'നവകേരള സദസിൽ പിണറായിക്കൊപ്പം രാഹുൽ പങ്കെടുക്കുമെന്ന് കരുതി'; പരിഹാസവുമായി കേന്ദ്രമന്ത്രി
കോഴിക്കോട്: കോൺഗ്രസിനെയും സിപിഎമ്മിനേയും ഒരുപോലെ വിമർശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ രംഗത്ത്. കേരളത്തിൽ സിപിഎമ്മും കോൺഗ്രസും പ്രീണന നയം നടത്തുകയാണെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു. കേരളത്തിലെ യുവാക്കളെക്കുറിച്ച് ചിന്തയുണ്ടായിരുന്നെങ്കിൽ അവർക്കുവേണ്ടി ജോലിയും ഫാക്‌ടറികളും ഉണ്ടാക്കുകയായിരുന്നു പിണറായി വിജയൻ ചെയ്യേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എൻഡിഎയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഭീകരവിരുദ്ധ സമ്മേളനം കോഴിക്കോട് മുതലക്കുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജീവ് ചന്ദ്രശേഖർ. കേരളത്തിലെത്തിയ രാഹുൽ ഗാന്ധി, പിണറായി വിജയനൊപ്പം നവകേരള സദസിൽ പങ്കെടുക്കുമെന്നാണ് താൻ കരുതിയതെന്നും രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു.

'പിണറായി വിജയന്റെ നേതൃത്വത്തിൽ സിപിഎം നവകേരള യാത്ര നടത്തിക്കൊണ്ടിരിക്കുകയാണ്. രാഹുൽ ഗാന്ധിയും കേരളത്തിലുണ്ട്. ഇരുവരും ഒരുമിച്ച് നവകേരള സദസിൽ പങ്കെടുക്കും എന്നാണ് ഞാൻ കരുതിയത്. എന്നാൽ അങ്ങനെയൊന്നും കണ്ടില്ല.' അദ്ദേഹം പറയുന്നു. സ്ട്രോങ്ങ് കേരളം ഫസ്‌റ്റ് കേരളം എന്നതാണ് എൻഡിഎയുടെ നയമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഹമാസ് നടത്തുന്നത് ഭീകരവാദമാണെന്നും, കേരളത്തിൽ സിപിഎം അതിന് പിന്തുണ നല്‍കുകയാണെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. കേരളത്തില്‍ ഭീകരവാദികള്‍ക്ക് സിപിഎം ചുവന്നപരവതാനി വിരിക്കുന്നെന്നും ഹമാസിനെ വിമര്‍ശിക്കുന്നവരെ തീവ്രവാദികളാക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.
ഹമാസിനെ വിമര്‍ശിക്കുന്നവരെ ഇവിടെ ഭീകരവാദികളാക്കുന്നുവെന്നും, ആര് തന്നെ എന്തൊക്കെ വിളിച്ചാലും കേസെടുത്താലും പ്രശ്‌നമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യയുടെ വളര്‍ച്ചയെ മുരടിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് അകത്തും പുറത്തും നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശക്തമായ നിലപാടാണ് ഭീകരവാദത്തിനെതിരെ എൻഡിഎ എന്നും സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജീവ് ചന്ദ്രശേഖര്‍ നടത്തിയ പ്രസ്താവന വിവാദമായതോടെ പോലീസ് കേസെടുത്തിരുന്നു. എറണാകുളം സെന്‍ട്രല്‍ പോലീസാണ്. കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്തത്. സൈബര്‍ സെല്‍ എസ്‌ഐയുടെ പരാതിയിലാണ് കേസ്. ലഹളയുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് മന്ത്രിക്കെതിരെ എഫ്‌ഐആറില്‍ പറയുന്നത്.
സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ത്ത് ലഹളയുണ്ടാക്കണം എന്ന ഉദ്ദേശത്തോടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ടു എന്നാണ് എഫ്‌ഐആറിലെ പരാമര്‍ശം. ഇതിന് പിന്നാലെ രാജീവ് ചന്ദ്രശേഖർ തന്റെ പ്രസ്‌താവനയിൽ ഉറച്ചുനിൽക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications