ട്രെയിൻ ബർത്ത് തകർന്നുവീണു; പൊന്നാനി സ്വദേശിക്ക് ദാരുണാന്ത്യം, സംഭവം നടന്നത് തെലങ്കാനയിൽ
മലപ്പുറം: ട്രെയിൻ യാത്ര ചെയ്യവേ ബർത്ത് തകർന്നുവീണ് പൊന്നാനി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി സ്വദേശിയായ എളയിടത്ത് മാറാടിക്കൽ അലി ഖാൻ (62) ആണ് മരണപ്പെട്ടത്. അപകടത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ തെലങ്കാനയിലെ വാറങ്കലിൽ വച്ച് ചൊവ്വാഴ്‌ച രാത്രിയാണ് അപകടം നടന്നത്.
അലിഖാൻ താഴത്തെ ബർത്തിലായിരുന്നു കിടന്നിരുന്നത്. ഇതിലേക്ക് മധ്യഭാഗത്തെ ബർത്ത് പൊട്ടിവീഴുകയായിരുന്നു. അപകടത്തിന് പിന്നാലെ റെയിൽവേ അധികൃതർ അലിഖാനെ വാറങ്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രിയോടെ മരണപ്പെടുകയായിരുന്നു. മൃതദേഹം മാറാഞ്ചേരിയിലെ വീട്ടിലെത്തിച്ചിട്ടുണ്ട്.

അലിഖാന്റെ മുകളിലേക്ക് ബെർത്തും അതിൽ കിടന്നിരുന്ന ആളും വീഴുകയായിരുന്നു. ചരിഞ്ഞ് കിടക്കുകയായിരുന്ന അലിഖാന്റെ കഴുത്തിൽ ബെർത്ത് പതിച്ചതിനെത്തുടർന്ന് കഴുത്തിന്റെ ഭാഗത്തെ മൂന്ന് എല്ലുകൾ പൊട്ടി. ഞരമ്പിന് ക്ഷതം സംഭവിക്കുകയും ചെയ്‌തതോടെ അദ്ദേഹത്തിന്റെ കൈകാലുകൾ തളർന്നുപോയിരുന്നു.
അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അലിഖാൻ മൂന്ന് അടിയന്തര ശസ്ത്രക്രിയകൾക്ക് വിധേയനായിരുന്നു. കഴുത്തിനും നട്ടെല്ലിനും ഉൾപ്പെടെ ഗുരുതര പരിക്കുകളുമായാണ് അലിഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൈദരാബാദിലെ കിംസ് മൾട്ടി സ്‌പെഷാലിറ്റി ആശുപത്രിയിലായിരുന്നു അലിഖാനെ പ്രവേശിപ്പിച്ചത്.
അപകടവുമായി ബന്ധപ്പെട്ട് ഇന്ത്യൻ റെയിൽവേയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ല. ഷക്കീലയാണ് അലിഖാന്റെ ഭാര്യ. മകൾ: ഷസ. സഹോദരങ്ങൾ: ഹിഷാം, അബ്‌ദുല്ലകുട്ടി, ഉമർ, ബക്കർ, ഹവ്വാവുമ്മ, കദീജ, മറിയു. ചേകന്നൂർ മൗലവിയുടെ സഹോദരി ഭർത്താവാണ് അലിഖാൻ. ഖബറടക്കം വടമുക്ക് കുന്നത്ത് ജുമുഅത്ത് പള്ളിയിൽ നടക്കും.












Click it and Unblock the Notifications