'പ്രതിഷേധിക്കുന്നവര്‍ ഗാന്ധിപ്രതിമയിലേക്ക് വെടിയുതിര്‍ക്കുമോ എന്നാണ് ഭയം'; ആർഎസ്എസിനെതിരെ തുഷാർ ഗാന്ധി
എറണാകുളം: ആർഎസ്എസിനെതിരെ വീണ്ടും ആഞ്ഞടിച്ച് ഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി. ആർഎസ്എസിന്റെ ഹീനമായ പ്രവൃത്തികൾ ഇനിയും തുറന്നു കാട്ടുമെന്നും മുൻപ് പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും താൻ നടത്തിയ പ്രസ്‌താവനകൾ ഒരിക്കലും പിൻവലിക്കില്ലെന്നും തുഷാർ പറഞ്ഞു. നെയ്യാറ്റിന്‍കരയില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്‍പില്‍ ബിജെപി പരിപാടി നടത്തുന്നു എന്നറിയുന്നതില്‍ തനിക്ക് അത്ഭുതവും ഭയവും തോന്നുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധിക്കുന്നവര്‍ ഗാന്ധി പ്രതിമയിലേക്ക് വെടിയുതിര്‍ക്കുമോ എന്നാണ് ഭയമെന്ന് തുഷാര്‍ ഗാന്ധി പറഞ്ഞു. ആർഎസ്എസ് പടർത്തുന്ന ക്യാൻസറിനെതിരെ ഒരുമിച്ച് പോരാടാം. ഇത്തരമൊരു കാര്യം കേരളത്തില്‍ നടക്കുന്നു എന്നത് എന്നിൽ ഞെട്ടലുണ്ടാക്കുന്നു. കാരണം ജനങ്ങളുടെ അവകാശങ്ങള്‍ ഇപ്പോഴും സംരക്ഷിക്കപ്പെടുന്ന അവസാനത്തെ സംസ്ഥാനമാണ് കേരളമെന്നും തുഷാർ ഗാന്ധി ചൂണ്ടിക്കാട്ടി.

എതിര്‍പക്ഷത്തെ ബഹുമാനിക്കുക എന്നത് മലയാളികളുടെ സംസ്‌കാരത്തിലുള്ളതാണ്. നാം എല്ലാക്കാലവും എതിര്‍പക്ഷത്തോടൊപ്പം ചേര്‍ന്നുതന്നെയാണ് ജീവിച്ചത്. എപ്പോഴും നേര്‍ക്കുനേര്‍ നില്‍ക്കാറുണ്ടെങ്കിലും അവരെ ഒരിക്കലും നിശബ്‌ദരാക്കാന്‍ ശ്രമിച്ചിട്ടില്ല. ആരെയെങ്കിലും നിശബ്‌ദരാക്കാന്‍ ശ്രമിക്കുന്നത്, ആരെയെങ്കിലും അപമാനിക്കാന്‍ ശ്രമിക്കുന്നത് കേരളത്തിലാകുമ്പോള്‍ അതൊരു വലിയ ഭീഷണി തന്നെയാണെന്നും തുഷാർ ഗാന്ധി പറയുന്നു.
കേരളത്തിന്റെ ആത്മാവിനെയും മലയാളിയുടെ ഓജസിനെയും സംരക്ഷിക്കാന്‍ ഇത്തരത്തിലുള്ള വിഷമുള്ള മനുഷ്യരെ കേരളത്തില്‍നിന്ന് പുറത്താക്കുകയാണ്. നമുക്ക് ഇപ്പോള്‍ ഒരു പൊതുശത്രുവുണ്ട്, അതാണ് സംഘ് (ആര്‍എസ്എസ്). നാം അന്യോന്യം കലഹിക്കുന്നതിന് മുന്‍പേ അതിനെതിരേ പോരാടിയേ മതിയാകൂവെന്നും തുഷാർ ഗാന്ധി കൂട്ടിച്ചേർത്തു.
അതിനിടെ, നെയ്യാറ്റിൻകരയിൽ തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ 5 ആർഎസ്എസ് ബിജെപി നേതാക്കൾ അറസ്‌റ്റിൽ. പ്രാദേശിക നേതാക്കളായ മഹേഷ്, കൃഷ്‌ണകുമാർ, ഹരികുമാർ, സൂരജ്, അനൂപ് എന്നിവരെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. തടഞ്ഞുനിർത്തിയതിനും മുദ്രാവാക്യം വിളിച്ച് പ്രശ്‌നമുണ്ടാക്കിയതിനുമാണ് നെയ്യാറ്റിൻകര പോലീസ് കേസെടുത്തത്. ഇതിലാണ് ഇപ്പോൾ അറസ്‌റ്റ് ഉൾപ്പെടെ ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് പ്രതിഷേധത്തിന് ആധാരമായ സംഭവം നടന്നത്. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വച്ചായിരുന്നു ഇത്. ഗാന്ധിമിത്ര മണ്ഡലം സ്ഥാപകനും പ്രമുഖ ഗാന്ധിയനുമായ പി ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിന് എത്തിയ തുഷാര്‍ ഗാന്ധിയെ ബിജെപി-ആർഎസ്എസ് പ്രവർത്തകർ ചേർന്ന് തടയുകയും മുദ്രാവാക്യം മുഴക്കുകയായിരുന്നു.












Click it and Unblock the Notifications