'കിഫ്‌ബി വഴി ലഭിച്ച കരാറുകൾ സുതാര്യമായി, സൊസൈറ്റിയെ തളർത്തരുത്'; വിവാദങ്ങളിൽ പ്രതികരിച്ച് ഊരാളുങ്കൽ

കോഴിക്കോട്: കിഫ്‌ബി വഴി ലഭിച്ച കരാറുകളുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ഊരാളുങ്കൽ ലേബർ സൊസൈറ്റി. ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഊരാളുങ്കലിന്റെ പ്രതികരണം വന്നിരിക്കുന്നത്. കിഫ്ബിയുടെ കരാറുകൾ എല്ലാം തന്നെ ഓപ്പൺ ടെൻഡർ വഴി മാത്രമെ ഏറ്റെടുത്തിട്ടുള്ളു എന്നും കർശന ടെൻഡർ വ്യവസ്ഥകളെല്ലാം പാലിച്ച് തന്നെയാണ് നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളതെന്നും സൊസൈറ്റി അറിയിച്ചു.

വിജിലൻസ് അന്വേഷണ നീക്കം ഉൾപ്പെടെ ഇപ്പോൾ നടക്കുന്ന എതിർ പ്രചാരണങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഊരാളുങ്കൽ ആരോപിക്കുന്നത്. കുറഞ്ഞ തുക ക്വാട്ട് ചെയ്‌തും ഗുണമേന്മ ഉറപ്പാക്കി പണി പൂർത്തിയാക്കിയുമാണ് സൊസൈറ്റി മുന്നോട്ട് പോയിട്ടുള്ളതെന്നും അതുകൊണ്ട് മനപൂർവ്വം തകർക്കാനുള്ള ശ്രമങ്ങളിൽ നിന്ന് മാറി നിൽക്കണമെന്നുമാണ് പോസ്‌റ്റിൽ ആവശ്യപ്പെടുന്നത്.

ulccs

18000 കുടുംബങ്ങളുടെ അത്താണിയും നൂറു വർഷത്തെ കളങ്കരഹിതമായ പ്രവർത്തനപാരമ്പര്യം ഉള്ളതും സംസ്ഥാനത്തെ നാലാമത്തെ തൊഴിൽദാതാവുമാണ് സൊസൈറ്റിയെന്ന് ഊരാളുങ്കൽ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം തന്നെ ഇതുമായി ബന്ധപ്പെട്ട വിഷയം ചർച്ചയായതിന് പിന്നാലെയാണ് നേരിട്ട് പ്രതികരണവുമായി ഊരാളുങ്കൽ എത്തിയിരിക്കുന്നത്.

ഊരാളുങ്കൽ പങ്കുവച്ച ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം:

കിഫ്ബി വഴി 6000 കോടി രൂപയുടെ പദ്ധതികൾ ഊരാളുങ്കൽ സൊസൈറ്റിക്കു നൽകി എന്നും അതിലേക്കു വിജിലൻസ് അന്വേഷണം വ്യാപിപ്പിക്കുമെന്നും ഒരു പത്രത്തിൽ വന്ന വാർത്ത വന്നിരിക്കുന്നു. കിഫ്ബിയുടെ പ്രവൃത്തികൾ ഓപ്പൺ ടെൻഡർ വഴി മാത്രമേ സൊസൈറ്റിക്കു ലഭിച്ചിട്ടുള്ളൂ. കർക്കശ വ്യവസ്ഥകളുള്ള കിഫ്ബിയുടെ ടെൻഡർ നടപടികൾ കൃത്യമായി പാലിച്ചതുകൊണ്ടും ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്‌തതുകൊണ്ടുമാണ് സൊസൈറ്റിക്ക് പ്രവൃത്തികൾ ലഭിച്ചത്.

ഏറ്റെടുത്ത പ്രവൃത്തികൾ കിഫ്ബിയുടെ കർക്കശവ്യവസ്ഥകളും ഉയർന്ന ഗുണമേന്മയും പാലിച്ചുകൊണ്ടാണ് സൊസൈറ്റി നിർവ്വഹിച്ചിട്ടുള്ളത്. പ്രവൃത്തികളുമായി ബന്ധപ്പെട്ട ടെൻഡർ മുതലുള്ള മുഴുവൻ കാര്യങ്ങളും സുതാര്യമാണ്. ഇപ്പോഴത്തെ രാഷട്രീയാരോപണത്തിനു മുമ്പ് ഇന്നുവരെ ഈ പ്രവൃത്തികൾ സംബന്ധിച്ച് ഒരു ആരോപണവും ഉയർന്നിട്ടുമില്ല.

അതിനാൽ, ദുരൂഹത സൃഷ്‌ടിച്ചും വസ്‌തുതാവിരുദ്ധമായ കാര്യങ്ങൾ ഉന്നയിച്ചും ഊരാളുങ്കൽ സൊസൈറ്റിനെതിരെ വാർത്ത നൽകരുതെന്ന് മുഴുവൻ മാധ്യമങ്ങളോടും സവിനയം അഭ്യർത്ഥിക്കുന്നു. 18000 കുടുംബങ്ങളുടെ അത്താണിയും നൂറു വർഷത്തെ കളങ്കരഹിതമായ പ്രവർത്തനപാരമ്പര്യം ഉള്ളതും സംസ്ഥാനത്തെ നാലാമത്തെ തൊഴിൽദാതാവുമായ സൊസൈറ്റിയെ തളർത്തുന്ന നടപടികൾക്ക് സാമൂഹികോത്തരവാദിത്വമുള്ള ആരും മുതിരരുതെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma