കൊച്ചിയിലെ ഗതാഗത കുരുക്ക് ഇനി പ്രശ്‌നമാവില്ല; ചിലവന്നൂർ പാലം നവംബറിൽ തുറക്കും, വൈബ് സ്പോട്ടാവും
കൊച്ചി: കേരളത്തിലെ തന്നെ ഏക മെട്രോ നഗരമായ കൊച്ചി ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇവിടെ അടിക്കടിയുണ്ടാകുന്ന വലിയ ട്രാഫിക് ബ്ലോക്കുകളാണ്. പ്രത്യേകിച്ച് കൊച്ചിയുടെ ഹൃദയഭാഗമായ പനമ്പിള്ളി നഗറിലേക്ക് യാത്ര ചെയ്യുന്നവർക്ക് എറണാകുളം സൗത്ത് ഭാഗത്തെയും എസ്എ റോഡിലെയും ഗതാഗതക്കുരുക്ക് വലിയൊരു തലവേദനയാണ്. മണിക്കൂറുകളോളം വണ്ടിയിൽ കാത്തിരുന്ന് മടുക്കുന്ന യാത്രക്കാർക്ക് വലിയൊരു ആശ്വാസ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഏറെ നാളായി പണി നീണ്ടുപോയ ചിലവന്നൂർ ബണ്ട് റോഡ് പാലം ഒടുവിൽ ഗതാഗതത്തിനായി തുറന്നുകൊടുക്കാൻ ഒരുങ്ങുകയാണ് എന്നതാണ് ഈ ആശ്വാസ വാർത്ത. എറണാകുളത്തെ പ്രധാന പാതയായ എസ്എ റോഡിലെ തിരക്ക് കുറയ്ക്കാൻ ഈ പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ സാധിക്കും. മുൻപ് തൃപ്പൂണിത്തുറ, വൈറ്റില, കുണ്ടന്നൂർ ഭാഗങ്ങളിൽ നിന്നുള്ള വലിയൊരു വിഭാഗം വാഹനങ്ങൾ ചിലവന്നൂർ ബണ്ട് റോഡ് വഴിയാണ് പനമ്പിള്ളി നഗറിലേക്കും തുടർന്ന് തേവര ഭാഗത്തേക്കും പോയിരുന്നത്.

എന്നാൽ പഴയ പാലം പൊളിച്ചതോടെ ഈ വണ്ടികളെല്ലാം എസ്എ റോഡിലേക്ക് തിരിച്ചുവിടേണ്ടി വന്നു. ഇത് കടവന്ത്ര ജംഗ്ഷൻ മുതൽ വൈറ്റില വരെയുള്ള ഭാഗങ്ങളിൽ വലിയ ഗതാഗത തടസമാണ് ഉണ്ടാക്കിയത്. ദിവസേന ഓഫീസിലേക്കും കോളേജിലേക്കും പോകുന്ന യാത്രികർക്ക് ഇത് കനത്ത സമയനഷ്‌ടമാണ് ഉണ്ടാക്കുന്നത്. കൂടാതെ വൈകുന്നേരങ്ങളിൽ ഇത് കാര്യമായി തന്നെ ഉയരുകയും ആളുകളുടെ ജീവിത നിലവാരത്തെ തന്നെ ബാധിക്കുകയും ചെയ്യുന്ന സാഹചര്യമായിരുന്നു.
വെറുമൊരു കോൺക്രീറ്റ് പാലം എന്നതിനപ്പുറം കൊച്ചിയുടെ നഗരഭംഗി കൂട്ടുന്ന തരത്തിലാണ് ചിലവന്നൂർ പാലം രൂപകൽപ്പന ചെയ്‌തിട്ടുള്ളത്. ഇൻസ്‌റ്റഗ്രാം റീലുകൾക്കും ഫോട്ടോഷൂട്ടുകൾക്കും അനുയോജ്യമായ ഒരു പുതിയ സ്പോട്ട് കൂടിയാവും ഇത്. ഏകദേശം 16 മീറ്റർ ഉയരമുള്ള മനോഹരമായ 'ഫ്ലവർ പോട്ട്' അല്ലെങ്കിൽ പൂച്ചട്ടി മാതൃകയിലുള്ള സ്‌റ്റീൽ ആർച്ചാണ് ഈ പാലത്തിന്റെ പ്രത്യേകത. ആലുവാ പാലത്തിലുള്ള കമാനം പോലെയല്ല ഇത് നിർമ്മിച്ചിരിക്കുന്നത്.
ആലുവാ റെയിൽവേ പാലത്തിലെ ആർച്ചുകൾ സമാന്തരമാണെങ്കിൽ, ചിലവന്നൂർ പാലത്തിലേത് മുകളിൽ ഒന്നിച്ച് ചേരുന്ന രീതിയിലാണ് ഉള്ളത്. ഇത് പാലത്തിന് തികച്ചും വ്യത്യസ്‌തമായ ഒരു ഗാംഭീര്യ ഭാവം നൽകുന്നു. അതുകൊണ്ട് തന്നെ പാലം വെറുമൊരു ഗതാഗത മാർഗം എന്നതിലുപരി തുറന്ന് കൊടുത്താൽ കൊച്ചിയിലെ യുവാക്കളുടെ വൈബ് കേന്ദ്രവുമായേക്കും.
