കലോത്സവവുമായി ഉണ്ടായിരുന്നത് ആ ബന്ധമെന്ന് ടൊവിനോ; കപ്പടിച്ചവർക്ക് സർപ്രൈസ് സമ്മാനവുമായി ആസിഫ്
തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സമാപന വേദിയെ ഇളക്കി മറിച്ച് യുവ സിനിമാ താരങ്ങളായ ടൊവിനോ തോമസും ആസിഫ് അലിയും. ഇരുവരും കലോത്സവവുമായി ബന്ധപ്പെട്ട തങ്ങളുടെ ബന്ധവും വെളിപ്പെടുത്തി. സമാപനസമ്മേളനത്തിൽ വിദ്യാർത്ഥികൾക്ക് അക്ഷരാർത്ഥത്തിൽ ആവേശം നിറച്ചു കൊണ്ടാണ് ആസിഫ് അലിയും ടൊവിനോ തോമസും അതിഥികളായി എത്തിയത്.
ഒരു ദിവസം അവധി കിട്ടും എന്നത് മാത്രമായിരുന്നു കലാമേളയുമായി തനിക്ക് ഉണ്ടായിരുന്ന ബന്ധമെന്നാണ് ടൊവിനോ തോമസ് പറഞ്ഞത്. എന്നാല്‍, വിധിവൈപരിത്യം പോലെ ഞാൻ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന മേഖല കലാരംഗമാണ്. ഇനി എനിക്കും നാട്ടില്‍ ചെന്ന് പറയാന്‍ കഴിയും, ഞാനും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത ആളാണെന്ന്; ടൊവിനോ പറഞ്ഞു.

ഇവർ ഭാവിയുടെ വാഗ്‌ദാനങ്ങളായി വളര്‍ന്നുവരുന്നത് കാണുന്നത് തന്നെ അഭിമാനകരമാണ്. ജീവിതത്തില്‍ ഒരിക്കലും കലയെ കൈവിടരുത്. കല മനുഷ്യരെ തമ്മില്‍ തമ്മില്‍ അടുപ്പിക്കുകയും സ്‌നേഹിപ്പിക്കുകയും ചെയ്യുമെന്നും ടൊവിനോ തോമസ് പറഞ്ഞു. കലയുടെ ആത്യന്തികമായ ലക്ഷ്യം വിനോദമാണെങ്കിലും അത് മനുഷ്യരില്‍ സൗഹൃദം ഉണ്ടാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പഠിക്കുന്ന സമയത്ത് ഒരു കസേര പിടിച്ചിടാന്‍ പോലും കലോത്സവവേദിയില്‍ കയറിയിട്ടില്ലെന്നായിരുന്നു നടന്‍ ആസിഫ് അലി പറഞ്ഞത്. ഇതെല്ലാം തനിക്ക് സിനിമ തന്ന വലിയ ഭാഗ്യമാണെന്നും ആസിഫ് ചൂണ്ടിക്കാട്ടി. ഈ സ്‌കൂള്‍കാലഘട്ടം കഴിയുമ്പോള്‍ ഈ കലയില്‍ നിന്ന് അകന്നു പോകരുത്. ഒരിക്കലും കലയെ കൈവിടരുത്. ജീവിതം മുഴുവന്‍ കല നിങ്ങളുടെ വേണം. അതിന്റെ പേരില്‍ വേണം അറിയപ്പെടാനെന്നും ആസിഫ് പറഞ്ഞു.
ഇതിന് പിന്നാലെ വേദിയിൽ വച്ച് ഒരു സർപ്രൈസ് പ്രഖ്യാപനവും ആസിഫ് നടത്തുകയുണ്ടായി. കപ്പടിച്ച തൃശൂര്‍ ജില്ലയിലെ എല്ലാ കലോത്സവ താരങ്ങള്‍ക്കും സൗജന്യമായി 'രേഖാ ചിത്രം' സിനിമ കാണാനുള്ള സൗകര്യം നിര്‍മ്മാതാക്കള്‍ ഒരുക്കിയിട്ടുണ്ടെന്നായിരുന്നു താരത്തിന്റെ പ്രഖ്യാപനം. ഇതോടെ സദസിൽ നിന്ന് വലിയ കരഘോഷമാണ് ഉയർന്നത്.
അതേസമയം, ഇത്തവണ സ്വർണക്കപ്പ് സ്വന്തമാക്കിയത് തൃശൂർ ജില്ലയാണ്. കാൽ നൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷമാണ് അവർ കലാകിരീടത്തിൽ മുത്തമിട്ടത്. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ കണ്ണൂരും പാലക്കാടും തമ്മിലായിരുന്നു അവസാനം വരെ പോരാട്ടം. എന്നാൽ അവസാന നിമിഷം അപ്രതീക്ഷിതമായി കയറി വന്ന തൃശൂർ കപ്പും കൊണ്ട് മടങ്ങുകയായിരുന്നു.












Click it and Unblock the Notifications