ത്രിപുരയിലെ സിപിഎം പരാജയത്തില്‍ കോണ്‍ഗ്രസ് സന്തോഷിക്കില്ല: മുരളീധരന്‍
കോഴിക്കോട് : ത്രിപുരയിലെ സി പി എമ്മിന്റെ പരാജയത്തില്‍ സന്തോഷിക്കുന്നില്ലെന്ന് കെ മുരളീധരന്‍ എം എല്‍ എ. ത്രിപുരയില്‍ ബിജെപിയോട് ഏറ്റുമുട്ടിയ സിപിഎം ജയിക്കണമെന്നാവശ്യപ്പെട്ടവരാണ് കോണ്‍ഗ്രസുകാര്‍. കള്ളനും പെരുങ്കള്ളനും മല്‍സരിക്കുമ്പോള്‍ പെരുങ്കള്ളന്‍ തോല്‍ക്കണമെന്നുമാത്രമാണ് കോണ്‍ഗ്രസ് ആഗ്രഹിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒരു കോര്‍പ്പറേഷന്റെ വലുപ്പം പോലുമില്ലാത്ത ത്രിപുരയില്‍ ബിജെപിയെ നേരിടാന്‍ കഴിയാത്ത സിപിഎമ്മാണോ രാജ്യത്ത് ബിജെപിയെ നേരിടാന്‍ പോകുന്നതെന്ന് കെ.മുരളീധരന്‍ ചോദിച്ചു. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തില്‍ നിന്നു തല്‍ക്കാലം രക്ഷപ്പെടാന്‍ വേണ്ടി ത്രിപുരക്കാര്‍ ബിജെപിയെ വിജയിപ്പിക്കുകയായിരുന്നു. വര്‍ഗ്ഗീയ കക്ഷികള്‍ ഒരു സംസ്ഥാനം കൂടി കൈക്കലാക്കുന്നത് ജനാധിപത്യ ഭാരതത്തിന് പ്രയാസമുണ്ടാക്കുന്ന കാര്യമാണ്. സി പി എമ്മിന്റെ അക്രമരാഷ്ട്രീയം ത്രിപുരയില്‍ ബി ജെ പി മുതലെടുക്കുകയായിരുന്നു. കൊലപാതകങ്ങള്‍ തടയാന്‍ കോണ്‍ഗ്രസിനു കഴിയില്ലെന്നും ബിജെ പി മുന്നോട്ടു വരുമെന്നുമായിരുന്നു ബി ജെ പി ത്രിപുരയില്‍ തിരഞ്ഞെടുപ്പു പ്രചരണായുധമാക്കിയത്. അഖിലേന്ത്യ തലത്തില്‍ ഇടതു പക്ഷവുമായുള്ള ബന്ധവും വേദി പങ്കിടലുമാണ് ത്രിപുരയില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിനു ഒരു കാരണമെന്നും അദ്ദേഹം പറഞ്ഞു.

സി പി എമ്മിനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ബി ജെ പിക്കു വോട്ടു ചെയ്തുവെന്ന എം എ ബേബിയുടെ പ്രസ്താവന വിഡ്ഢിത്തമാണ്. കേരളത്തില്‍ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സി പി എം അഖിലേന്ത്യതലത്തില്‍ എങ്കിലും കോണ്‍ഗ്രസ് ഉള്‍പ്പെട്ട മതേതരശക്തികളുമായി ഒന്നിക്കാന്‍ തയ്യാറാവണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു. വര്‍ഗ്ഗീയമുക്ത ഭാരതമെന്നാണ് കോണ്‍ഗ്രസ് നയമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തൂ.


Click it and Unblock the Notifications