹാറിന്റെ പ്രതിശീർഷ വരുമാനം ദേശീയ ശരാശരിയേക്കാൾ 29 ശതമാനം താഴ്ന്നതായിരുന്നു.
2021-ൽ അത് 56 ശതമാനം പുറകിലായി. യുപി ഇതേ കാലയളവിൽ 42 ശതമാനത്തിൽ നിന്ന് 78 ശതമാനം താഴെയായി. മദ്ധ്യപ്രദേശ് 71 ശതമാനത്തിൽ നിന്ന് 83 ശതമാനത്തിലേക്ക്. ഒറീസ്സ 71 ശതമാനത്തിൽ നിന്ന് 81 ശതമാനത്തിലേക്ക്. രാജസ്ഥാൻ കുറച്ച് മെച്ചപ്പെട്ടു. പക്ഷേ, ഇപ്പോഴും ദേശീശ ശരാശരിയേക്കാൾ 79 ശതമാനം പുറകിലാണ്.
എന്നാൽ കേരളമോ? 1981-ൽ ദേശീയ പ്രതിശീർഷ വരുമാനത്തിന്റെ 93 ശതമാനം ആയിരുന്നത് 2021-ൽ 133 ശതമാനമായി ഉയർന്നു. ഇത് തന്നെയാണ് ബിജെപി സ്വാധീനം പിന്നിൽ നിൽക്കുന്ന എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും നടന്നത്.
അല്ലാ, ഗുജറാത്താണ് കേരളത്തിന്റെ മാതൃകയെന്നായിരിക്കും പറയുക. ഗുജറാത്ത് മോദി അധികാരത്തിൽ വരുന്നതിന് എത്രയോ ദശാബ്ദങ്ങൾക്കു മുമ്പു തന്നെ ദേശീയ ശരാശരിയേക്കാൾ മുന്നിലായിരുന്നു. 1981-ൽ ഗുജറാത്തിന്റെ പ്രതിശീഷ വരുമാനം ദേശീയ ശരാശരിയുടെ 119 ശതമാനം ആയിരുന്നത് 2021-ൽ 142 ശതമാനമായി ഉയർന്നു. കേരളത്തിന്റെ വളർച്ച അത്രയും വരില്ല.
പക്ഷേ, എന്തുകാര്യം? സാമ്പത്തിക വളർച്ചയുടെ ഗുണഫലത്തിൽ ജനങ്ങൾക്ക് എന്തുകിട്ടി എന്നതല്ലേ കാതലായ കാര്യം.
വികസന സൂചികകളിൽ ഗുജറാത്ത് എവിടെ? കേരളം എവിടെ? ഗുജറാത്തിന്റെ റാങ്ക് നോക്കൂ: സ്കൂളിൽ പോയിട്ടുള്ള സ്ത്രീകൾ (19-ാം റാങ്ക്), 18 വയസിനു മുമ്പ് വിവാഹം ചെയ്യുന്ന സ്ത്രീകൾ (20-ാം റാങ്ക്), ശിശുമരണ നിരക്ക് (19-ാം റാങ്ക്), വളർച്ച മുരടിച്ച് അതായത് പ്രായത്തിനനുസരിച്ച് ഉയരമില്ലാത്ത കുട്ടികൾ (26-ാം റാങ്ക്), ഉയരത്തിന് അനുസരിച്ചുള്ള തൂക്കമില്ലാത്ത കുട്ടികൾ (29-ാം റാങ്ക്), പ്രായത്തിനനുസരിച്ച് തൂക്കമില്ലാത്ത കുട്ടികൾ (29-ാം റാങ്ക്), ശുചിത്വ സൗകര്യമുള്ള വീടുകൾ (18-ാം റാങ്ക്), സ്‌കൂളിൽ ചേരുന്ന കുട്ടികൾ (21-ാം റാങ്ക്), സ്‌കൂളിലെ കൊഴിഞ്ഞുപോക്ക് (24-ാം റാങ്ക്), ഹയർ സെക്കണ്ടറി പ്രവേശനം (24-ാം റാങ്ക്) ഇതിലെല്ലാം കേരളത്തിന് 1-ാം റാങ്കാണ്. മൊത്തം മാനവവികസന സൂചിക എടുത്താൽ ഗുജറാത്തിന് 16-ാം റാങ്ക് ആയിരിക്കുമ്പോൾ കേരളത്തിന് 1-ാം റാങ്കാണ്.
രണ്ട് സംസ്ഥാനങ്ങളെയും സാങ്കൽപികമായി ആഗോള റാങ്കിംഗിൽ രേഖപ്പെടുത്തിയാൽ ഏതാണ്ട് ഒട്ടുമിക്ക വികസന സൂചികകളിലും ഗുജറാത്ത് സോമാലിയ തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം 120-130 റാങ്കുകൾക്കിടയിൽ ആയിരിക്കും. കേരളമാകട്ടെ 30-40 റാങ്കുകൾക്കിടയിലുമായിരിക്കും.
മോദിജി തന്നെ പറഞ്ഞാട്ടെ, ഏത് സംസ്ഥാനമാണ് കൂടുതൽ വികസിതം? അപ്പോഴാണ് എൻഡിഎയിലെ പുതിയ ഘടകകക്ഷി 20-20-യുടെ സാബു ജേക്കബ്ബിന്റെ ഇന്നലത്തെ പ്രഖ്യാപനം പ്രസക്തമാകുന്നത്. "പഴയ കേരളത്തെ വീണ്ടെടുക്കുവാൻ പോവുകയാണ്". അതിനു കേരളം നിന്നുതരാൻ പോകുന്നില്ല.
മോദിയും ബിജെപിയും ചെയ്‌തുകൊണ്ടിരിക്കുന്നത് കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ തകർക്കുകയാണ്. ഉപരോധ സമാനമായ വിവേചനമാണ് കേരളത്തോട് കേന്ദ്രം അനുവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെ ചെറുത്തു തോൽപ്പിക്കുകയെന്നതാണ് മലയാളികളുടെ കടമ. അതിനുള്ള തിരിച്ചടി ബിജെപിക്ക് അടുത്ത തെരഞ്ഞെടുപ്പിൽ നൽകിയേ തീരൂ.












Click it and Unblock the Notifications