പകവീട്ടി കോണ്‍ഗ്രസ്: ആപ്പിലേക്ക് കൂറുമാറിയ രണ്ട് അംഗങ്ങള്‍ക്ക് ഒടുവില്‍ അയോഗ്യത, ഉപതിരഞ്ഞെടുപ്പ് വരും
രാജ്കോട്ട്: എംഎല്‍എമാരുടെ കൂറുമാറ്റത്തിലൂടെ അടുത്ത കാലത്തായി ഏറ്റവും വലിയ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന പാർട്ടി കോണ്‍ഗ്രസായിരിക്കും. കർണാടക, മധ്യപ്രദേശ്, വിവിധ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസ് ഭരണത്തെ തന്നെ അട്ടിമറിക്കുന്ന തരത്തിലായിരുന്നു അംഗങ്ങളുടെ ബി ജെ പിയിലേക്കുള്ള കൂറുമാറ്റം. ഗോവയില്‍ തുടർച്ചയായ രണ്ട് നിയമസഭ കാലയളവിലാണ് പ്രതിപക്ഷ നേതാവ് ഉള്‍പ്പടേയുള്ളവർ ബി ജെ പിയിലേക്ക് കൂറുമാറിയത്.
ഇവർക്കെതിരെ ആർക്കും കൂറുമാറ്റ നിരോധന നിയന്ത്രണ പ്രകാരം നടപടിയെടുക്കാന്‍ സാധിച്ചില്ലെന്നതും കോണ്‍ഗ്രസിന്റെ തിരിച്ചടിയുടെ ആഴം വർധിപ്പിച്ചു. അതേസമയം ഇപ്പോഴിതാ ഗുജറാത്തിലെ രാജ്കോട്ടില്‍ നിന്നും കോണ്‍ഗ്രസിന് സന്തോഷം പകരുന്ന ഒരു വാർത്തയാണ് പുറത്ത് വരുന്നത്.

കുറുമാറിയ എം എല്‍ എമാരെ അയോഗ്യരാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ലെങ്കിലും കുറുമാറിയ കോർപ്പറേഷന്‍ കൌണ്‍സിലർമാർ അയോഗ്യരാക്കാന്‍ പാർട്ടിക്ക് സാധിച്ചിരിക്കുകയാണ്. രാജ്കോട്ട് നഗരസഭയിലാണ് സംഭവം. കോൺഗ്രസ് വിട്ട് ആം ആദ്മി പാർട്ടിയിലേക്ക് കുറുമാറിയ രണ്ട് അംഗങ്ങളേയാണ് ആറ് മാസങ്ങള്‍ക്ക് ശേഷം അയോഗ്യരാക്കിയിരിക്കുന്നത്.

കൌണ്‍സിലർമാരായ വശ്രം സഗതിയയും കോമൾ ഭാരായിയുമാണ് അയോഗ്യരാക്കപ്പെട്ടവർ. സഗതിയേയും ഭാരായിയേയും അയോഗ്യരാക്കിക്കൊണ്ട് നഗരവികസന, നഗര ഭവന വകുപ്പിലെ നിയുക്ത ഓഫീസർ ദിലീപ് റാവൽ കഴിഞ്ഞ മാസം 29 നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 1986-ലെ കൂറുമാറ്റ നിയമപ്രകാരം ലോക്കൽ അതോറിറ്റിയിലെ അംഗങ്ങളെ അയോഗ്യരാക്കുന്നതിനുള്ള ഗുജറാത്ത് വ്യവസ്ഥയുടെ 3(1)(എ) വകുപ്പാണ് ഉദ്യോഗസ്ഥർ ആശ്രയിച്ചത്.

"ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നത്തിൽ രാജ്കോട്ട് മുനിസിപ്പൽ കോർപ്പറേഷനിലേക്ക് മത്സരിച്ചാണ് ഇരുവരും തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ സ്ഥാനം രാജിവെക്കാതെ തന്നെ ഇരുവരും ആം ആദ്മി പാർട്ടിയിലേക്ക് ചേർന്നു. ഇത് 1986-ലെ കൂറുമാറ്റത്തിനുള്ള ലോക്കൽ അതോറിറ്റിയിലെ അംഗങ്ങളെ അയോഗ്യരാക്കുന്നതിനുള്ള ഗുജറാത്ത് വ്യവസ്ഥയുടെ 3(1)(എ) വകുപ്പ് പ്രകാരം നടപടിക്ക് വിധേയമാണ്. അതിനാല്‍ രാജ്‌കോട്ട് മുനിസിപ്പൽ കോർപ്പറേഷൻ അംഗമെന്ന നിലയിൽ ഇരുവരേയും അയോഗ്യനാക്കാൻ ഞാൻ ഉത്തരവിടുന്നു," ഉത്തരവിൽ പറയുന്നു.

അതേസമയം, ഈ വർഷം ഡിസംബറിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ രാജ്‌കോട്ട് റൂറൽ സീറ്റിലേക്ക് സഗതിയെ എ എ പി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുമുണ്ട്. ഈ വർഷം ജൂലൈ 12 ന് കോർപ്പറേഷന്‍ പ്രതിപക്ഷ നേതാവ് ഭാനുബെൻ സൊറാനി നൽകിയ പരാതിയിലാണ് രണ്ട് കോർപ്പറേറ്റർമാരെയും അയോഗ്യരാക്കിയത്.
vastu tips: നിങ്ങളുടെ വീട് വടക്കോട്ട് ദർശനമുള്ളതാണോ: എങ്കില്‍ ഇക്കാര്യങ്ങള്‍ ഉറപ്പായും ശ്രദ്ധിക്കുക

2021-ന്റെ തുടക്കത്തിൽ രാജ്കോട്ട് നഗരസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച നാല് കോൺഗ്രസ് സ്ഥാനാർത്ഥികളിലെ രണ്ടുപേരാണ് സഗതിയയും ഭാരായിയും. ഏപ്രിൽ 14-നായിരുന്നു ഇവർ എഎപിയില്‍ ചേർന്നത്. ഇരുവരേയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ 18ന് കോൺഗ്രസിന്റെ രാജ്‌കോട്ട് സിറ്റി യൂണിറ്റ് പ്രസിഡന്റ് പ്രദീപ് ത്രിവേദിയും രാജ്‌കോട്ട് മുനിസിപ്പൽ കമ്മീഷണർക്ക് കത്തയച്ചിരുന്നു.

കോൺഗ്രസ് ചിഹ്നത്തിൽ തിരഞ്ഞെടുക്കപ്പെട്ട രണ്ട് കോർപ്പറേറ്റർമാരെ അയോഗ്യരാക്കുന്നതിലൂടെ ഇന്ന് പാർട്ടിക്ക് നീതി ലഭിച്ചു. ഒരാൾക്ക് മറ്റ് പാർട്ടിയിൽ ചേരണമെങ്കിൽ ആദ്യം രാജിവച്ച് പുതിയ പാർട്ടിയുടെ ചിഹ്നത്തിൽ വീണ്ടും ജനവിധി തേടണം, ജനങ്ങൾ ഒരു പാർട്ടിക്കാണ് വോട്ട് ചെയ്യുന്നത്, സ്ഥാനാർത്ഥിക്കല്ല. ഈ സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നും ഗുജറാത്ത് പ്രദേശ് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി മഹേഷ് രാജ്പുത് ആവശ്യപ്പെട്ടു.












Click it and Unblock the Notifications