സ്വർണവില റഷ്യൻ റോക്കറ്റ് പോലെ കുതിക്കുന്നു..! 60,000-ത്തിലേക്ക് ഇനി ദൂരം കുറവ്, ഇന്നത്തെ പവൻ വില എത്ര?
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. തുടർച്ചയായ അഞ്ചാം ദിവസമാണ് മഞ്ഞലോഹത്തിന്റെ വിലയിൽ ഇത്രയധികം വർധനവുണ്ടാവുന്നത്. കുറച്ച് ദിനങ്ങൾക്ക് മുൻപ് നേരിടേണ്ടി വന്ന വലിയ ഇടിവിന്റെ നഷ്‌ടം മറികടക്കുന്ന നിലയിലാണ് അഞ്ച് ദിവസമായി വില കുത്തനെ ഉയരുന്നത്. കഴിഞ്ഞ 5 ദിവസത്തിനിടെ മാത്രംകേരളത്തിൽ ഒരു പവൻ സ്വർണത്തിന് 2,320 രൂപയാണ് കൂടിയത്, എന്ന് വച്ചാൽ ഗ്രാമിന് 290 രൂപ.
നേരത്തെ ഉണ്ടായിരുന്ന വില ഇടിവിനെ സ്വാധീനിച്ച ഘടകങ്ങൾ ദുർബലമായതോടെയാണ് സ്വർണം കത്തിക്കയറുന്നത്. ഡൊണാൾഡ് ട്രംപ് യുഎസ് തിരഞ്ഞെടുപ്പിൽ വൻ ജയം സ്വന്തമാക്കിയ ഘട്ടത്തിലാണ് ഈ മാസമാദ്യം വിലയിൽ ഗണ്യമായ കുറവുണ്ടായത്. ഡോളർ കരുത്ത് കാട്ടുക കൂടി ചെയ്‌തതോടെ വിലയുടെ പതനം പൂർണമായി. എന്നാൽ ആ സാഹചര്യങ്ങൾ മറികടന്ന് ഇപ്പോൾ വില ഉയർച്ചയുടെ പാതയിലാണ്.

കേരളത്തിൽ ഇന്നത്തെ സ്വർണവില
ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 80 രൂപയുടെ വർധനവാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. 7225 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. പവന് 640 രൂപയുടെ കുതിച്ചു ചാട്ടമാണ് ഉണ്ടായത്. ഇതോടെ കേരളത്തിൽ ഇന്ന് 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 57,800 രൂപയാണ് മുടക്കേണ്ടത്. കൂടാതെ 18 കാരറ്റ് സ്വർണത്തിന്റെ വിലയും മാറ്റമുണ്ടായിട്ടുണ്ട്.
18 കാരറ്റ് സ്വർണം ഗ്രാമിന് 70 രൂപ വർധിച്ച് 5960 രൂപയായാണ് ഉയർന്നത്. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 78.5 ലക്ഷം രൂപ കടക്കുകയും ചെയ്‌തിട്ടുണ്ട്. അന്താരാഷ്ട്ര സ്വർണവില 2685 ഡോള റെന്ന നിലവാരത്തിലാണ് ഇപ്പോഴുള്ളത്, കൂടാതെ ഡോളറിന്റെ ഇന്ത്യൻ രൂപയുമായുള്ള വിനിമയ നിരക്ക് 84.50 എന്ന നിലവാരത്തിലാണ്.
സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് സ്വർണത്തെ പലരും നോക്കി കാണുന്നത്. അതാണ് സ്വർണവിലയുടെ മുന്നേറ്റത്തിൽ പ്രകടമാവുന്ന കാര്യം. നേരത്തെ അന്താരാഷ്ട്ര സ്വർണവില വളരെയധികം താഴ്ന്നിരുന്നു. വില 2798 ഡോളറിലേക്ക് എത്തിയതിനു ശേഷം ഒരുഘട്ടത്തിൽ 2540 ഡോളർ എന്ന നിലയിലേക്ക് കുറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ വില തിരിച്ചുവരവിന്റെ പാതയിലാണ്.
നിലവിലെ സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്ന് റഷ്യ-യുക്രൈൻ യുദ്ധമാണ്. ഒരിടവേളയ്ക്ക് ശേഷം സംഘർഷഭരിതമാണ് ഇവിടുത്തെ സാഹചര്യങ്ങൾ. യുഎസ് അനുമതിയോടെ റഷ്യയിലേക്ക് യുക്രൈൻ മിസൈലുകൾ വിക്ഷേപിച്ചതിന് പിന്നാലെ മേഖലയെ ഒന്നാകെ ഭീതിയിലാഴ്ത്തി റഷ്യ തിരിച്ചടിച്ചിരുന്നു. ഇന്റർ മീഡിയറ്റ് റേഞ്ച് ബാലിസ്‌റ്റിക് മിസൈലാണ് അവർ തൊടുത്തുവിട്ടത്. ഈ യുദ്ധ സാഹചര്യം വിലയെ പിടിച്ചുയർത്തുന്ന ഘടകമാണ്.
യുഎസിലെ പലിശ നിരക്ക് ഉൾപ്പെടെ സ്വർണവിലയെ സ്വാധീനിക്കുന്ന മറ്റ് ഘടകങ്ങളാണ്. കൂടാതെ ലോകത്തിലെ പ്രധാന കറൻസികൾക്ക് എതിരായ വിനിമയ മൂല്യത്തിൽ ഡോളർ പുതിയ ഉയരം കൈവരിച്ചതും വിലയെ താങ്ങി നിർത്തുന്നുണ്ട്. അടുത്ത കുറച്ച് കാലത്തെങ്കിലും തൽസ്ഥിതി തുടരുമെന്നാണ് വിദഗ്‌ധരുടെ മുന്നറിയിപ്പ്.
ഒരു പവൻ ആഭരണം വാങ്ങാൻ എത്ര ചിലവ്?
കേരളത്തിൽ ഇന്നത്തെ സ്വർണ നിരക്കുകൾ വച്ച് നോക്കുമ്പോൾ ആഭരണം വാങ്ങുക എന്നത് അൽപ്പം വിലയേറിയ തീരുമാനം ആയിരിക്കും. പവന് നിരക്കായ 57,800 നൊപ്പം തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും (ഇത് നിങ്ങളുടെ ആഭരണത്തിന് അനുസരിച്ച് വ്യത്യാസപ്പെടാം), മൂന്ന് ശതമാനം ജിഎസ്‌ടിയും മറ്റ് ചാർജുകളും ഒക്കെ ചേരുമ്പോൾ അന്തിമ വിലയായി 62,500 രൂപ വരെ മുടക്കേണ്ടി വരും.












Click it and Unblock the Notifications