'മോദി നൽകിയത് രൂക്ഷമായ സാമ്പത്തിക മുരടിപ്പിന്റെ മുന്നറിയിപ്പ്, ചെയ്യേണ്ടത് വിലക്കയറ്റം തടയുകയാണ്'; ഐസക്
കഴിഞ്ഞ ദിവസമാണ് കോവിഡ് കാലത്തിന് സമാനമായി വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കാനും സ്വർണം വാങ്ങാതിരിക്കാനും ഒക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്‌തത്. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം തുടരുന്നതിനാൽ വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്തായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. ഇതിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ധനമന്ത്രി തോമസ് ഐസക്. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു തോമസ് ഐസക് അതിന്റെ കാരണങ്ങൾ എടുത്തുപറഞ്ഞത്.
ഡോ. ടിഎം തോമസ് ഐസക്കിന്റെ വാക്കുകൾ
കോവിഡ് കാലത്തെന്നപോലെ യാത്രകൾ വേണ്ടെന്നുവയ്ക്കാനും, വീട്ടിലിരുന്ന് പണിയെടുക്കാനും, ചെലവ് ചുരുക്കാനും രാജ്യത്തോട് പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്‌തിരിക്കുകയാണ്. കോവിഡ് കാലത്തെ ഇത്തരമൊരു സമീപനത്തിന്റെ ഫലം എന്തായിരുന്നുവെന്ന് നമുക്ക് അറിയാം. അക്കാലത്തെ രൂക്ഷമായ സാമ്പത്തിക മുരടിപ്പ് ഒരളവോളം രാജ്യത്തെ വീണ്ടും ഗ്രസിച്ചേക്കാമെന്ന മുന്നറിയിപ്പാണ് മോദി പറയാതെ പറഞ്ഞുവയ്ക്കുന്നത്.

മോദിയുടെ പ്രസംഗത്തെ തുടർന്ന് ഓഹരി കമ്പോളം ഇടിഞ്ഞു. 6.5 ലക്ഷം കോടി രൂപയുടെ നഷ്‌ടമാണ് നിക്ഷേപകർക്ക് ഉണ്ടായത്. രൂപയുടെ മൂല്യവും ഡോളറിന് 95.5 രൂപയ്ക്കപ്പുറം കടന്നു. വരാൻ പോകുന്ന പ്രതിസന്ധിയുടെ നാന്ദിയാണിത്. ആഗോളമായിത്തന്നെ സാമ്പത്തിക മാന്ദ്യത്തിന്റെ സാധ്യത വലുതാണ്. ഐഎംഎഫ് ആഗോള ജിഡിപി വളർച്ച 2026-ൽ 3.1 ശതമാനമായി താഴ്ത്തിയിട്ടുണ്ട്. ഇറാൻ യുദ്ധം നീണ്ടാൽ വളർച്ച 2 ശതമാനം വരെ ചുരുങ്ങാം. പല രാജ്യങ്ങളും മാന്ദ്യത്തിലാകും.
ഇത്തരമൊരു മാന്ദ്യത്തിന്റെ സാഹചര്യത്തിലാണ് മോദി മുണ്ട് മുറുക്കിയുടുക്കാൻ രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നത്. ഇത്തരമൊരു സമീപനം സാമ്പത്തിക വളർച്ചയെ കൂടുതൽ മന്ദീഭവിപ്പിക്കത്തേയുള്ളൂ. അല്ലെങ്കിൽ തന്നെ ഇന്ത്യയിലെ സാമ്പത്തിക ഉത്തേജനത്തിന് ഒരു വിലങ്ങുതടി സ്വകാര്യ ഉപഭോഗച്ചെലവ് വേണ്ടത്ര ഉയരാത്തതാണ്. ഈയൊരു സാഹചര്യത്തിൽ പ്രധാനമന്ത്രി ചെയ്യേണ്ടത് പെട്രോളിയം ഉൽപന്നങ്ങളുടെ മേലുള്ള നികുതികൾ ഇനിയും വെട്ടിക്കുറച്ച് വിലക്കയറ്റത്തെ തടയുകയാണ്. പാചകവാതകത്തിന്റെ വില കൂട്ടി. ഇനി അടുത്ത ഊഴം ഡീസലിന്റെതും പെട്രോളിന്റെതുമാണ്.
എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഇത്ര പരിഭ്രാന്തനായി ജനങ്ങളോട് വിദേശ വസ്‌തുക്കൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്യുന്നത്? കാരണം വിദേശത്തു നിന്നുള്ള സ്വർണ്ണത്തിന്റെയും മറ്റു ഉൽപന്നങ്ങളുടെയും ഇറക്കുമതി രാജ്യത്തിന്റെ വ്യാപാര കമ്മി വർദ്ധിപ്പിക്കും. ഇതിനു പുറമേയാണ് എണ്ണയുടെ വിലക്കയറ്റം. 10 ഡോളർ എണ്ണയ്ക്ക് വില ഉയർന്നാൽ 1500 കോടി ഡോളർ ഇറക്കുമതി ചെലവ് ഉയരും.
രാജ്യത്തിന്റെ അടവുശിഷ്‌ടകമ്മി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ അത് ദേശീയ വരുമാനത്തിന്റെ 2 ശതമാനമായിട്ടുണ്ട്. ഈ കമ്മി നികത്താനുള്ള വിദേശ നാണയ ശേഖരം ഇന്ത്യയുടെ പക്കലുണ്ട്. 69000 കോടി ഡോളറാണ് സമീപകാലത്ത് ഇടിവുണ്ടായിട്ടും ഇപ്പോഴത്തെ വിദേശ നാണയശേഖരം. ലോക രാജ്യങ്ങളിൽ ഇന്ത്യയ്ക്ക് വിദേശ നാണയ ശേഖരത്തിന്റെ കാര്യത്തിൽ നാലാംസ്ഥാനമുണ്ട്. അതുകൊണ്ട് പേടിക്കാനൊന്നുമില്ലായെന്നാണ് മോദി പറയുക.
എന്നാൽ ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിൽ ഒരു ചതിക്കുഴിയുണ്ട്. ഇതിന്റെ 65 ശതമാനം ഹ്രസ്വകാല വായ്‌പകളും ഊഹക്കച്ചവട മൂലധനമോ ആണ്. ചൈയും ഇന്ത്യയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളിലൊന്ന് ഇവിടെയാണ്. ചൈനയിലെ വിദേശനാണയ ശേഖരം ഉയർന്ന കയറ്റുമതിയുടെ അടിസ്ഥാനത്തിലുള്ള വ്യാപാര മിച്ചത്തിൽ നിന്ന് ഉണ്ടായിട്ടുള്ളതാണ്. ഇന്ത്യയിൽ വ്യാപാര കമ്മി ആണെന്നു പറഞ്ഞുവല്ലോ. ഇന്ത്യയുടെ വിദേശ നാണയ ശേഖരം എപ്പോൾ വേണമെങ്കിലും കാറ്റ് പോയ ബലൂൺ പോലെ ആയിത്തീരാം.
അടവുശിഷ്‌ട കമ്മിയുടെ ലക്ഷമണരേഖയായി കരുതുന്നത് ജിഡിപിയുടെ 3 ശതമാനമാണ്. അത് കടന്നാൽ വിദേശ നിക്ഷേപകർ ഇന്ത്യയിൽ നിന്നു പിൻവാങ്ങാൻ തുടങ്ങും. രാജ്യത്തിന്റെ വിദേശ വിനിമയ സ്ഥിതി 1991-ലേതുപോലെ തകരാം. അതുകൊണ്ടാണ് വ്യാപാര കമ്മിയെ നിയന്ത്രിക്കുന്നതിന് ഇന്ത്യക്കാർ സ്വമേധയാ വിദേശ വസ്‌തുക്കൾ വാങ്ങേണ്ടായെന്നു തീരുമാനിക്കാൻ അഭ്യർത്ഥിക്കുന്നത്.












Click it and Unblock the Notifications