Thrissur Pooram Wishes | പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം വരവായി; നിറവോടെ വടക്കുന്നാഥ സന്നിധി, ആശംസകൾ
പൂരമെന്ന് പറഞ്ഞാൽ തന്നെ മലയാളിക്ക് മറ്റൊന്നും ആലോചിക്കേണ്ടി വരില്ല, ആദ്യം മനസിൽ ഓടിയെത്തുക തൃശ്ശൂർ പൂരത്തിന്റെ കാര്യമായിരിക്കും. അത്രയേറെ മലയാളിയുടെ മനസിനോട് ചേർന്ന് നിൽക്കുന്ന ആഘോഷങ്ങൾ വളരെക്കുറവാണ്. ക്ഷേത്രോത്സവം ആണെങ്കിലും കേരളത്തിന്റെ മത സൗഹാർദ്ദത്തിന്റെ നേർക്കാഴ്‌ച്ച പോലെ നാനാജാതി മതത്തിൽ പെട്ടവരും ഒരു മനസോടെ എത്തുന്ന ഇടമാണ് പൂരനഗരി.
ഒന്നും രണ്ടുമല്ല ലക്ഷക്കണക്കിന് പേരാണ് പൂരത്തിന് സാക്ഷ്യം വഹിക്കാനായി കേരളത്തിന്റെ സംസ്‌കാരിക തലസ്ഥാനത്തേക്ക് എത്തിച്ചേരാറുള്ളത്. പേരിൽ തൃശ്ശൂർ ഉണ്ടെന്നേ ഉള്ളൂ മലയാളികളുടെ മുഴുവൻ ആഘോഷമായി, നമ്മുടെ സാംസ്‌കാരിക ചരിത്രത്തോട് ചേർന്ന് നിൽക്കുന്ന ഒരു ഉത്സവമായി ഇത് മാറിയിട്ട് നാളുകൾ ഏറെയായി. ഇത്തവണത്തെ പൂരത്തിന് കൊടിയേറാൻ ഇനി മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളൂ.

തൃശൂർ പൂരം 2025: സമയക്രമവും മറ്റ് വിവരങ്ങളും
മെയ് 6 നാളെയാണ് തൃശൂർ പൂരം നടക്കുക. നാളെ രാവിലെ ഏഴര മുതൽ ഘടകപൂരങ്ങളുടെ വരവ് തുടങ്ങും. നാളത്തെ പൂരത്തിന് മുന്നോടിയായി തലേനാൾ ആനകളുടെ ഫിറ്റ്നസ് പരിശോധന ഉൾപ്പെടെ നടക്കും. ഒപ്പം ഇന്ന് ഉച്ചയോടെ നെയ്‌തലക്കാവിലമ്മയുടെ തിടമ്പേറ്റി തെക്കേഗോപുരനട തുറന്ന് എറണാകുളം ശിവകുമാർ പൂരവിളംബരം നടത്തും. ഇതോടെയാണ് തൃശൂർ പൂരത്തിന്റെ ആവേശത്തിലേക്ക് നാടും നഗരവും ഒന്നായി ചെന്നിറങ്ങുക.
നാളെ രാവിലെ 11.30ന് ബ്രഹ്മസ്വം മഠത്തിനു മുന്നിൽ തിരുവമ്പാടിയുടെ മഠത്തിൽവരവ് പഞ്ചവാദ്യം അരങ്ങേറും. ഉച്ചയ്ക്ക് 2.30ന് വടക്കുന്നാഥ ക്ഷേത്രത്തിനുള്ളിൽ ഇലഞ്ഞിത്തറ മേളം. വൈകിട്ട് 5.30നാണ് ഏവരും കാത്തിരിക്കുന്ന കുടമാറ്റം നടക്കുക. പുലർച്ചെ മൂന്നിനു വെടിക്കെട്ടും നടക്കും. ശേഷം മറ്റന്നാൾ രാവിലെ പകൽപൂരത്തിനും വെടിക്കെട്ടിനും ശേഷം ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ പൂരത്തിന് പരിസമാപ്‌തിയായി.
തൃശൂർ പൂരത്തിന് പിന്നിലെ ഐതിഹ്യം
കൊച്ചി രാജാവായിരുന്ന ശക്തന്‍ തമ്പുരാനുമായി ബന്ധപ്പെട്ടാണ് തൃശൂര്‍ പൂരത്തിന്റെ ആരംഭം എന്ന് പറയപ്പെടുന്നു. ശക്തൻ തമ്പുരാൻ കൊച്ചിരാജ്യം ഭരിക്കുന്ന കാലം. അന്ന് തൃശൂര്‍ പൂരം പോലെ ആളുകള്‍ ആഘോഷമാക്കിയ പൂരമാണ് ആറാട്ടുപുഴ പൂരം. പല പ്രദേശങ്ങളിലെ ക്ഷേത്രങ്ങളില്‍നിന്നുള്ള ഘോഷയാത്രകളും ആറാട്ടുപുഴ ക്ഷേത്രത്തിലെത്തി ചേരുന്ന പതുവുണ്ടായിരുന്നു.

