തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസ്; ബാബുവിനെ വിടാതെ പിടിച്ച് സ്വരാജ്, സുപ്രീം കോടതിയെ സമീപിച്ചു
കൊച്ചി: തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസിൽ നിയമ പോരാട്ടം തുടരുമെന്ന വ്യക്തമായ സൂചന നൽകി സിപിഎം നേതാവ് എം സ്വരാജ്. നേരത്തെ സ്വരാജിന്റെ ഹർജി തള്ളിയ ഹൈക്കോടതി വിധിക്കെതിരെ അദ്ദേഹം സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ദീർഘനാളായി തുടരുന്ന നിയമ പോരാട്ടത്തിന് ഹൈക്കോടതി പ്രതികൂല നിലപാട് എടുത്തതോടെയാണ് സ്വരാജ് പരമോന്നത കോടതിയെ സമീപിച്ചിരിക്കുന്നത്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥിയായിരുന്നു എം സ്വരാജ്. മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചതാവട്ടെ കെ ബാബു ആയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ ബാബു മത ചിഹ്നം ഉപയോഗിച്ചു എന്നും അയ്യപ്പൻറെ പേരിൽ വോട്ട് തേടിയെന്നുമാണ് സ്വരാജ് ആരോപിക്കുന്നത്.

തിരഞ്ഞെടുപ്പിൽ വിജയിച്ചത് കെ ബാബു ആയിരുന്നു. അതുകൊണ്ട് തന്നെ ഈ വിജയം റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് സ്വരാജ് കോടതിയെ സമീപിച്ചത്. തനിക്ക് വോട്ട് നൽകിയില്ലെങ്കിൽ അയ്യപ്പന്റെ കോപമുണ്ടാകുമെന്ന് കാണിക്കുന്ന സ്ലിപ്പും ഇതിനൊപ്പം ബാബു വിതരണം ചെയ്‌തെന്നാണ് സ്വരാജ് ആക്ഷേപിക്കുന്നത്.
ഈ വിഷയങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ കാര്യം ഉന്നയിച്ചെങ്കിലും ഹൈക്കോടതി ജസ്‌റ്റിസ് പിജെ അജിത് കുമാർ തള്ളുകയായിരുന്നു. ഇതോടെയാണ് സ്വരാജ് അവസാന പ്രതീക്ഷ എന്ന നിലയിൽ സുപ്രീം കോടതിയെ സമീപിക്കുന്നത്. എന്തായാലും ഹൈക്കോടതി വിധി പ്രതികൂലമായാലും നിയമ പോരാട്ടം തുടരുമെന്ന മുന്നറിയിപ്പാണ് സ്വരാജ് നൽകുന്നത്.
നേരത്തെ ഹൈക്കോടതിയിൽ മേൽപ്പറഞ്ഞ സ്ലിപ്പിന്റെ പകർപ്പ് ഉൾപ്പെടെ സ്വരാജ് ഹാജരാക്കിയിരുന്നു. എന്നാൽ ഇതിന്റെ ആധികാരികത തെളിയിക്കുന്നതിൽ ഹർജിക്കാരൻ പരാജയപ്പെട്ടുവെന്നും ക്രമക്കേട് സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞില്ലെന്നും വിലയിരുത്തിയ ശേഷമായിരുന്നു കോടതി ഹർജി തള്ളിയത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽ 992 വോട്ടുകൾക്കായിരുന്നു കെ ബാബു സ്വരാജിനെ തോൽപ്പിച്ചത്. ഈ കുറഞ്ഞ വോട്ട് ഭൂരിപക്ഷം കൂടി കണക്കിലെടുത്താണ് സ്വരാജ് വിഷയം വിടാതെ പിടിക്കുന്നത്. മണ്ഡലത്തിൽ ജയം പ്രതീക്ഷിച്ചിരുന്ന വേളയിലാണ് സ്വരാജിനെ സഭയിൽ നിന്ന് പുറത്തിരുത്തി ബാബുവിന്റെ അവതാരം വന്നത്. കഴിഞ്ഞ തവണ ഒട്ടുമിക്ക എല്ലാ ഇടത് നേതാക്കളും വൻ ജയം നേടിയെങ്കിലും സ്വരാജിന്റെ തോൽവി വലിയ ചർച്ചകൾ വഴിയൊരുക്കിയിരുന്നു.












Click it and Unblock the Notifications