തൃശൂരിൽ അങ്ങനെ തീരുമാനമായി; മേയറായി ഡോ. നിജി ജസ്‌റ്റിൻ, ഡെപ്യൂട്ടി മേയറായി എ പ്രസാദ് എത്തും
തൃശൂർ: അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ തൃശൂർ കോർപ്പറേഷനിൽ മേയറെ തിരഞ്ഞെടുത്തു. തൃശൂർ ഡിസിസി വൈസ് പ്രസിഡന്റ് ഡോ. നിജി ജസ്‌റ്റിൻ മേയറാകും. കിഴക്കുംപാട്ടുകരയിൽ നിന്നും വിജയിച്ച സ്ഥാനാർത്ഥിയായിരുന്നു നിജി ജസ്‌റ്റിൻ. എ പ്രസാദ് ഡെപ്യൂട്ടി മേയറുമാകും. പാർട്ടിയുടെയും കൗൺസിലർമാരുടെയും അഭിപ്രായം കണക്കിലെടുത്താണ് തീരുമാനമെന്ന് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് മാധ്യമങ്ങളോട് പറഞ്ഞു.
മേയർ സ്ഥാനത്തിനായി നേരത്തെ ചരടുവലികൾ നടന്നിരുന്നെങ്കിലും അവസാനം കാര്യമായ തർക്കങ്ങളൊന്നുമില്ലാ തന്നെയാണ് തൃശൂർ ഡിസിസി ഡോ. നിജി ജസ്‌റ്റിനെ മേയറായി പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പുരംഗത്ത് ആദ്യമാണെങ്കിലും ഡോ. നിജി സംഘടനാരംഗത്തും ഗൈനക്കോളജിസ്‌റ്റ് എന്ന നിലയിലും സജീവമാണ്. 614 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇവർ വിജയിച്ചത്.

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്, മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളിലും അവർ പ്രവർത്തിച്ചിരുന്നു. തുടർന്നാണ് മേയറായി നിജിയെ തന്നെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്. എ പ്രസാദിന്റെ പേര് തന്നെയായിരുന്നു ഡെപ്യൂട്ടി മേയറായി ആദ്യം തന്നെ പരിഗണനയിൽ ഉണ്ടായിരുന്നത്.
നിലയിൽ സിവിൽ സ്‌റ്റേഷൻ ഡിവിഷനിൽനിന്നാണ് 413 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. കൗൺസിലർ എന്ന നിലയിൽ പ്രവർത്തനപരിചയവും ഇദ്ദേഹത്തിനുണ്ട്. ഒരുപതിറ്റാണ്ടിനുശേഷമാണ് തൃശൂർ കോർപറേഷൻ ഭരണം കോൺഗ്രസിന്റെ കൈകളിലെത്തുന്നത്. ഈ സാഹചര്യത്തിൽ പോലും കാര്യമായ തർക്കങ്ങളില്ലാതെ നേതൃത്വത്തെ തിരഞ്ഞെടുക്കാൻ സാധിച്ചതിന്റെ ആശ്വാസത്തിലാണ് കോൺഗ്രസ്.
ടേം വ്യവസ്ഥ സംബന്ധിച്ച് പിന്നീട് അറിയിക്കുമെന്നും ഇപ്പോൾ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയാണെന്നും ജോസഫ് ടാജറ്റ് മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. ഉചിതമായ തീരുമാനം അതാത് സമയത്ത് ഉണ്ടാകും. ആരെയും ഒഴിവാക്കിയിട്ടില്ല. തൃശൂരിൽ 19 വനിത കൗൺസിലർമാരുണ്ട്. എല്ലാവരും അർഹരാണ്. എന്നാല്‍ മാനദണ്ഡങ്ങൾ എല്ലാം അനുസരിച്ചാണ് തീരുമാനമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.
ആകെയുള്ള 56 ഡിവിഷനിൽ 33 എണ്ണവും പിടിച്ചെടുത്താണ് ഇത്തവണ യുഡിഎഫ് അധികാരത്തിലെത്തിയത്. നിജി ജസ്‌റ്റിനെ കൂടാതെ ലാലി ജെയിംസ്, സുബി ബാബു എന്നിവരേയും മേയർ പദവിയിലേക്ക് കോൺഗ്രസ് പരിഗണിച്ചിരുന്നു. എന്നാൽ അന്തിമ നറുക്ക് വീണത് ഡോ. നിജിക്കായിരുന്നു എന്നതാണ് പ്രധാന കാര്യം. മറ്റ് ഏതെങ്കിലും നേതാക്കൾക്ക് വേണ്ടി രണ്ടര വർഷം കഴിഞ്ഞാൽ സ്ഥാനം ഒഴിയുമോ എന്നത് സംബന്ധിച്ച് തീരുമാനം ഇപ്പോൾ എടുത്തിട്ടില്ലെന്നാണ് വിവരം.
ക്രിസ്‌മസ് ദിനത്തിൽ തന്നെ ഇത്തരത്തിൽ ഒരു സന്തോഷ വാർത്ത വന്നതിൽ സന്തോഷമുണ്ട്. കിഴക്കുംപാട്ടുകരയിലെ വോട്ടർമാർക്ക് നന്ദിയുണ്ടെന്നും കോർപ്പറേഷനിൽ കൂട്ടായ പ്രവർത്തനം ഉണ്ടാകുമെന്നും നിജി ജസ്‌റ്റിൻ പറയുന്നു. 100 വർഷത്തിന് ശേഷമാണ് തൃശൂർ കോർപ്പറേഷൻ അധ്യക്ഷ സ്ഥാനത്തേക്ക് ഒരു ഡോക്‌ടർ എത്തുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications