'ടിപി വധക്കേസ് പ്രതികളെ വിട്ടയക്കില്ല'; വിശദീകരണവുമായി ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ മോചനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ജയിൽ വകുപ്പ് മേധാവി ബൽറാം കുമാർ ഉപാധ്യായ. പ്രതികളെ വിട്ടയക്കില്ലെന്നാണ് ജയിൽ മേധാവി ഇന്ന് അറിയിച്ചത്. കോടതി ഉത്തരവ് നിലനിൽക്കുമ്പോൾ ഇളവ് ഉണ്ടാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം അയച്ച കത്തിനെ കുറിച്ചുള്ള ചോദ്യത്തിൽ ജയിൽ സൂപ്രണ്ടിന് എന്തെങ്കിലും ആശയക്കുഴപ്പം ഉണ്ടായതാവാമെന്നും, അന്വേഷണം നടത്തി ഇക്കാര്യത്തിൽ ഉടൻ തന്നെ വ്യക്തത വരുത്തുമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ ഇതിന്റെ മറ്റ് വിശദാംശങ്ങൾ പങ്കുവയ്ക്കാൻ അദ്ദേഹം തയ്യാറായില്ല.

നേരത്തെ ടിപി വധക്കേസിൽ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്നവരിൽ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള നീക്കം സർക്കാർ ആരംഭിച്ചുവെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. പ്രതികളായ ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരെ വിട്ടയക്കാനാണ് സർക്കാർ തീരുമാനമെന്നായിരുന്നു റിപ്പോർട്ട്. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ജയിൽ വകുപ്പ് മേധാവി തന്നെ രംഗത്ത് വന്നത്.
സ്വതന്ത്ര്യത്തിന്റെ 75ആം വാര്‍ഷികത്തിന്റെ ഭാഗമായി ജയില്‍ മോചനത്തിന് പരിഗണിക്കാവുന്നവരുടെ പട്ടിക തയാറാക്കിയപ്പോള്‍ പത്ത് വര്‍ഷത്തിലേറെയായി ജയിലിലുള്ളവര്‍ എന്ന നിലയിൽ ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളും പട്ടികയില്‍ ഉൾപ്പെട്ടതാണെന്നാണ് വിശദീകരണം. എന്നാൽ ഇത്രയും പ്രമാദമായ കേസിലെ പ്രതികളെ തിരിച്ചറിയാൻ ജയിൽ സൂപ്രണ്ടിന് എന്തുകൊണ്ട് കഴിഞ്ഞില്ലെന്ന് പ്രതിപക്ഷം ഉൾപ്പെടെ ചോദിക്കുന്നു.
ശിക്ഷയിലെ ഇളവ് സംബന്ധിച്ചു പോലീസിനോട് പ്രതികളുടെ റിപ്പോർട്ട് ആവശ്യപ്പെടുന്ന കണ്ണൂർ ജയിൽ സൂപ്രണ്ടിന്റെ കത്ത് പുറത്ത് വന്നതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ഇതിന് പിന്നാലെ ടിപി ചന്ദ്രശേഖരന്റെ ഭാര്യയും വടകര എംഎൽഎയുമായ കെകെ രമ ഉൾപ്പെടെ നിരവധി പേർ സർക്കാരിനെതിരെ രംഗത്ത് വന്നിരുന്നു. കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ഉൾപ്പെടെയുള്ളവർ സർക്കാർ നടപടിയെ കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്‌തിരുന്നു.
അതേസമയം, ഹൈക്കോടതി വിധി മറികടന്നാണ് പ്രതികൾക്ക് ഇളവ് നൽകാൻ സർക്കാർ ശ്രമിച്ചതെന്നാണ് ആരോപണം. 20 വർഷം വരെ പ്രതികൾക്ക് ശിക്ഷായിളവ് പാടില്ലെന്നായിരുന്നു ഹൈക്കോടതിയുടെ വിധിയിൽ പറഞ്ഞിരുന്നത്. നേരത്തെ കേസിലെ അഞ്ചോളം പ്രതികൾക്ക് ഈ മാസം പരോൾ അനുവദിക്കുകയും ചെയ്‌തിരുന്നു. മനോജ്, മുഹമ്മദ് ഷാഫി, സിനോജ്, സിജിത്ത്, രജീഷ് എന്നിവർക്കാണ് പരോൾ അനുവദിച്ചത്.












Click it and Unblock the Notifications