ഗുരുദേവനെ ഏറ്റവും കൂടുതൽ അപമാനിച്ചവർ ഇടതുപക്ഷക്കാർ; കെ സുരേന്ദ്രൻ
തിരുവനന്തപുരം; റിപ്പബ്ലിക്ക് ഡേ പരേഡിൽ ശ്രീനാരായണ ഗുരുദേവന്റെ പ്ലോട്ട് ഒഴിവാക്കിയെന്നത് നട്ടാൽ മുളയ്ക്കാത്ത നുണയാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഗുരുദേവനെ ഏറ്റവും കൂടുതൽ അപമാനിച്ചവർ ഇടതുപക്ഷക്കാർ ആണെന്നും സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷമായി നിലവാരമില്ലാത്തതിനാലാണ് കേരളത്തിന്റെ പ്ലോട്ട് റിപ്പബ്ലിക്ക് ദിന പരേഡിൽ അനുവദിക്കാത്തത്. കേരളത്തിന് വേണ്ടത്ര ഗൃഹപാഠമില്ലാത്തതാണ് കൊണ്ടാണ് അവസരം ലഭിക്കാത്തതെന്നും സുരേന്ദ്രൻ ആരോപിച്ചു.

ഗുരുദേവനെ ഏറ്റവും കൂടുതൽ അപമാനിച്ചവരാണ് ഇപ്പോൾ ഗുരുദേവന്റെ വക്താക്കളാവുന്നത്. ഗുരുവിനെ ഏറ്റവും കൂടുതൽ ആക്ഷേപിച്ചവരാണ് ഇടതുപക്ഷം. ഗുരുദേവ ദർശനങ്ങൾ ലോകം മുഴുവൻ പ്രചരിപ്പിച്ച നരേന്ദ്ര മോദി സർക്കാരാണ് രാജ്യം ഭരിക്കുന്നത്. ഗുരുദേവന്റെ പേരിൽ ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് സി പി എം ശ്രമമെന്നും ബി ജെ പി അദ്ധ്യക്ഷൻ സുരേന്ദ്രൻ പറഞ്ഞു.
അതേസമയം തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടെയും ഫ്യൂഡൽ പാരമ്പര്യം പിന്തുടരുന്നത് കൊണ്ടാണ് ശ്രീനാരായണ ഗുരുവിൻ്റെ പ്രതിമ മുന്നിൽ വെച്ചുള്ള കേരളത്തിൻ്റെ നിശ്ചല ദൃശ്യത്തിന് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചതെന്നായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിമർശനം.
റിപ്പബ്ലിക് ദിന പരേഡിൽ കേരളം നൽകിയ നിശ്ചല ദൃശ്യത്തിൻ്റെ മോഡലിൽ, സ്ത്രീ സുരക്ഷയെന്ന ആശയം മുൻനിർത്തി ജടായുപ്പാറയിലെ പക്ഷിശിൽപ്പവും ചുണ്ടൻ വള്ളവുമാണ് ഉണ്ടായിരുന്നത്. ശങ്കരാചാര്യരുടെ പ്രതിമ ഇതിന് മുന്നിൽ വെക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു. കേരളം ശ്രീനാരായണ ഗുരുവിൻ്റെ പ്രതിമ മുന്നിൽ വെക്കാമെന്ന് അറിയിച്ച് അതിൻ്റെ മോഡൽ സമർപ്പിച്ചു. ഈ നിശ്ചലദൃശ്യം ഉൾപ്പെടുത്താമെന്ന് അധികൃതർ പറയുകയും അന്തിമ ചുരുക്കപ്പട്ടികയിൽ കേരളത്തെ ഉൾപ്പെടുത്തുകയും ചെയ്തതായിരുന്നു. എന്നാൽ, രാഷ്ട്രീയ ഇടപെടലിനെ തുടർന്ന് ശ്രീനാരായണ ഗുരുവിൻ്റെ നിശ്ചലദൃശ്യം റിപ്പബ്ലിക് ദിന പരേഡിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു. ബിജെപിയ്ക്ക് ശ്രീ നാരായണ ഗുരു സ്വീകാര്യനല്ലായിരിക്കാം. എന്നുവെച്ച് മഹാനായ നവോത്ഥാന നായകനെ ഈ വിധത്തിൽ അപമാനിച്ച് ഒഴിവാക്കുന്നത് പുരോഗമന സമൂഹത്തിന് അംഗീകരിക്കാൻ കഴിയില്ലെന്നും കോടിയേരി പറഞ്ഞിരുന്നു.
ശ്രീനാരായണ ഗുരുവിന് അയിത്തം കൽപ്പിച്ച സങ്കുചിതമായ രാഷ്ട്രീയ തീരുമാനം തിരുത്താൻ കേന്ദ്രം തയ്യാറാവണം. റിപ്പബ്ലിക്ക് ദിന പരേഡിൽ കേരളത്തിൻ്റെ, ശ്രീനാരായണ ഗുരുവിൻ്റെ നിശ്ചലദൃശ്യം ഉൾപ്പെടുത്തണമെന്നും കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications