'വിയറ്റ്‌നാമില്‍ നിന്നല്ല; പിഎച്ച്ഡി കസാകിസ്താനില്‍ നിന്ന്... ബിരുദം അണ്ണാമലൈയില്‍ നിന്നും'
തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവാദത്തില്‍ ട്വിസ്റ്റ്. വിദ്യാഭ്യാസ യോഗ്യതയില്‍ തെറ്റുണ്ടെന്ന് അവര്‍ സമ്മതിച്ചു. ഡോക്ട്രേറ്റ് ലഭിച്ചത് കസാകിസ്താനിലെ സര്‍വകലാശാലയില്‍ നിന്നാണെന്നും ഷാഹിദ പറയുന്നു. വ്യാജ പിഎച്ച്ഡി വിവാദത്തില്‍ വീണ്ടും നിലപാട് മാറ്റിയിരിക്കുകയാണ് സംസ്ഥാന വനിതാ കമ്മിഷന്‍ അംഗം. വ്യാജ ഡോക്ടറേറ്റുമായി ബന്ധപ്പെട്ട പരാതിയില്‍ ലോകായുക്തക്ക് നല്‍കിയ മറുപടിയിയിലാണ് കസാകിസ്ഥാനിലെ ഓപ്പണ്‍ യൂണിവേഴ്സിറ്റി ഓഫ് കോംപ്ലിമെന്ററി മെഡിസിനില്‍ നിന്നാണ് തനിക്ക് ഡോക്ടറേറ്റ് ലഭിച്ചതെന്ന വിവരം ഷാഹിദ കമാല്‍ നല്‍കിയിട്ടുള്ളത്. വിയറ്റ്നാം സര്‍വകലാശാലയില്‍ നിന്നാണ് ഡോക്ടറേറ്റ് ലഭിച്ചതെന്നായിരുന്നു ഷാഹിദയുടെ മുന്‍നിലപാട്.
സാമൂഹിക രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച ഓണററി ഡോക്ടറേറ്റാണിതെന്നാണ് വിശദീകരണം. തന്റെ വിദ്യാഭ്യാസ യോഗ്യതയില്‍ തെറ്റുണ്ടെന്ന് സമ്മതിച്ച ഷാഹിദ ബിരുദം കേരള സര്‍വകലാശാലയില്‍ നിന്നല്ലെന്നും അണ്ണാമലൈയില്‍ നിന്നാണെന്നും തിരുത്തി. 2009ലും 2011ലും തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ സത്യവാങ്മൂലത്തില്‍ വിദ്യാഭ്യാസ യോഗ്യത വെച്ചതില്‍ പിഴവ് പറ്റിയെന്നാണ് ലോകായുക്തയ്ക്ക് നല്‍കിയ മറുപടിയിലെ വിശദീകരണം.

'സാമൂഹിക പ്രതിബദ്ധതയും സ്ത്രീശാക്തീകരണവും' എന്ന വിഷയത്തില്‍ പിഎച്ച്ഡി കിട്ടിയെന്ന് അവകാശപ്പെട്ട് 2018 ജൂലൈ 30ന് ഷാഹിദ ഫെയ്സ്ബുക് പോസ്റ്റിട്ടിരുന്നു. വിദ്യാഭ്യാസ യോഗ്യതയുടെ പേരില്‍ വിവാദമുയര്‍ന്നപ്പോള്‍, ഫെയ്സ്ബുക്കിലൂടെ വിശദീകരണവുമായി എത്തിയ ഷാഹിദ, തനിക്ക് ഇന്റര്‍നാഷനല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍നിന്നു ഡിലിറ്റ് ലഭിച്ചതായും വെളിപ്പെടുത്തി. ഷാഹിദക്ക് വിയറ്റ്നാം സര്‍വകലാശാലയില്‍ നിന്നു പിഎച്ച്ഡി ലഭിച്ചെന്നായിരുന്നു തൃക്കാക്കര സ്വദേശി എസ് ദേവരാജന് സാമൂഹികനീതി വകുപ്പില്‍നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി.
മലയാളികള്‍ നെഞ്ചേറ്റിയ സഹോദരിമാര്‍!! അപൂര്‍വ ചിത്രങ്ങള്‍... വീണ്ടുമെത്തുമോ എന്ന് ആരാധകര്‍
ഈ വിവരം പുറത്തുവന്നതോടെ ഷാഹിദക്ക് എത്ര പിഎച്ച്ഡി ബിരുദവും എത്ര ഡിലിറ്റ് ബിരുദവും ലഭിച്ചിട്ടുണ്ടെന്ന ചോദ്യം ഉയര്‍ന്നു. തിരുവനന്തപുരം വട്ടപ്പാറ സ്വദേശിനി അഖില ഖാന്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ചര്‍ച്ചക്കിടെയാണ് ഷാഹിദയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ആരോപണം ആദ്യം ഉന്നയിച്ചത്. ഷാഹിദ കമാല്‍ ബികോം വരെ മാത്രമാണു പഠിച്ചതെന്നും അവസാന വര്‍ഷ പരീക്ഷ പാസായിട്ടില്ലെന്നും ഡോക്ടറേറ്റ് വ്യാജമാണെന്നും ചൂണ്ടിക്കാട്ടി അഖില ഖാന്‍ ലോകായുക്തക്ക് പരാതി നല്‍കുകയായിരുന്നു.
വിദൂരവിദ്യാഭ്യാസ കോഴ്സിലൂടെ ബികോമും പിന്നീട് പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തരബിരുദവും പാസായെന്നും ഇന്റര്‍നാഷനല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍നിന്നു ഡി ലിറ്റ് ലഭിച്ചെന്നുമാണ് ആരോപണങ്ങളോട് ഷാഹിദ നേരത്തെ പ്രതികരിച്ചത്. പ്രബന്ധം സമര്‍പ്പിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് 'എല്ലാം അന്വേഷണ ഉദ്യോഗസ്ഥരോടു പറയാം' എന്നായിരുന്നു നേരത്തെ നല്‍കിയ മറുപടി. വ്യാജരേഖകളുടെ പിന്‍ബലത്തില്‍ ഇല്ലാത്ത വിദ്യാഭ്യാസ യോഗ്യത അവകാശപ്പെട്ട് സര്‍ക്കാരിനെയും ജനങ്ങളെയും ഷാഹിദ കമാല്‍ പറ്റിക്കുന്നുവെന്ന് ആരോപിച്ച് അഖില ഖാന്‍ ഡിജിപിക്കും പരാതി നല്‍കിയിരുന്നു.












Click it and Unblock the Notifications