കോതമംഗലം കുട്ടമ്പുഴയിൽ വനത്തിൽ കുടുങ്ങിയ 3 സ്ത്രീകളെ കണ്ടെത്തി; ആശ്വാസം, എല്ലാവരും സുരക്ഷിതർ
എറണാകുളം: കോതമംഗലം കുട്ടമ്പുഴയിൽ പശുവിനെ തിരഞ്ഞ് വനത്തിൽ പോയ മൂന്ന് സ്ത്രീകളെ കണ്ടെത്തി. ഇന്നലെ രാത്രിയിൽ നടന്ന തിരച്ചിൽ വനത്തിലെ വെളിച്ചക്കുറവും കാട്ടാന കൂട്ടത്തിന്റെ സാന്നിധ്യവും കാരണം നിർത്തിവച്ചിരുന്നു. തുടർന്ന് ഇന്ന് രാവിലെ തുടങ്ങിയ തിരച്ചിലിന് പിന്നാലെയാണ് ഇവരെ കണ്ടെത്തിയത്. ഇന്ന് രണ്ട് സംഘങ്ങളാണ് സ്ത്രീകളെ കണ്ടെത്താനുള്ള തിരച്ചിലിന് രംഗത്തുണ്ടായിരുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരും ആദിവാസികളും ഉൾപ്പെടെ തിരച്ചിലിൽ പങ്കെടുത്തിരുന്നു.
തുണ്ടത്തിൽ, ഇടമലയാർ റേഞ്ചിലെ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് തിരച്ചിലിന് നേതൃത്വം നൽകിയത്. ഇവർക്കൊപ്പം പോലീസും, അഗ്നിരക്ഷാ സേനയും, നാട്ടുകാരും തിരച്ചിലിന് സഹകരിക്കുന്നുണ്ട്. ഇന്നലെ രാത്രി നാല് സംഘങ്ങൾ കയറിയെങ്കിലും വെളിച്ചക്കുറവ് മൂലം അതിൽ രണ്ട് സംഘങ്ങൾ പിൻവാങ്ങിയിരുന്നു.

വനത്തിനുള്ളിൽ ഡ്രോൺ പരിശോധന ഉൾപ്പെടെ നടത്തുന്നുണ്ട്. ഡിഎഫ്ഒയാണ് ഇക്കാര്യം അറിയിച്ചത്. മായ ജയൻ, പാറുക്കുട്ടി, ഡാർലി എന്നിവരെയാണ് ഇന്നലെ മുതൽ കാണാതായത്. മായയുടെ പശുവിനെ തിരഞ്ഞാണ് ഇന്നലെ ഉച്ചയ്ക്ക് നാല് മണിയോടെ ഇവർ കാട് കയറിയത്. ഇവരുടെ കൈവശം മൊബൈൽ ഫോൺ ഉൾപ്പെടെ ഉണ്ടായിരുന്നു.
ഇന്നലെ വൈകീട്ട് വരെ ഇവരെ ഫോണിൽ ലഭ്യമായിരുന്നു. വീട്ടുകാരുമായി ഉൾപ്പെടെ ഇവർ സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ് മൂവരെയും ബന്ധപ്പെടാൻ സാധിക്കാതെ വന്നത്. പിന്നാലെയാണ് വനംവകുപ്പ് ഉൾപ്പെടെ തിരച്ചിൽ ആരംഭിച്ചത്. മായയുടെ പശുവിനെ തേടി കാട്ടിലേക്ക് പോയ ഇവർക്ക് മുന്നിൽ കാട്ടാനക്കൂട്ടം പെട്ടതോടെ ചിതറിയോടുകയായിരുന്നു.
അടുത്തുള്ള ഒരു പാറക്കൂട്ടത്തിൽ അഭയം പ്രാപിച്ചിരിക്കുകയാണ് എന്നായിരുന്നു ഇവർ അവസാനമായി ഫോണിൽ വിളിച്ചപ്പോൾ പറഞ്ഞത്. കുടിക്കാനായി വെള്ളം കൊണ്ട് വരണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് ശേഷം ഇവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. ഇവരെ തിരഞ്ഞ് പോയ സംഘവും കാട്ടാനക്കൂട്ടത്തിന് മുന്നിൽ അകപ്പെട്ടിരുന്നു.
അതേസമയം വിഷയത്തിൽ വനംമന്ത്രി എകെ ശശീന്ദ്രൻ ഉൾപ്പെടെ ഇടപെട്ടിട്ടിരുന്നു. കാണാതായവർക്കുള്ള തിരച്ചിലിനു കൂടുതൽ സംഘത്തെ ഏർപ്പെടുത്തിയതായി വനം മന്ത്രി ഏകെ ശശീന്ദ്രൻ അറിയിച്ചത്. ദൗത്യത്തിനായി കൂടുതൽ പോലീസിനെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും നിയോഗിക്കുമെന്നും ഡ്രോൺ സഹായം തേടുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
വനാതിർത്തിയിലാണ് ഇവരുടെ വീട് സ്ഥിതി ചെയ്യുന്നത്. പശുവിനെ ബുധനാഴ്‌ച മുതൽ കാണാതായിരുന്നു തുടർന്ന് തിരച്ചിലിനായി മൂവരും കൊടും വനത്തിലേക്ക് കയറിയത്. എന്നാൽ ഇതിനിടെ പശു തിരിച്ചെത്തിയതോടെ വീട്ടുകാർ ആശങ്കയിലാവുകയായിരുന്നു. ഇന്നലെ അർധരാത്രി വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ ആശ്വാസ വാർത്തയാണ് മേഖലയിൽ നിന്ന് വരുന്നത്.












Click it and Unblock the Notifications