സഡൻ ബ്രേക്കിട്ട് സ്വർണവില; ഇന്ന് അങ്ങോട്ടും ഇങ്ങോട്ടും നീക്കമില്ല, വില 55,000 തൊടാൻ സാധ്യത ഉണ്ടോ? അറിയാം
കൊച്ചി: തുടർച്ചയായ രണ്ടാം ദിനവും കേരളത്തിലെ സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഈ മാസത്തെ മുഴുവൻ ചാഞ്ചാട്ടത്തിന്റെ പ്രവണതകൾക്കും വിരുദ്ധമായാണ് രണ്ട് ദിവസം കേരളത്തിലെ സ്വർണവില അനക്കമില്ലാതെ തുടരുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. അന്താരാഷ്‌ട്ര വിപണിയിൽ നേരിയ വിലക്കുറവ് ഉള്ളതിനാൽ തന്നെ അതിന്റെ ചുവടുപിടിച്ച് കേരളത്തിലും വില കുറയുമോ എന്ന ഉപഭോക്താക്കളുടെ ചോദ്യം നിലനിൽക്കെയാണ് വില അതേപടി തുടരുന്നത്.
ഈ മാസം തുടക്കത്തിൽ 51,600 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. എന്നാൽ പിന്നീട് ഇത് വീണ്ടും ഇടിഞ്ഞ് 50,800 രൂപയിലേക്ക് മാറി. ഇത് ആഗസ്‌റ്റ് മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില കൊണ്ടെത്തിച്ചിരുന്നു. എന്നാൽ ഈ ട്രെൻഡിന് അറുതി വരുത്തി കൊണ്ട് പിന്നീട് വില കുതിച്ചുയരുന്നതാണ് കാണാൻ കഴിഞ്ഞത്. 20 ദിവസത്തിനിടെ ഏകദേശം 3000 രൂപയോളം കുതിച്ചുയർന്നിരുന്നു.

അവിടെ നിന്ന് കഴിഞ്ഞ രണ്ട് ദിവസമായി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 53,720 രൂപയാണ് വില (22 കാരറ്റ്). ഗ്രാമിന് 6715 രൂപ എന്ന നിരക്കിലാണ് വില നിൽക്കുന്നത്. 18 കാരറ്റ് സ്വര്‍ണ വിലയും മാറിയിട്ടില്ല. ഗ്രാമിന് 5555 രൂപ എന്ന നിലയിൽ വില തുടരുന്നു. എന്നാൽ നാല് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന വെള്ളി വിലയില്‍ ഇന്ന് ഒരു രൂപയുടെ കുറവുണ്ടായി. ഗ്രാം വില 92 രൂപയായി കുറഞ്ഞു.
വില 55,000 കടക്കുമോ?
ജൂലൈ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് സർവകാല റെക്കോര്‍ഡ് നിലവാരത്തിലേക്ക് എത്തിയിരുന്നു. പക്ഷേ ഇതിനെ പിടിച്ചുകെട്ടിയത് പിന്നീട് വന്ന കേന്ദ്ര ബജറ്റിലെ പ്രഖ്യാപനമാണ്. ബജറ്റില്‍ കസ്‌റ്റംസ് തീരുവ ഗണ്യമായി കുറച്ചതോടെ സ്വര്‍ണവിലയില്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ 4500 രൂപ വരെ ഇടിവുണ്ടായി. എന്നിട്ടും കഴിഞ്ഞ ദിവസങ്ങളിൽ ഈ വില നഷ്‌ടം ലഘൂകരിച്ചു കൊണ്ട് വർധനവ് ഉണ്ടാവുകയായിരുന്നു.
എന്നാൽ അന്താരാഷ്ട്ര വിപണിയിൽ ഇപ്പോൾ നേരിയ തോതിൽ വില കുറഞ്ഞതിനാൽ ഈ റെക്കോർഡ് ഭേദിക്കാൻ തൽക്കാലം സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. എങ്കിലും വിലയിൽ ഗണ്യമായ കുറവുണ്ടാവാനും ഇടയില്ല. യുഎസ് ഡോളർ കൂടുതൽ കരുത്ത് നേടിയതോടെയാണ് അന്താരാഷ്‌ട്ര വിപണിയിൽ സ്വർണവില കുറഞ്ഞത്.
പക്ഷേ ഈ കുറവ് അധികനാൾ ഉണ്ടാവാൻ ഇടയില്ലെന്നാണ് ചില അഭിപായങ്ങൾ വ്യക്തമാക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷ സാധ്യതകളും യുഎസ് പലിശ നിരക്കുകളിൽ ഉണ്ടായേക്കാവുന്ന കുറവുകളും നിലവിലെ അവസ്ഥയ്ക്ക് മാറ്റം വരുത്തുമെന്ന് കരുതപ്പെടുന്നു. അതിന്റെ ആനുപാതികമായി കേരളത്തിലും വില വർധിക്കാൻ സാധ്യതയുണ്ട്.
ആഭരണം വാങ്ങുമ്പോൾ ഇക്കാര്യം ഓർക്കണം
നിലവിൽ സ്വർണത്തിന് പറയുന്ന വില എന്നത് 22 കാരറ്റ് സാധാരണ സ്വർണത്തിന്റേതാണ്. എന്നാൽ കല്യാണ ആവശ്യങ്ങൾക്കും മറ്റും സ്വർണം ആഭരണം ആക്കി വാങ്ങുന്നവർക്ക് ഇതിലും കൂടുതൽ വില നൽകേണ്ടി വരും. അതിന്റെ കാരണം ജിഎസ്‌ടി ഉൾപ്പെടെയുള്ള നികുതിയും പണിക്കൂലിയും ഒക്കെയാണ്. അതുകൊണ്ട് ആഭരണം വാങ്ങുമ്പോൾ ഇക്കാര്യം എപ്പോഴും ഓർമ്മയിൽ വയ്ക്കണം,












Click it and Unblock the Notifications