'മോദി യുഎസിന് മുന്നിൽ പഞ്ചപുച്ഛമടക്കി നിന്നു, ഇന്ത്യ ഇങ്ങനെ ഒരിക്കലും അപമാനിക്കപ്പെട്ടിട്ടില്ല'; തോമസ് ഐസക്
റഷ്യൻ എണ്ണ വാങ്ങുന്നതിൽ യുഎസിന്റെ നിലപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് മുൻ ധനകാര്യ മന്ത്രിയും സിപിഎം നേതാവുമായ ഡോ. ടിഎം തോമസ് ഐസക്. ഇന്ത്യയ്ക്ക് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ആരുടെയും അനുവാദം ആവശ്യമില്ലായെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഒരു പ്രസ്‌താവന മാത്രമാണ് ഇതുവരെ വന്നത്. നരേന്ദ്ര മോദിയോ എസ് ജയശങ്കറോ ഇക്കാര്യത്തിൽ നിലപാട് അറിയിച്ചിട്ടില്ലെന്നും തോമസ് ഐസക് പറയുന്നു.
തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ്:
"ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്. ഈ ശരത്ക്കാലത്ത് റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തണമെന്ന് നമ്മൾ ആവശ്യപ്പെട്ടു. അവർ അനുസരിച്ചു.... ഇപ്പോൾ നമ്മൾ റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള അനുവാദം കൊടുത്തു. അതും സമ്മതിച്ചു...." പറയുന്നത് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബസന്താണ്. ഫോക്‌സ് ടെലിവിഷനിലെ അഭിമുഖത്തിലാണ് രാജ്യത്തെ ഇങ്ങനെ അപമാനിച്ചത്.

ഇന്ത്യാ സർക്കാരിന്റെ പ്രതികരണം എന്തായിരുന്നു? ഇത് അമേരിക്കക്കാരെ രസിപ്പിക്കാനുള്ള വാചകമടിയായി കണ്ടാൽ മതി. ഇന്ത്യയ്ക്ക് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ആരുടെയും അനുവാദം ആവശ്യമില്ലായെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഒരു പ്രസ്‌താവനയും വന്നു. പക്ഷേ, അമേരിക്കൻ ട്രഷറി സെക്രട്ടറിയുടെ പ്രസ്‌താവനയല്ലേ, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഒന്നും പ്രതികരിച്ചില്ല. വിദേശകാര്യ മന്ത്രിയും നിശബ്‌ദത പാലിച്ചു. പ്രധാനമന്ത്രി മോദിയും ഒന്നും മൊഴിഞ്ഞില്ല. ഇതുപോലെ ഇന്ത്യാ മഹാരാജ്യം അപമാനിക്കപ്പെട്ട ഒരു സന്ദർഭം ഇതിനു മുമ്പ് ഉണ്ടായിട്ടുണ്ടോ?
അമേരിക്കയ്ക്ക് മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്ന മോദിയെ കാണുമ്പോൾ എന്തുവച്ചാണ് ബ്ലാക്ക് മെയിൽ ചെയ്യുന്നതെന്ന സംശയം ന്യായമാണ്. എപ്സ്റ്റീൻ ഫയലിൽ ഒരു മന്ത്രിയുടെ പേര് പലവട്ടമൊക്കെ ഉണ്ടെങ്കിലും അതാകാൻ വഴിയില്ല. ഇപ്പോൾ പലരും ചൂണ്ടിക്കാണിക്കുന്നത് അദാനിക്കെതിരെ അമേരിക്കയിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ള കൈക്കൂലി കേസാണ്.
2020-നും 2024-നും ഇടയ്ക്ക് ഏതാണ്ട് 2000 കോടി രൂപ ഇന്ത്യാ സർക്കാരിലെ ചില ഉദ്യോഗസ്ഥർക്കും ചില രാഷ്ട്രീയ നേതാക്കൾക്കുമായി കൈക്കൂലി നൽകി. സംസ്ഥാന വൈദ്യുതി ബോർഡുകളെക്കൊണ്ട് സോളാർ എജനർജി കോർപ്പറേഷനുമായി കരാർ ഒപ്പുവയ്പ്പിക്കാൻ വേണ്ടിയാണ് ഈ കൈക്കൂലി. ഈ കരാറുകൾമൂലം അദാനിയുടെ ഗ്രീൻ എനർജിക്ക് 20 വർഷംകൊണ്ട് 18000 കോടിയോളം രൂപയുടെ നേട്ടമുണ്ടാകും.
2023-ൽ അമേരിക്കയിൽച്ചെന്ന സാഗർ അദാനിയുടെ ഫോണും മറ്റ് ഉപകരണങ്ങളും എഫ്ബിഐ പിടിച്ചെടുത്ത് പരിശോധിച്ചപ്പോഴാണ് ഇതു സംബന്ധിച്ച് കൃത്യമായ തെളിവുകൾ ലഭിച്ചത്. കേസ് രജിസ്‌റ്റർ ചെയ്തെങ്കിലും, അമേരിക്കൻ സർക്കാരിന് അദാനിക്ക് നോട്ടീസ് കൊടുക്കാൻ ഒരു വർഷക്കാലമെടുത്തു. ഇന്ത്യാ സർക്കാരിന്റെ നിസ്സഹകരണമായിരുന്നു കാരണം. ഇന്ത്യയിൽ നടന്ന അഴിമതിയല്ലേ? ഇന്ത്യാ സർക്കാർ തെളിവ് ചോദിക്കണ്ടേ? തെളിവ് ചോദിച്ച് ഇന്ത്യയിലും കേസ് എടുക്കണ്ടേ? അതൊന്നും ചെയ്യാൻ മോദി തയ്യാറായില്ല.
ഇപ്പോൾ പലരും പറയുന്നത് അമേരിക്കൻ സർക്കാർ കണ്ടെത്തിയ അഴിമതി തെളിവുകളിൽ ബിജെപിയുടെ ചില നേതാക്കളും കൂടുങ്ങുമെന്നാണ്. ഇതുവച്ചാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് ഒരു ഘട്ടത്തിൽ ട്രംപ് പരാമർശിക്കാൻ ഇടയായതെന്നും വ്യാഖ്യാനമുണ്ട്. തെളിവ് അമേരിക്കയുടെ കൈയിലാണ്. നമുക്ക് ഊഹിക്കുകയേ നിവർത്തിയുള്ളൂ. രാജ്യത്തെ ഇത്തരത്തിൽ പുച്ഛിച്ചു കളിയാക്കിയിട്ടുപോലും തലയുർത്തി നിന്ന് മറുപടി നൽകാൻ കഴിയാത്തത് എന്തെന്ന കാര്യം വിശദീകരിച്ചേ തീരൂ.












Click it and Unblock the Notifications