കൊച്ചിയിലെ യാത്രാ ദുരിതം തീരും; അങ്കമാലി-അരൂർ ബൈപാസിന് പച്ചക്കൊടി കാട്ടി കേന്ദ്രം, ദൂരം 50 കി.മീ ദൂരം!
കൊച്ചി: കൊച്ചിയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള നിർണായക അടിസ്ഥാനസൗകര്യ പദ്ധതിയായ അങ്കമാലി-അരൂർ ബൈപാസ് പദ്ധതിക്ക് കേന്ദ്ര സർക്കാർ വീണ്ടും അനുമതി നൽകിയതോടെ യാത്രക്കാർ പ്രതീക്ഷയിൽ. ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി പുതിയ 3(എ) വിജ്ഞാപനം ഉടൻ പുറത്തിറക്കുമെന്ന് ബെന്നി ബെഹനാൻ എംപി കഴിഞ്ഞ ദിവസമാണ് അറിയിച്ചത്.
ദേശീയപാത 66 ബൈപാസ് വഴിയായി അങ്കമാലിയെ കുണ്ടന്നൂരുമായി ബന്ധിപ്പിക്കുന്ന 44.7 കിലോമീറ്റർ നീളമുള്ള പാതയായാണ് പദ്ധതി ആദ്യം വിഭാവനം ചെയ്‌തിരുന്നത്. എന്നാൽ ഭൂമി സർവേ നടപടികൾ വൈകിയതിനെ തുടർന്ന് ഭൂമി ഏറ്റെടുക്കലിനായി നേരത്തെ പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ കാലാവധി അവസാനിക്കുകയായിരുന്നു.

ഈ കാലതാമസത്തിനിടെ, 2018-ൽ കണക്കുകൂട്ടിയതിനെക്കാൾ വാഹനങ്ങളുടെ എണ്ണം ഗണ്യമായി വർധിച്ചതോടെ പദ്ധതിയുടെ വ്യാപ്‌തി പുനഃപരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു. ആദ്യം ആറുവരി പാതയായി ആസൂത്രണം ചെയ്‌തിരുന്ന ബൈപാസ് ഇപ്പോൾ എട്ടുവരി ദേശീയപാതയായി വികസിപ്പിക്കാനാണ് തീരുമാനം.
അതോടൊപ്പം, പദ്ധതിയുടെ അലൈൻമെന്റും തെക്കോട്ട് കൂടുതൽ നീട്ടിയിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രധാന കാര്യം. നേരത്തെ കനത്ത ഗതാഗതക്കുരുക്കുള്ള നെട്ടൂർ ജംഗ്ഷനിൽ അവസാനിക്കാനിരുന്ന ബൈപാസ് ഇനി അരൂർ വരെ നീളും. ഇതോടെ പദ്ധതിയുടെ ആകെ ദൈർഘ്യം ഏകദേശം 50 കിലോമീറ്ററിൽ അധികമാവുമെന്നാണ് കരുതപ്പെടുന്നത്.
നിർമ്മാണം പുരോഗമിക്കുന്ന അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേയുമായി പുതിയ ബൈപാസിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തരത്തിലാണ് ഈ വിപുലീകരണം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഇതിലൂടെ തടസങ്ങളില്ലാത്ത ഗതാഗത ഇടനാഴി സൃഷ്‌ടിക്കാനാണ് ലക്ഷ്യമിടുന്നത്. കൊച്ചി നിവാസികളെ സംബന്ധിച്ച് വളരെ ഉപകാരപ്രദമായ പദ്ധതിയാണ് ഇതെന്നതിൽ സംശയമില്ല.
അതേസമയം, മുൻപ് പുറത്തിറക്കിയ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം കാലഹരണപ്പെട്ടതും പദ്ധതിയുടെ രൂപകൽപ്പനയിൽ കാര്യമായ മാറ്റങ്ങൾ വന്നതുമൂലം നിയമപരമായി പുതിയ 3(എ) വിജ്ഞാപനം പുറത്തിറക്കേണ്ടത് നിർബന്ധമാണെന്ന് അധികൃതർ വ്യക്തമാക്കി. ഇനി അടുത്തഘട്ടമായി ഈ വിജ്ഞാപനമാണ് പുറത്തിറക്കേണ്ടത്.
പദ്ധതി യാഥാർഥ്യമായാൽ അങ്കമാലി, ആലുവ, എറണാകുളം നഗരം, അരൂർ മേഖലകളിലേക്കുള്ള യാത്രാസമയം ഗണ്യമായി കുറയുമെന്നാണ് കരുതുന്നത്. നിലവിൽ ദേശീയപാത 66-ലും നഗരത്തിലെ പ്രധാന റോഡുകളിലും അനുഭവപ്പെടുന്ന കനത്ത ഗതാഗതക്കുരുക്കിനും വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
മാത്രമല്ല കൊച്ചി തുറമുഖം, വ്യവസായ മേഖലകൾ, വിമാനത്താവളം എന്നിവയിലേക്കുള്ള ചരക്ക്-യാത്രാ ഗതാഗതത്തിനും പുതിയ ബൈപാസ് കൂടുതൽ സൗകര്യമൊരുക്കും. എട്ട് വരി പാതയായി വികസിപ്പിക്കാൻ ലക്ഷ്യമിടുന്നതിനാൽ തന്നെ ഭാവിയിലെ വാഹനങ്ങളുടെ ബാഹുല്യത്തെയും ഉൾകൊള്ളാൻ പാതയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.














Click it and Unblock the Notifications