'അധികാരത്തിന്റെ രുചി അറിയുന്നവർ സിംഹാസനത്തിൽ നിന്ന് ഒഴിയൂ..'; എംടിക്ക് പിന്നാലെ എം മുകുന്ദനും
കോഴിക്കോട്: എംടി വാസുദേവൻ നായർക്ക് പിന്നാലെ രാഷ്ട്രീയ വിമർശനവുമായി എഴുത്തുകാരൻ എം മുകുന്ദനും രംഗത്ത്. കോഴിക്കോട് കേരള ലിറ്ററേച്ചർ ഫെസ്‌റ്റിവൽ വേദിയിലാണ് മുകുന്ദന്റെയും പരാമർശം. അധികാരത്തിന്റെ രുചി അറിയുന്നവരാണ് സിംഹാസനത്തിൽ ഇരിക്കുന്നതെന്നും, അവരോട് പറയാനുള്ളത് അവിടെ നിന്ന് ഒഴിയൂ എന്നാണെന്നും, ജനം പിന്നാലെയുണ്ടെന്നും മുകുന്ദൻ തന്റെ പ്രസംഗത്തിൽ പരാമർശിച്ചു.
തിരഞ്ഞെടുപ്പ് ഇനിയും വരുമെന്നും ചോരയുടെ മൂല്യം ഓർക്കണമെന്നും, ഇതു ഓർത്തുകൊണ്ടാകണം വോട്ട് ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. "നാം ജീവിക്കുന്നത് കിരീടങ്ങൾ വാഴുന്ന കാലത്താണ്. ചോരയുടെ പ്രാധാന്യം കുറഞ്ഞു വരുന്നു. സിംഹാസനത്തിൽ ഇരിക്കുന്നവർ അധികാരത്തിന്റെ രുചി അറിഞ്ഞവരാണ്. അവരോട് പറയാനുള്ളത് സിംഹാസനത്തിൽ നിന്ന് ഒഴിയൂ എന്നാണ്. ജനം പിന്നാലെയുണ്ട്" മുകുന്ദൻ കെഎൽഎഫ് വേദിയിൽ പറഞ്ഞു.

നേരത്തെ എംടി വാസുദേവൻ നായരുടെ രാഷ്ട്രീയ വിമർശനം വലിയ വിവാദങ്ങൾക്കായിരുന്നു തിരി കൊളുത്തിയത്. സർക്കാരിനെയും മുഖ്യമന്ത്രിയെയും ആണ് എംടി ഉദ്ദേശിച്ചത് എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാധിപത്യമോ ആകാമെന്നും രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള അംഗീകൃതമാര്‍ഗമായി മാറിയെന്നുമായിരുന്നു എംടിയുടെ വിമർശനം.
കൂടാതെ തെറ്റ് പറ്റിയാല്‍ അത് സമ്മതിക്കുന്ന ഒരു മഹാരഥനും ഇവിടെയില്ലെന്നും മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ പറഞ്ഞിരുന്നു. ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയില്‍ ഇരിക്കെ അധികാരത്തെയും അധികാരികള്‍ സൃഷ്‌ടിക്കുന്ന ആള്‍ക്കൂട്ടത്തെയും അതുവഴി രൂപപ്പെടുന്ന നേതൃപൂജകളെയും കുറിച്ച് അദ്ദേഹം ശക്തമായ ഒളിയമ്പുകളായിരുന്നു തൊടുത്തുവിട്ടത്.
ഇതിന് പിന്നാലെ പ്രതിപക്ഷം ശക്തമായ ആരോപണ ശരം തന്നെ സർക്കാരിനെതിരെ തൊടുത്തുവിട്ടിരുന്നു. എംടിയുടെ അഭിപ്രായം പിണറായി വിജയനും, നരേന്ദ്ര മോദിക്കും ഒരുപോലെ ബാധകമാണെന്നായിരുന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്. ഇനിയെങ്കിലും മുഖ്യമന്ത്രിയുടെ കണ്ണ് തുറക്കട്ടെ എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.
തന്റെ വിമർശനത്തിലൂടെ എംടി ഉദ്ദേശിച്ചത് കേരളത്തെ തന്നെയാണെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം. എംടി വാസുദേവൻ നായരുടെ പരാമർശം അധികാരം എങ്ങനെ ദുഷിപ്പിക്കുന്നതിനെ ക്കുറിച്ചാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചൂണ്ടിക്കാട്ടിയത്.
എന്നാൽ തന്റെ വാക്കുകള്‍ സംസ്ഥാന സര്‍ക്കാരിനെയോ മുഖ്യമന്ത്രിയെയോ ഉദ്ദേശിച്ചല്ലെന്നായിരുന്നു എംടിയുടെ വിശദീകരണം. റഷ്യയില്‍ അടക്കമുള്ള സാഹചര്യങ്ങള്‍ പരാമര്‍ശിച്ചതിന്റെ അര്‍ഥം മലയാളം അറിയുന്നവര്‍ക്ക് മനസിലാകും. അത് കേരളത്തെ സൂചിപ്പിക്കാനല്ല. മാധ്യമങ്ങള്‍ കല്‍പിച്ച് പറയുന്ന വിവാദത്തിനും ചര്‍ച്ചക്കും ഞാനും പ്രസംഗവും ഉത്തരവാദിയല്ലെന്നും എംടി പറഞ്ഞതായി കൈരളി ന്യൂസ് റിപ്പോർട്ട് ചെയ്‌തിരുന്നു.












Click it and Unblock the Notifications