ടൈസൺ മാസ്റ്ററുടെ മണ്ഡലമാറ്റം പരീക്ഷണം, മലബാറിൽ ന്യൂനപക്ഷ വോട്ടുകൾ വെല്ലുവിളി-പത്തിലൊതുങ്ങി സിപിഐ പ്രതീക്ഷ
കയ്പമംഗലം എംഎൽഎയായ ഇ.ടി. ടൈസൺ മാസ്റ്ററെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ നേരിടാൻ പറവൂരിലയച്ചത് പരീക്ഷണമായിപ്പോയെന്ന് സിപിഐ വിലയിരുത്തൽ. മലബാർ മേഖലയിൽ ന്യൂനപക്ഷ വോട്ടുകൾ സമാഹരിക്കൽ വലിയ വെല്ലുവിളി സൃഷ്ടിച്ചെന്നും പാർട്ടി വിലയിരുത്തുന്നു. മന്ത്രിമാരുടെ ഭരണനേട്ടം തുണക്കുമെന്നാണ് കണക്കുകൂട്ടലുകളെങ്കിലും സിപഐയുടെ വിജയപ്രതീക്ഷ 10 സീറ്റായി ചുരുങ്ങിയിട്ടുണ്ട്. 25 സീറ്റുകളിലാണ് പാർട്ടി മത്സരിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 17 സീറ്റുകൾ നേടിയിരുന്നു. ഇക്കുറി ആ പ്രകടനം പാർട്ടി പ്രതീക്ഷിക്കുന്നില്ല.
വിജയ് വൈകീട്ട് 6 മണിക്ക് ശേഷം പ്രചാരണം നടത്തിയില്ല; പരക്കെ സംസാരം, പിതാവിന്റെ പ്രതികരണം
മന്ത്രി മണ്ഡലങ്ങളായ ഒല്ലൂർ (കെ. രാജൻ), ചേർത്തല (പി. പ്രസാദ്), ചടയമംഗലം (ജെ. ചിഞ്ചുറാണി), നെടുമങ്ങാട് (ജി.ആർ. അനിൽ) എന്നിവക്ക് പുറമേ പുനലൂർ, വൈക്കം, കയ്പമംഗലം, നാട്ടിക, കാഞ്ഞങ്ങാട്, പട്ടാമ്പി സീറ്റുകളിലാണ് സിപിഐ ഉറച്ച വിജയ പ്രതീക്ഷ പുലർത്തുന്നത്. സിപിഐ കൈകാര്യം ചെയ്യുന്ന റവന്യൂ, കൃഷി, മൃഗസംരക്ഷണം, ഭക്ഷ്യം തുടങ്ങിയ വകുപ്പുകളിലെ നേട്ടങ്ങൾ തുണയാകുമെന്നാണ് കണക്കുകൂട്ടൽ.

25ൽ അഞ്ച് മണ്ഡലങ്ങളിൽ കടുത്ത മത്സരമാണ് നേരിട്ടതെന്ന് പാർട്ടി വിലയിരുത്തുന്നു. ചിറയിൻകീഴ്, ചാത്തന്നൂർ, അടൂർ, പീരുമേട്, കൊടുങ്ങല്ലൂർ എന്നിവയാണിത്. മലപ്പുറം ജില്ലയിലെ ഏറനാട്, മഞ്ചേരി മണ്ഡലങ്ങളിൽ യുഡിഎഫിന്റെ മേൽക്കൈ മറികടക്കുക വലിയ കടമ്പയാണ്. കാഞ്ഞങ്ങാട്ട് വിജയപ്രതീക്ഷയുണ്ടെങ്കിലും എതിർസ്ഥാനാർഥി ശക്തമായ സാന്നിധ്യമറിയിച്ച നാദാപുരത്ത് സ്ഥിതി വ്യത്യസ്തമാണെന്നും വിലയിരുത്തലുണ്ട്.
സർക്കാറിന്റെ വികസന നയങ്ങളും ക്ഷേമ പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ വിജയിച്ചപ്പോൾ തന്നെ, സംഘടനാപരമായ ദൗർബല്യങ്ങൾ ചിലയിടങ്ങളിൽ വോട്ട് ചോർച്ചക്ക് കാരണമായി എന്നതും പാർട്ടി ഉൾക്കൊള്ളുന്നു. സിപിഐയുടെ സിറ്റിങ് സീറ്റായ വൈക്കത്ത് മുൻ എംഎൽഎ കെ. അജിത് മുന്നണി വിട്ടത് വെല്ലുവിളിയായെങ്കിലും പാർട്ടിക്ക് ശക്തമായ അടിത്തറയുള്ള ഇവിടെ അത് കാര്യമായ ചലനം സൃഷ്ടിച്ചില്ല. തെരഞ്ഞെടുപ്പ് സമയത്ത് വൈക്കം തലയാഴത്തെ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവവും വിജയത്തെ ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. സിപിഐയുടെ സിറ്റിങ് എംഎൽഎ സി.സി. മുകുന്ദൻ എൻഡിഎ സ്ഥാനാർഥിയായത് നാട്ടികയിൽ പാർട്ടിക്ക് ഞെട്ടലായെങ്കിലും ഇവിടെയും വിജയ പ്രതീക്ഷ കൈവിട്ടിട്ടില്ല.
ഓർമ്മയിൽ ലീഗിന്റെ ദുരന്ത വർഷമായ 2006
ഇത്തവണ വിജയം 10 സീറ്റിലൊതുങ്ങുമെന്ന സിപിഐയുടെ വിലയിരുത്തൽ ഓർമ്മിപ്പിക്കുന്നത് മുസ്ലിം ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങിയ 2006 ആണ്. പ്രമുഖ നേതാക്കളടക്കം തോറ്റ് ലീഗ് കോട്ടകൾ തകർന്ന തെരഞ്ഞെടുപ്പായിരുന്നു അത്. 1987 മുതൽ നാലു തവണ ചെർക്കളം അബ്ദുല്ലയോടൊപ്പം നിന്ന മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് ബിജെപിക്കും പിന്നിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ചെർക്കളം അബ്ദുല്ല (മഞ്ചേശ്വരം), പി.കെ കുഞ്ഞാലിക്കുട്ടി (കുറ്റിപ്പുറം), ഇ.ടി. മുഹമ്മദ് ബഷീർ (തിരൂർ), എം.കെ. മുനീർ (മങ്കട), പി. അബ്ദുൽ ഹമീദ് (പെരിന്തൽമണ്ണ), ടി.ടി. ഇസ്മായിൽ (മേപ്പയൂർ), കെ.എം. ഷാജി (ഇരവിപുരം), ഉമ്മർ പാണ്ടികശാല (ബേപ്പൂർ), മായിൻ ഹാജി (തിരുവമ്പാടി), ടി.പി.എം. സാഹിർ (കോഴിക്കോട് രണ്ട്) തുടങ്ങിയ പ്രമുഖരെല്ലാം തോറ്റു. പെരിങ്ങളം, നോർത്ത് വയനാട്, മണ്ണാർക്കാട്, ഗുരുവായൂർ മണ്ഡലങ്ങളിലും തോൽവിയായിരുന്നു ഫലം.
22 മണ്ഡലങ്ങളിൽ മത്സരിച്ചതിൽ ജയിച്ചത് എട്ടിടത്തുമാത്രമാണ്. 16 സീറ്റിൽ നിന്നായിരുന്നു വീഴ്ച. സി.ടി. അഹമ്മദലി (കാസർകോട്), യു.സി. രാമൻ (കുന്ദമംഗലം), കെ. മമ്മുണ്ണിഹാജി (കൊണ്ടോട്ടി), പി.കെ. അബ്ദുറബ്ബ് (മഞ്ചേരി), അഡ്വ. എം. ഉമ്മർ (മലപ്പുറം), കുട്ടി അഹമ്മദ്കുട്ടി (തിരൂരങ്ങാടി), അബ്ദുറഹ്മാൻ രണ്ടത്താണി (താനൂർ), ഇബ്രാഹിംകുഞ്ഞ് (മട്ടാഞ്ചേരി) എന്നിവർ മാത്രമാണ് ജയിച്ചത്.













Click it and Unblock the Notifications