ഹിന്ദു ഐതിഹ്യ പ്രകാരം ലോകത്തിലെ മുപ്പത്തിമുക്കോടി ദേവതകളും ആറാട്ടുപുഴയിലേക്ക് അന്ന് പൂര ദിവസം എത്തിച്ചേരുമെന്നാണ് ആളുകൾ വിശ്വസിച്ചിരുന്നത്. ഇത് നടക്കുന്നത് രണ്ട് നൂറ്റാണ്ടുകൾക്ക് മുൻപാണെന്ന് പ്രത്യേകം ഓർക്കണം. തുടർന്ന് 1796ൽ പൂരത്തിന് വലിയ മഴയെത്തുടര്‍ന്ന് തൃശൂര്‍ ദേശത്തെ ആളുകള്‍ക്ക് ആറാട്ടുപുഴയിൽ കൃത്യ സമയത്ത് എത്താന്‍ സാധിച്ചില്ല. ഇതോടെ വൈകിയെന്ന കാരണത്താല്‍ തൃശ്ശൂർ ദേശത്തെ ജനങ്ങളെ അന്ന് പൂരത്തിൽ പങ്കെടുപ്പിക്കാതെ വിലക്കുകയായിരുന്നു.
പാറമേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂർ, അയ്യന്തോൾ, ചൂരക്കാട്ട് കാവ് എന്നിങ്ങനെയുള്ള ദേശങ്ങളിലെ ആളുകള്‍ക്കാണ് അപമാനം നേരിടേണ്ടി വന്നത്. തൃശൂര്‍ ദേശത്തെ ജനങ്ങളെ വിലക്കിയത് ഇഷ്‌ടപ്പെടാത്ത ശക്തന്‍ തമ്പുരാന്‍, അടുത്ത വര്‍ഷം മുതല്‍ വടക്കുന്നാഥനെ ആസ്ഥാനമാക്കി പുതിയൊരു പൂരം ആരംഭിക്കാന്‍ തീരുമാനിച്ചു. അതാണ് ഇന്നത്തെ പൂരമായി പരിണമിച്ചത്.

തൃശൂർ പൂരത്തിന് ആനയും വെടിക്കെട്ടും ഒക്കെ വളരെ പ്രധാനപ്പെട്ടതാണ്. കുടമാറ്റവും തൃശ്ശൂർ പൂരത്തിലെ മുഖ്യ ആകർഷണമാണ്. രണ്ടു വിഭാഗം ദേവിമാരുടെ പരസ്‌പരം കൂടിക്കാഴ്‌ചയാണ്. മുഖാമുഖം നിൽക്കുന്ന പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങൾ തമ്മിൽ പ്രൗഢഗംഭീരമായ വർണ്ണക്കുടകൾ പരസ്‌പരം ഉയർത്തി മത്സരിക്കുന്നതാണ് ഇതിന്റെ പ്രത്യേകത.
തൃശ്ശൂർ പൂരം ആശംസകൾ
ഒരു ദേശത്തിന്റെ ഉത്സവമായി മാറിയ തൃശ്ശൂർ പൂരത്തെ സംബന്ധിച്ച് സകല മലയാളികൾക്കും ഒരുപോലെ ആശംസകൾ അർപ്പിക്കാവുന്നതാണ്. ഓരോ പൂരവും ഓരോ അനുഭവമായി മാറട്ടെ എന്നതാണ് പൂര പ്രേമികൾക്ക് കിട്ടാവുന്ന ഏറ്റവും നല്ല ആശംസ. വർണാഭമായ പൂരക്കാഴ്‌ച്ചകൾ എന്നെന്നും മനസിൽ താങ്ങി നിൽക്കുമാറാകട്ടെ എന്നും ആശംസിക്കാം. മറ്റൊരു തൃശ്ശൂർ പൂരക്കാലം കൂടി വന്നെത്തിയതോടെ എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ പൂരം ആശംസകൾ അർപ്പിക്കുന്നു.












Click it and Unblock the Notifications