'അരി ആഹാരം കഴിക്കുന്നവർക്ക് അറിയാം,ആര് വിചാരിച്ചാലും തൃശ്ശൂരിൽ ബിജെപിയെ ജയിപ്പിക്കാനാകില്ല',ടിഎൻ പ്രതാപൻ
തൃശൂർ: ആരൊക്കെ വന്ന് പ്രചാരണം നടത്തിയാലും തൃശൂരിൽ ബിജെപിക്ക് ജയിക്കാനാകില്ലെന്ന് ടിഎൻ പ്രതാപൻ എം പി. തൃശൂരിൽ സ്ഥാനാർത്ഥിയാകണമോയെന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നും പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മീഡിയ വൺ ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ആര് വിചാരിച്ചാലും തൃശ്ശൂരിൽ ബിജെപിയെ ജയിപ്പിക്കാനാകില്ല,
അരി ആഹാരം കഴിക്കുന്ന മലയാളിക്കറിയാം, പ്രത്യേകിച്ച് തൃശൂരുകാർക്കാറിയാം. ആരൊക്കെ എങ്ങനെ ശ്രമിച്ചാലും തൃശൂരിൽ ബി ജെ പി ജയിക്കില്ല', പ്രതാപൻ പറഞ്ഞു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപ് ചുവരെഴുതുന്നത് ശരിയായ നടപടിയല്ലെന്നും പ്രതാപൻ പറഞ്ഞു.

'ചുവരെഴുത്തുകൾ മായ്ക്കാൻ താൻ നിർദ്ദേശം കൊടുത്തിട്ടുണ്ട്. ദേശീയ തലത്തിൽ തന്നെ ഇപ്പോൾ ഉറ്റുനോക്കുന്ന മണ്ഡലമായി തൃശൂർ മാറി. പ്രധാനമന്ത്രി വരുന്നു, കോൺഗ്രസ് അധ്യക്ഷൻ വരുന്നു, ദേശീയ നേതാക്കൾ എല്ലാവരും ഇനി തൃശൂരിലേക്ക് വരുമെന്ന ബോധ്യവും ഉണ്ടെനിക്ക്. അതിന്റെ ത്രില്ലിലാണ് ഇപ്പോൾ ഞാൻ', പ്രതാപൻ പറഞ്ഞു. സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ടിഎൻ പ്രതാപനോട് മണ്ഡലത്തിൽ സജീവമാകാൻ ദേശീയ നേതൃത്വ നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ വൻ വിജയമായിരുന്നു പ്രതാപൻ മണ്ഡലത്തിൽ നേടിയത്. 93,633 വോട്ടുകൾക്കാണ് സി പി ഐയിലെ രാജാജി മാത്യു തോമസിനെ പ്രതാപൻ പരാജയപ്പെടുത്തിയത്. രാജാജി 3,21,456 വോട്ടുകളാണ് നേടിയത്. ബി ജെ പിക്ക് വേണ്ടി സുരേഷ് ഗോപി 2,93,822 വോട്ടുകളും നേടിയരുന്നു.
ഇത്തവണ സുരേഷ് ഗോപിയിലൂടെ മണ്ഡലം പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി. സുരേഷ് ഗോപിയുടെ ജനസ്വീകാര്യത വോട്ടാക്കി മാറ്റാം എന്നാണ് ബി ജെ പിയുടെ പ്രതീക്ഷ. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലെ കണക്കുകളും ബി ജെ പിക്ക് പ്രതീക്ഷ നൽകുന്നതാണ്. പരാജയപ്പെട്ടെങ്കിലും 2014 നെ അപേക്ഷിച്ച് 1,91,141 വോട്ടുകൾ അധികമായി നേടാൻ സുരേഷ് ഗോപിക്ക് സാധിച്ചിരുന്നു. 2014ൽ കെ.പി ശ്രീശൻ മത്സരിച്ചപ്പോൾ 1,02,628 വോട്ടുകൾ മാത്രമായിരുന്നു ബി ജെ പിക്ക് നേടാൻ സാധിച്ചത്. സുരേഷ് ഗോപിയുടെ ജനപിന്തുണയും ക്രൈസ്തവ വോട്ടുകളും ഉറപ്പിക്കാനായാൽ വിജയം സുനിശ്ചിതമാണെന്നാണ് ബി ജെ പിയുടെ കണക്ക് കൂട്ടൽ.
അതേസമയം സി പി ഐയിൽ നിന്ന് വി എസ് സുനിൽ കുമാർ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. സുനിൽ കുമാറിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പോസ്റ്ററുകൾ പ്രത്യേക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്. എന്നാൽ നേതൃത്വത്തിന്റെ അറിവോടെയല്ല ഇതെന്നാണ് അദ്ദേഹം പ്രതികരിച്ചത്.












Click it and Unblock the Notifications