ഡബിൾ ബെല്ലടിച്ച് 'പ്രിയദർശിനി'ക്ക് തുടക്കം; ഇനി സ്ത്രീകൾക്ക് സൗജന്യ യാത്ര, ഉദ്‌ഘാടനം ചെയ്‌ത് മുഖ്യമന്ത്രി
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിൽ ഒന്നായ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്‌സിനുമുള്ള സൗജന്യ യാത്ര പദ്ധതിയായ പ്രിയദർശിനിക്ക് തുടക്കമായി. രാവിലെ ഒമ്പത് മണിക്ക് തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്‌സിൽ മുഖ്യമന്ത്രി വിഡി സതീശൻ പ്രിയദർശിനി പദ്ധതി ഉദ്ഘാടനം ചെയ്‌തു. ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിലാണ് സൗജന്യ യാത്ര.
യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തി ഒരു മാസം തികയുന്നതിന് മുൻപേ വാഗ്‌ദാനം പാലിക്കാൻ കഴിഞ്ഞത് അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പറയുന്നു. സൗജന്യ യാത്ര സ്ത്രീകൾക്ക് നൽകുന്ന ഔദാര്യമല്ല. അതൊരു സാമൂഹിക സാമ്പത്തിക പ്രതിഫലനം ഉണ്ടാക്കുന്ന പദ്ധതിയാണെന്നും മുഖ്യമന്ത്രി വിഡി സതീശൻ കൂട്ടിച്ചേര്‍ത്തു. സ്ത്രീകൾക്ക് അഭിമാനത്തോടെ യാത്ര ചെയ്യാം, ഞങ്ങളുടെ സർക്കാരിന്റെ വണ്ടി എന്ന് സ്ത്രീകള്‍ക്ക് പറയാമെന്നും വിഡി സതീശൻ ഉദ്‌ഘാടന വേളയിൽ പറഞ്ഞു.

ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം വനിതകൾക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യ യാത്ര നടത്തിയിരുന്നു. കെഎസ്ആർടിസിയില്‍ പിഎസ്‍സി വഴി നിയമിച്ച ആദ്യ വനിതാ ഡ്രൈവറായ വിപി ഷീലയായിരുന്നു ഉദ്ഘാടന ബസ് യാത്രയിൽ വളയം പിടിച്ചത്. ഇതിന് പിന്നാലെ വിഡി സതീശൻ ഫേസ്‌ബുക്കിൽ പദ്ധതിയെ കുറിച്ച് ഒരു പോസ്‌റ്റും പങ്കുവച്ചു.
മുഖ്യമന്ത്രി വിഡി സതീശൻ പങ്കുവച്ച ഫേസ്‌ബുക്ക് പോസ്‌റ്റ്:
തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കാനായെന്ന സന്തോഷത്തോടെയാണ് ഈ ബസില്‍ യാത്ര തുടങ്ങുന്നത്. ഇത് വെറുമൊരു ബസ് യാത്രയല്ല, കേരളത്തിലെ സ്ത്രീകളുടെ ആത്മാഭിനം ഉയര്‍ത്തിപ്പിടിക്കുകയും അവരെ സ്വയംപര്യാപ്‌തതയിലേക്കും സാമ്പത്തിക സുരക്ഷിതത്വത്തിലേക്കും നയിക്കുന്നൊരു യാത്രയുടെ തുടക്കമാണ്. പുതുയുഗ കേരളത്തിലേക്കുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നിര്‍ണായക ചുവടുവെപ്പ് കൂടിയാണ് ഈ യാത്ര.
പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും. പ്രത്യേകിച്ചും ജോലി സംബന്ധമായി കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ടി വരുന്ന പതിനായിരക്കണക്കിന് സ്ത്രീകള്‍ക്ക്. ഇത്രയും നാള്‍ ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ. അത് ആ സ്ത്രീയുടെ ആത്മവിശ്വാസവും മനക്കരുത്തും വര്‍ധിപ്പിക്കും.
നല്‍കിയ വാക്കുകളൊക്കെ പാലിക്കുക തന്നെ ചെയ്യും. കാരണം അതൊക്കെ കേരളത്തിലെ ജനങ്ങളോടാണ് ഞങ്ങള്‍ പറഞ്ഞത്. സമൂഹത്തിലെ എല്ലാവരെയും ചേര്‍ത്ത് പിടിച്ച് മുന്നോട്ട് പോകുകയെന്നതാണ് പുതുയുഗ കേരളത്തിലേക്കുള്ള യാത്രയില്‍ ഈ സര്‍ക്കാരിന്റെ നയം.












Click it and Unblock the Notifications