കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്‌ഷന്റെ വടക്കുഭാഗത്ത് ബസ് സ്‌റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..!
കൊച്ചി: നഗരത്തെ സംബന്ധിച്ച് അടുത്തകാലത്തായി നല്ല ഒരുപാട് മാറ്റങ്ങൾ വരുത്താൻ അധികൃതർക്ക് സാധിച്ചുവെന്നതാണ് സത്യം. പ്രത്യേകിച്ച് ഗതാഗത സൗകര്യങ്ങളുടെ കാര്യത്തിൽ ഉൾപ്പെടെ കഴിഞ്ഞ ഒരു പതിറ്റാണ്ടിന് ഇടയിൽ കൊച്ചി മെട്രോ, വാട്ടർ മെട്രോ, ദേശീയ പാത, മറ്റ് പാതകൾ എന്നിങ്ങനെ നഗരത്തിന്റെ നട്ടെല്ലായി മാറിയ പദ്ധതികൾ അനവധി. ഇപ്പോഴിതാ അതിലൊന്നും നിർത്താതെ കൂടുതൽ വികസന പദ്ധതികൾ ഒരുങ്ങുകയാണ്.
നഗരത്തിലെ പ്രധാന മേഖലയായ വൈറ്റില ജംഗ്‌ഷന്റെ വടക്കുഭാഗത്ത് ഒരു പുതിയ ബസ് സ്‌റ്റാൻഡ് നിർമിക്കാനാണ് ഇപ്പോൾ ശുപാർശ വന്നിരിക്കുന്നത്. കോർപ്പറേഷനും തദ്ദേശ വകുപ്പിന്റെ ആസൂത്രണ വിഭാഗവും ചേർന്നു തയ്യാറാക്കിയ വൈറ്റില പ്രാദേശിക വികസന പദ്ധതിയുടെ (ലാപ്) ഭാഗമായാണ് ഇത്. ഇടപ്പള്ളി ഭാഗത്തേക്കുള്ള ബസുകൾ നിലവിൽ യാത്രക്കാരെ കയറ്റുന്ന മേൽപ്പാലത്തിന് സമീപത്തെ സ്ഥലത്താണ് ഈ പുതിയ സ്‌റ്റാൻഡ് സ്ഥാപിക്കാൻ നിർദ്ദേശം.

ജംഗ്‌ഷന്റെ വടക്ക്, ദേശീയപാതയ്ക്കും തമ്മനം റോഡിനും (മഹാകവി വൈലോപ്പിള്ളി റോഡ്) ഇടയിലുള്ള ഭാഗമാണ് സ്‌റ്റാൻഡിനായി അധികൃതർ പരിഗണിക്കുന്നത്. ആലുവ, കാക്കനാട്, പറവൂർ, ഇടപ്പള്ളി, തമ്മനം റൂട്ടുകളിലെ ബസുകൾ നിലവിൽ ഇവിടെ നിന്നാണ് ആളുകളെ കയറ്റുന്നത്. എന്നാൽ വിശാലമായ സ്ഥല സൗകര്യങ്ങൾ ഉണ്ടായിട്ടും ഇവിടെ യാത്രക്കാർക്ക് അടിസ്ഥാന സൗകര്യങ്ങളോ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളോ ഒരുക്കിയിട്ടില്ല.
ഇത് ഏറെക്കാലമായി ജനങ്ങൾ ആവശ്യപ്പെടുന്ന കാര്യമാണ്. ഇതോടെ ഈ സ്ഥലം ഘടനാപരമായി വികസിപ്പിച്ച് ഗതാഗത നിലവാരം മെച്ചപ്പെടുത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ബസ് ഷെൽറ്ററുകൾ, പാർക്കിങ്, ഭക്ഷ്യ സ്‌റ്റാളുകൾ, ശുചിമുറികൾ, ബസുകൾക്കും ഓട്ടോകൾക്കും പ്രത്യേക സ്‌റ്റോപ്പുകൾ, ഇൻഫർമേഷൻ കിയോസ്‌കുകൾ തുടങ്ങിയവ ഇവിടെ സ്ഥാപിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
മാത്രമല്ല നിലവിലെ വഴിയോര കച്ചവടങ്ങളെ ഏകോപിപ്പിച്ച് അംഗീകൃത ഭക്ഷ്യ സ്‌റ്റാളുകളാക്കി മാറ്റാനും നിർദ്ദേശമുണ്ട്. കൂടാതെ ഇതിനോട് ചേർന്ന് വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ രണ്ടാം ഘട്ട വികസനവും നടപ്പാക്കും. കൂടുതൽ നിക്ഷേപം ആകർഷിച്ച് നിലവിലുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുവാനും ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ പ്രയോജനപ്പെടുത്തുവാനും ഇത് ലക്ഷ്യമിടുന്നു.
നഗരത്തിലെ ഒരു പ്രധാന വിനോദ, വിശ്രമ കേന്ദ്രമായി ഈ മേഖലയെ വികസിപ്പിക്കാനും അധികൃതർ കണക്കുകൂട്ടുന്നു. നഗരത്തിൽ ഏറ്റവും കൂടുതൽ പേർ ദിനം പ്രതി എത്തുന്ന, ബസിനായും മറ്റ് ഗതാഗത സൗകര്യങ്ങൾക്കായും ആയിരക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന ഇടങ്ങളിൽ ഒന്നാണ് വൈറ്റില. ഇവിടെ ബസ് സ്‌റ്റാൻഡ് വന്നാൽ അതിന്റെ പ്രയോജനം ദിനംപ്രതി ഇതുവഴി യാത്ര ചെയ്യുന്ന സാധാരണക്കാർക്ക് തന്നെയായിരിക്കും.
അതേസമയം, അടുത്തിടെയാണ് എറണാകുളം കെഎസ്ആർടിസി ബസ് സ്‌റ്റാൻഡ് നവീകരിച്ചത്. ജീർണിച്ച അവസ്ഥയിൽ നിന്നിരുന്ന പഴയ ബസ് ടെർമിനലാണ് പുതുക്കി പണിതത്. ഇതിന് പുറമേ കാരിക്കാമുറിയിലെ ഭൂമിയിൽ പുതിയ ബസ് ടെർമിനൽ വിശാലമായ സൗകര്യങ്ങളോട് കൂടി പണിയാനും തുടങ്ങിയിട്ടുണ്ട്. ഇതിന് പുറമെയാണ് വൈറ്റിലയിൽ അടക്കം കൂടുതൽ ബസ് സ്‌റ്റാൻഡ് പോലെയുള്ള സൗകര്യങ്ങൾ കൂടി കൊണ്ട് വരാൻ ഉദ്ദേശിക്കുന്നത്.












Click it and Unblock the Notifications