ടിപി കേസ് പ്രതികളുടെ ശിക്ഷാ ഇളവ്; ശുപാർശ ചെയ്‌ത മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ, ഉത്തരവിറക്കി
കണ്ണൂർ: ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ മോചനവുമായി ബന്ധപ്പെട്ട വിവാദത്തിൽ നടപടിയെടുത്ത് സംസ്ഥാന സർക്കാർ. സംഭവത്തിൽ കണ്ണൂർ സെൻട്രൽ ജയിലിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഉത്തരവ് പുറത്തിറങ്ങി. ജയിൽ സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ജോയിന്റ് സൂപ്രണ്ട് കെഎസ് ശ്രീജിത്ത്, അസിസ്‌റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-I ബിജി അരുണ്‍, അസിസ്‌റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒവി രഘുനാഥ് എന്നിവർക്ക് എതിരെയാണ് നടപടി.
മൂവരെയും അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെൻഡ് ചെയ്യാനാണ് ഉത്തരവ്. നേരത്തെ സംഭവത്തിൽ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് വ്യാപക വിമർശനം നേരിട്ടിരുന്നു. കെകെ രമ സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയെങ്കിലും സ്‌പീക്കർ അംഗീകരിച്ചിരുന്നില്ല. തുടർന്ന് പ്രതിപക്ഷ നേതാവ് സബ്‌മിഷൻ നൽകിയിരുന്നു. ഇതിന് മുന്നോടിയായാണ് ഉത്തരവ് പുറത്തിറക്കിയത്.

ഇതിന് പിന്നാലെ മുഖ്യമന്ത്രി സബ്‌മിഷന് മറുപടി നൽകുകയും ചെയ്‌തു. ഇന്ത്യയിൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ ജയിലുകളിലെ തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നുവെന്നും അതിനോട് അനുബന്ധിച്ചാണ് പട്ടിക പുറത്തിറക്കിയതെന്നുമാണ് മുഖ്യമന്ത്രിയുടെ മറുപടിയിൽ പറയുന്നത്.
തുടർന്ന് 25.11.2022ലെ സര്‍ക്കാര്‍ ഉത്തരവിലെ മാനദണ്ഡ പ്രകാരം പരിഗണിക്കേണ്ട തടവുകാരുടെ പട്ടിക ജയില്‍ മേധാവി സര്‍ക്കാരിന് കൈമാറിയിരുന്നു. പിന്നീട് പട്ടികയിൽ അനർഹർ കണ്ടതിനാല്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് പുതുക്കിയ പട്ടിക സമര്‍പ്പിക്കുവാന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ജൂൺ മൂന്നിന് ജയില്‍ വകുപ്പ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസമാണ് ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ മോചനവുമായി ബന്ധപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ വിവാദ കത്ത് പുറംലോകമറിഞ്ഞത്. കണ്ണൂർ സിറ്റി പോലീസ് കമ്മിഷണറോടായിരുന്നു ജയിൽ സൂപ്രണ്ട് ഇത് സംബന്ധിച്ച റിപ്പോർട്ട് തേടിയത്. വിട്ടയക്കാൻ ആലോചിക്കുന്ന മൂന്ന് പ്രതികളെ കുറിച്ച് അന്വേഷണം നടത്തണമെന്നായിരുന്നു കത്തിൽ പറഞ്ഞത്.
ഇതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ഹൈക്കോടതി വിധി മറികടന്ന് പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ വ്യാപക പരാതിയാണ് ഉയർന്നത്. കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരെ വിട്ടയക്കാനായിരുന്നു തീരുമാനം.
20 വർഷം വരെ പ്രതികൾക്ക് ശിക്ഷായിളവ് പാടില്ലെന്നായിരുന്നു ഹൈക്കോടതി വിധി. ഇത് മറികടക്കുകയാണ് സർക്കാർ എന്നായിരുന്നു ടിപി ചന്ദ്രശേഖരന്റെ ഭാര്യയും വടകര എംഎൽഎയും ആയ കെകെ രമയുടെ ആരോപണം. പിന്നാലെ ഇത് പ്രതിപക്ഷം ഒന്നടങ്കം ഏറ്റെടുത്തതോടെ സഭയിൽ ഉന്നയിക്കുകയായിരുന്നു.












Click it and Unblock the Notifications