നിർമ്മാണം അതീവ ശ്രദ്ധയോടെ
ഈ പാലത്തിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത് തികച്ചും സവിശേഷമായ സാങ്കേതിക വിദ്യകളാണ്. തീരദേശ കായൽ കാറ്റേറ്റ് പാലം വേഗത്തിൽ നശിക്കാതിരിക്കാൻ തുരുമ്പെടുക്കലിനെ പ്രതിരോധിക്കുന്ന പ്രത്യേക ഗ്രേഡ് ബി0 സ്‌റ്റീൽ ആണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. പാലത്തിന്റെ പ്രധാന കമാനങ്ങൾ പൂർത്തിയാക്കാൻ ആവശ്യമായ ഭാഗങ്ങൾ പ്രത്യേകം ഫാബ്രിക്കേറ്റ് ചെയ്‌താണ് നിർമ്മാണ സ്ഥലത്ത് എത്തിക്കുന്നത്.
പത്ത് മുതൽ ഇരുപത് ടൺ വരെ ഭാരമുള്ള എൺപതോളം കനത്ത സ്‌റ്റീൽ ഭാഗങ്ങളാണ് ഇങ്ങനെ പ്രധാന ഘടനയുമായി യോജിപ്പിക്കേണ്ടത്. ഇവ ആകാശത്തേക്ക് ഉയർത്തി ശരിയായ സ്ഥാനത്ത് ഉറപ്പിക്കുക എന്നത് ഏറെ സങ്കീർണ്ണമായ പ്രക്രിയയാണ്. നിലവിൽ ഈ സങ്കീർണ്ണമായ വലിയ സ്‌റ്റീൽ പാളികൾ ഘടിപ്പിക്കുന്ന ജോലി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എൺപത് ഭാഗങ്ങളിൽ നാൽപ്പത്തിയാറിലധികം ഭാഗങ്ങൾ ഇതിനകം തന്നെ കൂറ്റൻ ക്രെയിനുകൾ ഉപയോഗിച്ച് നിശ്ചിത സ്ഥാനങ്ങളിൽ ഉറപ്പിച്ചു കഴിഞ്ഞു.
ബാക്കിയുള്ള ഭാഗങ്ങൾ കൂടി വേഗത്തിൽ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ജീവനക്കാർ. ഈ ഘടകങ്ങൾ എല്ലാം കൃത്യമായി ബന്ധിപ്പിച്ചതിന് ശേഷം മാത്രമേ പാലത്തിന്റെ മുകളിലെ കോൺക്രീറ്റ് സ്ലാബുകൾ വാർക്കാനുള്ള നടപടികളിലേക്ക് കടക്കാൻ സാധിക്കുകയുള്ളൂ. അതിനുശേഷമേ ഭാരം കൂടിയ ക്രെയിനുകൾ അവിടെ നിന്നും മാറ്റുകയുള്ളൂ. പാലം ഗതാഗത യോഗ്യമാകണമെങ്കിൽ ഇരുവശത്തുമുള്ള അനുബന്ധ റോഡുകളുടെ നിർമ്മാണം കൂടി പൂർത്തിയാകേണ്ടതുണ്ട്. ഇതിൽ ഒരു ഭാഗത്തെ അനുബന്ധ റോഡിന്റെ മിനുക്കുപണികൾ പൂർണ്ണമായും തീർന്നിട്ടുണ്ട്.
മറുഭാഗത്തെ റോഡിന്റെ ജോലികളും അവസാന ഘട്ടത്തിലാണ്. ഡെക്ക് സ്ലാബിന്റെ കോൺക്രീറ്റ് ജോലികൾ തീരുന്നതിനോടൊപ്പം തന്നെ ഈ ബാക്കി ജോലികളും പൂർത്തിയാക്കാൻ കഴിയും. കൂടാതെ കായലിന്റെ അടിത്തട്ടിൽ നിന്നും അടിഞ്ഞുകൂടിയ ചെളിയും മണ്ണും നീക്കം ചെയ്യുന്നതിനുള്ള ഡ്രഡ്‌ജിഗ് ജോലികളും ഇതിനോടൊപ്പം നടക്കുന്നുണ്ട്. ഇത് കായലിലെ ഒഴുക്ക് സുഗമമാക്കാൻ സഹായിക്കും.
എന്നാൽ ഒക്ടോബർ, നവംബർ മാസങ്ങളിൽ പാലം പൂർണമായും ഗതാഗതത്തിനായി തുറന്നു കൊടുക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ സംശയം ഉയരുന്നുണ്ട്. വലിയ സ്‌റ്റീൽ ഘടകങ്ങൾ ഉയരത്തിൽ വെച്ച് പരസ്‌പരം വിളക്കിച്ചേർക്കുന്ന ജോലികളാണ് ഇനി പ്രധാനമായും അവശേഷിക്കുന്നത്. മഴയുള്ള സമയത്ത് ഇത്തരത്തിലുള്ള അതീവ ജാഗ്രത വേണ്ട ജോലികൾ നിർവ്വഹിക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമായേക്കാം.
കരാർ പ്രകാരം ഈ പദ്ധതി പൂർത്തിയാക്കേണ്ട അവസാന തീയതി 2026 ഡിസംബർ ആണെങ്കിലും നിർമ്മാണ കമ്പനി വളരെ വേഗത്തിലാണ് കാര്യങ്ങൾ നീക്കുന്നത്. ഒക്ടോബർ മാസത്തോടെ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾക്കും കടന്നുപോകാൻ തക്കവിധം പാലം സജ്ജമാകും എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. തുടർന്ന് നവംബറോടെ കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെയുള്ള വലിയ വണ്ടികൾക്കും ഈ റൂട്ട് ഉപയോഗിക്കാൻ തടസമുണ്ടാകില്ലെന്നാണ് കരുതുന്നത്.














Click it and Unblock the Notifications