ആപ്പുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ച് ട്വന്റി-ട്വന്റി; കാരണം വ്യക്തമാക്കി സാബു ജേക്കബ്
കൊച്ചി: ആം ആദ്‌മി പാർട്ടിയുമായുള്ള രാഷ്ട്രീയ സഖ്യം അവസാനിപ്പിച്ച് ട്വന്റി-ട്വന്റി. പാർട്ടി നേതാവ് സാബു ജേക്കബ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സഖ്യം രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്ന് ബോധ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് സാബു ജേക്കബ് വ്യക്തമാക്കിയത്. സഖ്യം അവസാനിപ്പിക്കുന്ന കാര്യം ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ അറിയിച്ചെന്നും സാബു ജേക്കബ് പറയുന്നു.
കഴിഞ്ഞ വർഷം മെയ് മാസത്തിലായിരുന്നു എഎപിയും സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി ട്വന്റിയും സഖ്യം പ്രഖ്യാപിച്ചത്. ജനക്ഷേമ സഖ്യം എന്ന പേരിൽ മുന്നണിയായി മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലായിരുന്നു ഈ നിർണായക പ്രഖ്യാപനം.

എന്നാൽ ഒന്നര വർഷം പിന്നിടുമ്പഴേക്കും സഖ്യം ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിലാണ് ട്വന്റി ട്വന്റി പുതിയം നീക്കം ആരംഭിച്ചത്. കഴിഞ്ഞ ഒന്നരവർഷമായിട്ടും മുന്നണിയുടെ ലക്ഷ്യങ്ങൾ കൈവരിക്കാനോ ഒരു പൊതുമിനിമം പരിപാടി തയ്യാറാക്കാനോ സാധിച്ചിട്ടില്ലെന്നാണ് സാബു ജേക്കബ് കാരണമായി ചൂണ്ടിക്കാണിച്ചത്.
കടുത്ത സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണു കേരളം കടന്നുപോകുന്നതെന്നും, സംസ്ഥാനത്ത് അഴിമതിയും ധൂർത്തും കുറ്റകൃത്യങ്ങളും വർഗീയതയും പെരുകിവരുന്നുവെന്നും സാബു ജേക്കബ് ആരോപിച്ചു. രാഷ്ട്രീയ ഉദ്യോഗസ്ഥ ലോബികളുടെപിടിയിൽ നിന്ന് കേരളത്തെ വീണ്ടെടുക്കാനും മലയാളികളുടെ വികസന സ്വപ്‌നങ്ങളെ സാക്ഷാത്കരിക്കാനും ട്വന്റി ട്വന്റി ശക്തമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2022 മെയ് 15ന് കിഴക്കമ്പലത്ത് നടന്ന വിപുലമായ ചടങ്ങിലായിരുന്നു ആം ആദ്‌മി പാർട്ടിയും, ട്വന്റി ട്വന്റിയും തമ്മിലുള്ള സഖ്യം പ്രഖ്യാപിച്ചത്. പീപ്പിൾസ് വെൽഫയർ അലയൻസ് എന്നായിരുന്നു മുന്നണിയുടെ പേര്. ആദ്യം ഡൽഹി, പിന്നെ പഞ്ചാബ്, ഇനി കേരളം എന്നായിരുന്നു അന്ന് കെജ്‌രിവാൾ തന്റെ പ്രസംഗത്തിൽ പറഞ്ഞത്.
എന്നാൽ ഉപതിരഞ്ഞെടുപ്പുകളിൽ ഉൾപ്പെടെ പരസ്‌പരം സഹകരിക്കാതിരുന്ന ഇരുപാർട്ടികളും വെറും ഒന്നര വർഷം നീണ്ട സഖ്യം അവസാനിപ്പിക്കുന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. സഖ്യം അവസാനിപ്പിച്ച കാര്യത്തിൽ എഎപിയുടെ ഭാഗത്ത് നിന്ന് ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.












Click it and Unblock the Notifications