വിജയ് ദേവരകൊണ്ട ചിത്രത്തിന്റെ ഷൂട്ടിംഗിനെത്തിച്ച ആനകള്‍ ഏറ്റുമുട്ടി, കാട്ടിലേക്ക് ഓടിക്കയറി
കോതമംഗലം: സിനിമാ ചിത്രീകരണത്തിനായി എത്തിച്ച ആനകള്‍ പരസ്പരം ഏറ്റുമുട്ടി. ഏറ്റുമുട്ടലിനൊടുവില്‍ ഒരു ആന കാട്ടിലേക്ക് ഓടിക്കയറി. കോതമംഗലത്ത് വിജയ് ദേവരകൊണ്ട നായകനായ തെലുങ്ക് സിനിമയുടെ ഷൂട്ടിംഗിനിടെയാണ് സംഭവം. പുതുപ്പള്ളി സാധു, തടത്താവിള മണികണ്ഠന്‍ എന്നീ ആനകളാണ് സിനിമാ ചിത്രീകരണത്തിനിടെ ഏറ്റുമുട്ടിയത്. പുതുപ്പള്ളി സാധു എന്ന ആനയാണ് കാട്ടിലേക്ക് ഓടിക്കയറിയത്.
മണികണ്ഠന്റെ കുത്തേറ്റ് സാധുവിന് പരിക്കേറ്റിട്ടുണ്ട്. കുട്ടമ്പുഴ വനത്തോട് ചേര്‍ന്നുള്ള പ്രദേശത്ത് വെച്ചായിരുന്നു സംഭവം. ചിത്രീകരണം തുടങ്ങിയതിന് പിന്നാലെ മണികണ്ഠന്‍ സാധുവിനെ ആക്രമിക്കുകയായിരുന്നു. പാപ്പാന്‍മാരുടെ നിര്‍ദേശങ്ങള്‍ അവഗണിച്ച് കൊണ്ടായിരുന്നു മണികണ്ഠന്റെ പരാക്രമം. ഇതോടെ സാധു പ്രാണ രക്ഷാര്‍ത്ഥം കാട്ടിലേക്ക് ഓടി കയറുകയായിരുന്നു എന്നാണ് വിവരം.

പ്രതീകാത്മകചിത്രം
ഏറ്റുമുട്ടലിനെ തുടര്‍ന്ന് മണികണ്ഠനും കാട്ടിലേക്ക് കയറിയിരുന്നെങ്കിലും പിന്നീട് തിരിച്ചെത്തി. രാത്രി ഇരുട്ടിയിട്ടും സാധുവിനെ കണ്ടെത്താനാകാതെ വന്നതോടെ തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തുകയായിരുന്നു. സ്ഥിരമായി കാട്ടാനക്കൂട്ടം ഇറങ്ങുന്ന പ്രദേശത്ത് രാത്രി വൈകിയും ആനയെ തേടുന്നത് അപകടകരമാണ് എന്നതിനാലാണ് തിരച്ചില്‍ നിര്‍ത്തിയത്. നാളെ രാവിലെ തിരച്ചില്‍ വീണ്ടും ആരംഭിക്കും.
ഇതിനായി ഫോറസ്റ്റ് സ്‌റ്റേഷനിലേക്ക് എലിഫന്റ് സ്‌ക്വാഡും എത്തിയിട്ടുണ്ട്. 60 പേരടങ്ങുന്ന സംഘമാണ് തിരച്ചില്‍ നടത്തുക. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് കോതമംഗലം തുണ്ടം ഫോറസ്റ്റ് സ്റ്റേഷനു സമീപത്ത് വെച്ചായിരുന്നു സംഭവം. അഞ്ച് ആനകളെ ഉള്‍പ്പെടുത്തിയുള്ള സംഘട്ടന രംഗമാണ് ചിത്രീകരിച്ച് കൊണ്ടിരുന്നത്. ആനകള്‍ വിരണ്ടോടിയതോടെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും നാട്ടുകാരും ആശങ്കാകുലരായി.
പേടിച്ചോടിയ ഇവരില്‍ ചിലര്‍ക്കും പരിക്കേറ്റു. ചിത്രീകരണത്തിനായി എത്തിച്ച ക്യാമറകള്‍ക്കും കേടുപാടുകളുണ്ട്. ആനകളെ വെച്ച് രണ്ട് ദിവസത്തെ ഷൂട്ടിംഗ് ആയിരുന്നു പദ്ധതിയിട്ടിരുന്നത്. ആദ്യ ദിവസത്തെ ഷൂട്ടിങ്ങിനിടെയാണ് സംഭവം. അതേസമയം ഷൂട്ടിംഗിനായി എത്തിച്ച മറ്റ് ആനകളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇടപ്പെട്ട് സ്ഥലത്ത് നിന്ന് മാറ്റി. സംസ്ഥാനത്ത് ഏറെ ആരാധാകരുള്ള ആനകളിലൊന്നാണ് ആരണ്യ പ്രജാപതിയെന്ന് അറിയപ്പെടുന്ന പുതുപ്പള്ളി സാധു.
കോട്ടയം പുതുപ്പള്ളി സ്വദേശി പാപ്പാലപ്പറമ്പ് വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ള സാധുവിനെ 1998 ല്‍ അസമില്‍ നിന്നാണ് എത്തിച്ചത്. സാധു എന്ന് തന്നെയായിരുന്നു അന്നും പേര്. പൊതുവെ ശാന്തപ്രകൃതക്കാരനായ സാധു തൃശൂര്‍ പൂരമടക്കം സംസ്ഥാനത്തെ ഒട്ടുമിക്ക ഉത്സവങ്ങളിലും സ്ഥിര സാന്നിധ്യമാണ്.












Click it and Unblock the Notifications