നിമിഷപ്രിയയുടെ മോചനത്തിന് വഴിയൊരുങ്ങുന്നു; ദയാധനമായി ഒന്നരക്കോടി രൂപ? ചര്‍ച്ചകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്
തിരുവനന്തപുരം: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. ദയാധനം നല്‍കി വധശിക്ഷ ഒഴിവാക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളാണ് ആരംഭിച്ചിരിക്കുന്നത്. യെമനി ഉദ്യോഗസ്ഥര്‍ ജയിലിലെത്തി നിമിഷ പ്രിയയുമായി കൂടിക്കാഴ്ച നടത്തി. 50 ദശലക്ഷം യെമന്‍ റിയാല്‍ ( ഏകദേശം 1.5 കോടി ഇന്ത്യന്‍ രൂപ) ആണ് കൊല്ലപ്പെട്ട തലാല്‍ മുഹമ്മദിന്റെ കുടുംബം വധശിക്ഷയില്‍ നിന്ന് ഒഴിവാക്കുന്നതിനായി ദയാധനമായി ആവശ്യപ്പെടുന്നത്.
ഇക്കാര്യത്തില്‍ റംസാന്‍ അവസാനിക്കുന്നതിന് മുന്‍പ് തീരുമാനം ഉണ്ടാകണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റംസാന്‍ മാസം കഴിഞ്ഞാല്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ യെമന്‍ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് പോകും എന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. നേരത്തെ മധ്യസ്ഥ ചര്‍ച്ചകള്‍ ഏകോപിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നേതൃത്വത്തില്‍ സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിന് രൂപം നല്‍കിയിരുന്നു.

ഈ സംഘം നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് അനൗപചാരിക ചര്‍ച്ചകള്‍ നടത്തിയതിന് പിന്നാലെയാണ് ദയാധനം സംബന്ധിച്ച നിലപാട് തലാല്‍ മുഹമ്മദിന്റെ കുടുംബം അറിയിച്ചത്. ജസ്റ്റിസ് കുര്യന്‍ ജോസഫിന് പുറമെ സുപ്രീം കോടതി അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് ചന്ദ്രനും കൂടി ചേര്‍ന്നാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. സര്‍ക്കാര്‍ - സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍, അന്താരഷ്ട്ര എജന്‍സികള്‍ തുടങ്ങിയവരുടെ സഹകരണത്തോടെ മോചന ദൗത്യം ഏകോപിപ്പിക്കുകയാണ് സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിന്റെ ദൗത്യം.

നിമിഷ പ്രിയയുടെ മോചനത്തിന് സജീവമായി ഇടപെടാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയവും തീരുമാനിച്ചിരിക്കുകയാണ്. മധ്യസ്ഥ ചര്‍ച്ചകളില്‍ തങ്ങളുടെ പ്രതിനിധിയെ ഉള്‍പ്പെടുത്തുമെന്ന് കേന്ദ്ര സര്‍ക്കാരും നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം തലാല്‍ മുഹമ്മദിന്റെ കുടുംബവുമായി യെമനില്‍ വച്ചാണോ അതോ യെമന് പുറത്ത് വച്ചാണോ ചര്‍ച്ച നടത്തുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

കൊല്ലപ്പെട്ട യമനി പൗരന്‍ തലാലിന്റെ കുടുംബത്തെ കണ്ട് മാപ്പ് ചോദിക്കാനാണ് തീരുമാനം. യെമന്‍ തലസ്ഥാനമായ സനയിലെ ജയിലിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷ പ്രിയ ഇപ്പോഴുള്ളത്. ജോലി ആവശ്യാര്‍ഥം യെമനിലെത്തിയ അവര്‍ തലാല്‍ അബ്ദു മഹ്ദിയെ വിവാഹം ചെയ്തിരുന്നു. നിമിഷ ചതിക്കപ്പെടുകയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. 2017 ജൂലൈയിലാണ് കേസിന് അസ്പദമായ തലാലിന്റെ കൊലപാതകം നടന്നത്. യമനില്‍ നഴ്സായിരുന്നു നിമിഷ. കഴിഞ്ഞ മാസമായിരുന്നു സനയിലെ ഹൈക്കോടതി നിമിഷപ്രിയയുടെ വധശിക്ഷ ശരിവെച്ചത്.

സ്ത്രീയെന്ന കാര്യം മുന്‍നിര്‍ത്തിയും പ്രായമായ അമ്മയുടെയും ആറുവയസ്സുകാരന്‍ മകന്റെയും കാര്യം പരിഗണിച്ചും കുറ്റവിമുക്തയാക്കുകയോ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയോ ചെയ്യണമെന്നായിരുന്നു നിമിഷ പ്രിയയുടെ ആവശ്യം. എന്നാല്‍ ഇത് കോടതി പരിഗണിച്ചില്ല. 2017 ലാണ് യെമന്‍ പൗരനായ തലാല്‍ മുഹമ്മദ് കൊല്ലപ്പെടുന്നത്. യെമനില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹദി പാസ്‌പോര്‍ട്ട് പിടിച്ചുവച്ച് ക്രൂര പീഡിപ്പിച്ചെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം.
Recommended Video

തലാല്‍ മുഹമ്മദില്‍ അമിത ഡോസില്‍ മരുന്ന് കുത്തിവെച്ചായിരുന്നു കൊലപാതകം. ശേഷം മൃതദേഹം വീടിനുമുകളിലെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിക്കുകയായിരുന്നു. നിമിഷ പ്രിയയുടെയും ഇയാളുടെയും വിവാഹം കഴിഞ്ഞതായി രേഖകളുണ്ട്. എന്നാല്‍ ഇത് ലൈസന്‍സ് ആവശ്യങ്ങള്‍ക്ക് വേണ്ടി എടുത്തതാണ് എന്നാണ് നിമിഷയുടെ വാദം.












Click it and Unblock the Notifications