സ്വർണവിലയിലെ ഇടിവിന് അന്ത്യം; ഇന്നുണ്ടായത് വൻ വർധനവ്, മഞ്ഞലോഹത്തിന് ഇനിയും വില കൂടുമോ?
കൊച്ചി: കേരളത്തിൽ സ്വർണവിലയിലെ കുറവിന് അന്ത്യം കുറിച്ചുകൊണ്ട് ഇന്ന് വില ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി നേരിട്ട ഇടിവിന് ഒടുവിലാണ് വീണ്ടും ഉയർച്ചയുടെ ട്രാക്കിലേക്ക് സ്വർണവില കുതിച്ചത്. ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 35 രൂപ അഥവാ പവന് 280 രൂപയോളം വർധിച്ചാണ് കഴിഞ്ഞ ദിവസത്തെ നഷ്‌ടകണക്കുകൾക്ക് വിരാമമിട്ടത്. ഇന്നലെ ഉൾപ്പെടെ കാര്യമായ കുറവാണു സ്വർണ വിലയിൽ ഉണ്ടായിരുന്നത്.
ഇതിന്റെ തുടർച്ച പ്രതീക്ഷിച്ചിരുന്ന ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടി നൽകി കൊണ്ടാണ് ഇന്ന് വില കുതിച്ചുയർന്നത്. വിവിധ ഘടകങ്ങൾ അന്താരാഷ്ട്ര മാർക്കറ്റിലും ഇന്ത്യൻ മാർക്കറ്റിലും സ്വാധീനം ചെലുത്തുന്ന സാഹചര്യത്തിൽ വിലയിൽ ചാഞ്ചാട്ടം തുടരാനാണ് സാധ്യത. നേരത്തെ ആഗസ്‌റ്റ് മാസത്തിലെ 53,680 എന്ന നിരക്കിൽ എത്തിയെങ്കിലും പിന്നീട് അങ്ങോട്ട് മഞ്ഞലോഹം ക്ലച്ചുപിടിച്ചിരുന്നില്ല.

ഇന്നലെ കേരളത്തില്‍ വീണ്ടും സ്വര്‍ണ വില കുറഞ്ഞിരുന്നു. നേരിയ കുറവാണ് വിപണിയിൽ രേഖപ്പെടുത്തിയത്. ഗ്രാമിന് 20 രൂപയുടെ കുറവുണ്ടായി. 6660 എന്ന നിരക്കിലായിരുന്നു എത്തിയിരുന്നത്. അതിന് മുൻപത്തെ ദിവസം 6680 ആയിരുന്നു 22 ക്യാരറ്റ് സ്വര്‍ണത്തിന്റെ വില. എന്നാൽ ഇന്നലെ പവൻ വില 160 രൂപ കുറഞ്ഞ് 53,280 രൂപയിലെത്തിയിരുന്നു.
ഇന്നത്തെ സ്വർണ വില പവന് 53,560 രൂപയാണ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6695 രൂപയായും മാറിയിട്ടുണ്ട്. കൂടാതെ 18 കാരറ്റ് സ്വർണ വിലയിലും പ്രകടമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്നലത്തേതിലും ഗണ്യമായ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 25 രൂപയാണ് ഇതിൽ വർധനവ് ഉണ്ടായിരിക്കുന്നത്. അതായത് പവൻ വില 44,320 രൂപ. കൂടാതെ വെള്ളിയുടെ വിലയും മാറിയിട്ടുണ്ട്. ഗ്രാമിന് 93 രൂപയായി വില ഉയർന്നു.
ഇനിയും വില വർധിക്കുമോ?
സ്വർണവിലയിൽ വില വർധനവ് സുനിശ്ചിതമല്ലെങ്കിലും ചാഞ്ചാട്ടം പ്രകടമാണ്. അമേരിക്കൻ ബാങ്കുകളുടെ പലിശ നിരക്കുകൾ ഉൾപ്പെടെ ഇതിന് ഇന്ധനം പകരുമെന്നാണ് കരുതപ്പെടുന്നത്. അവിടെ പലിശ നിരക്കുകൾ കുറഞ്ഞാൽ കൂടുതൽ പേർ നിക്ഷേപം എന്ന നിലയിൽ സ്വർണത്തെ സമീപിക്കാൻ സാധ്യത ഉണ്ടെന്നാണ് സൂചന. അങ്ങനെയെങ്കിൽ അന്താരാഷ്ട്ര വിപണിയിൽ ഉൾപ്പെടെ അത് വലിയ രീതിയിൽ സ്വാധീനം ചെലുത്തും.
മറ്റൊരു സുപ്രധാന കാര്യം ഇന്ത്യയിൽ കല്യാണ സീസണുകൾ വീണ്ടും ആരംഭിച്ചു എന്നതാണ്. കേരളത്തിൽ ഉൾപ്പെടെ ഇതിന്റെ മാറ്റങ്ങൾ കണ്ടു തുടങ്ങിയിട്ടുണ്ട്. അങ്ങെനെയെങ്കിൽ ഡിമാൻഡ് ഉയരുകയും ഇതോടെ വിലയിൽ മാറ്റമുണ്ടാവുമെന്നും ആശങ്ക ഉയരുന്നുണ്ട്. ഇതിന് പുറമേ ഡോളർ-രൂപ വിനിമയ മൂല്യവും ഇക്കാര്യത്തിൽ നിർണായക പങ്കുവഹിക്കും.
ആഭരണം വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്
നിങ്ങൾ ഇപ്പോഴത്തെ സ്വർണ വില അടിസ്ഥാനമാക്കി ഉടൻ തന്നെ ആഭരണങ്ങൾ വാങ്ങാൻ പുറപ്പെടുകയാണെങ്കിൽ ചില കാര്യങ്ങൾ ഓർമ്മയിൽ വയ്ക്കുന്നത് നന്നാവും. അതിൽ പ്രധാനമായുള്ള ഒരു കാര്യം നിലവിലെ വിപണി വില ആയിരിക്കില്ല നിങ്ങൾ നൽകേണ്ടി വരിക. ഒരു ആഭരണം പണിയുമ്പോൾ അതിന്റെ പണിക്കൂലി, ജിഎസ്‌ടി ഉൾപ്പെടെയുള്ളവ കൂടി പരിഗണിക്കും. അങ്ങനെ വരുമ്പോൾ ഒരു പവൻ വില ഇനിയും എട്ടോ പത്തോ ശതമാനത്തോളം ഉയരാം.












Click it and Unblock the Notifications